ബാഴ്സലോണ വിടുന്നത് സൗമ്യനും ശക്തനുമായ പോരാളി
കളിക്കളത്തിൽ അനാവശ്യ ബഹളങ്ങളില്ല,എതിർ താരങ്ങളുമായി കലഹങ്ങളില്ല. പക്ഷേ പ്രതിരോധത്തിൽ പിഴവുകളില്ലാത്ത ചുവടുകളും മുന്നേറ്റത്തിൽ ചടുലമായ നീക്കങ്ങളുമായി 18 വർഷം സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്‌സലോണയുടെ നട്ടെല്ലായി മാറിയ താരമാണ് ഇപ്പോൾ ക്ളബ് വിടാനൊരുങ്ങുന്ന സെർജിയോ ബുസ്‌ക്വെറ്റ്‌സ്.തങ്ങളുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ബുസ്‌ക്വെറ്റ്‌സുമായി വേർപിരിയുന്ന കാര്യം ബാഴ്സ ഒൗദ്യോഗികമായി അറിയിച്ചെങ്കിലുംപുതിയ ലാവണത്തെക്കുറിച്ച് പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.
മെസിയും സാവിയും ഇനിയെസ്റ്റെയും പുയോളും സുവാരേസുമൊക്കെ അരങ്ങ് വാണിരുന്ന ബാഴ്‌സയുടെ സുവർണകാലഘട്ടത്തിലെ ടീമിലെ അവസാന കണ്ണിയാണ് ബുസി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബുസ്‌ക്വെറ്റ്‌സ്. ബാഴ്സയുടെ കുപ്പായത്തിൽ 718 മത്സരങ്ങൾ കളിച്ചിട്ടുള്ള ഡിഫൻസീവ് മിഡ് ഫീൽഡറായ ബുസ്ക്വെറ്റ്സ് 19 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്സയ്ക്കൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ഫിഫ ലോകകപ്പുകളും എട്ട് ലാ ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. ഏഴ് കോപ്പ ഡെൽറേ ട്രോഫികളും ഏഴ് സ്പാനിഷ് കപ്പുകളുംകൂടി പട്ടികയിലുണ്ട്.
2005-ലാണ് ബുസ്ക്വെറ്റ്സ് ആദ്യമായി ബാഴ്‌സയുടെ കുപ്പായമണിഞ്ഞത്. ജൂനിയർ ടീമിൽ കളിച്ച ബുസ്‌ക്വെറ്റ്‌സ് 2007-2008 സീസണിൽ ബാഴ്‌സലോണ ബി ടീമിൽ കളിച്ചു. 2008 മുതൽ സീനിയർ ടീമിലെ സ്ഥിരം സാന്നിധ്യമായി. 15 വർഷം സീനിയർ ടീമിനായി പന്തുതട്ടി.
പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങുന്ന ബുസ്‌ക്വെറ്റ്‌സ് ഇനി സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് സൂചനകൾ. ബുസ്‌ക്വെറ്റ്‌സിനെ സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്‌റും അൽ ഹിലാലും അൽ-ഇത്തിഹാദുമെല്ലാം പിന്നാലെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |