ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആരാധകർക്ക് മുന്നിലെത്തിയ സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം 300 കോടിയിലധികം കളക്ഷനും നേടിയിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിവാദങ്ങളുമുണ്ടായി. തുടർന്ന് സിനിമയിൽ നിന്ന് 24 ഭാഗങ്ങൾ എഡിറ്റ് ചെയ്തുമാറ്റി. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ലൂസിഫറിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചും സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ.
'ഞങ്ങൾക്ക് അത്ഭുതകരമായ വിജയം നേടിതന്ന ചിത്രമാണ് എമ്പുരാൻ. തീർച്ചയായും ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാവും. സിനിമയിൽ കണ്ട കാഴ്‌ചകൾക്ക് പൂർണത വരണമെങ്കിൽ മൂന്നാം ഭാഗം കൂടിയേ തീരൂ. പ്രേക്ഷകർ അത് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിനുശേഷമാണ് അതുവരെ ചേർന്ന് പ്രവർത്തിച്ചവരുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളുണ്ടാവുന്നത്. സിനിമാജീവിതത്തിൽ ഏറ്റവുമധികം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോയ ദിവസങ്ങളായിരുന്നു അത്. സമാനതകളിലാത്ത വരവേൽപ്പാണ് പലയിടത്തും സിനിമയ്ക്കായി ഒരുക്കിയിരുന്നത്. റിലീസ് ഡേറ്റ് മാറ്റി അവരെ നിരാശപ്പെടുത്താൻ കഴിയില്ലായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ആ ദിവസം മാറിപ്പോയാൽ പിന്നീട് അങ്ങനെയൊരു അവസരം ലഭിക്കണമെന്നുമില്ല. പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും വലിയ വെല്ലുവിളികൾ നേരിട്ടു എന്നതും മറച്ചുവയ്ക്കുന്നില്ല. എന്നാൽ ഞങ്ങൾ ഒറ്റക്കെട്ടായി പ്രതിസന്ധികളെ മറികടന്നു'- ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
2019ൽ പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്ത എമ്പുരാൻ കഴിഞ്ഞ മാർച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്. മോഹൻലാൽ നായകനായ ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ളിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മുരളി ഗോപിയാണ് രചന നിർവഹിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയായിരുന്നു എമ്പുരാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |