പാലക്കാട്: ഏറെ തിരക്കേറിയ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സെക്യൂരിറ്റി കാബിൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷം. ജീവനക്കാർക്കും രോഗികൾക്കും സംരക്ഷണമൊരുക്കുന്നതിന് നിർമ്മിച്ച സെക്യൂരിറ്റി കാബിനാണ് ആർക്കും ഉപകാരമില്ലാതെ കിടക്കുന്നത്. പ്രായം കൂടിയെന്ന കാരണം പറഞ്ഞ് അന്നുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ട ശേഷം അഭിമുഖം നടത്തി രണ്ടുപേരെ നിയമിച്ചെങ്കിലും ശമ്പളം തികയുന്നില്ലെന്ന കാരണം പറഞ്ഞ് ഇരുവരും ജോലി അവസാനിപ്പിച്ചു.
ആറ് ഡോക്ടർമാർ, 18 നഴ്സുമാർ, ഏഴ് ഇതര ജീവനക്കാരുമാണ് ആശുപത്രിയിലുള്ളത്. പല ദിവസങ്ങളിലും വനിതാ ജീവനക്കാരാകും രാത്രി ഡ്യൂട്ടിയിലുണ്ടാവുക. കഴിഞ്ഞ ദിവസം മാനസിക നില തെറ്റിയ ഒരാൾ ചികിത്സ നൽകണമെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ടെത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് നഴ്സ് പറഞ്ഞതോടെ ഇയാൾ ബഹളം വെച്ചു. തുടർന്ന് ആശുപത്രി അധികൃതർ അഗളി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പക്ഷേ പൊലീസ് എത്തുന്നതിന് മുമ്പ് ഇയാളെ കാണാതായി. പിന്നീട് രാവിലെ ഡോക്ടറുടെ വിശ്രമ മുറിയുടെ സമീപം ഇയാൾ കിടന്നുറങ്ങുന്നതാണ് കണ്ടത്.
ആരെയും നിയമിച്ചില്ല
ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് സാമൂഹികാരോഗ്യ കേന്ദ്രം. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയിൽ മൂന്ന് സുരക്ഷാ ജീവനക്കാർ വേണ്ടിടത്ത് ഒരാളെ നിയമിക്കാൻ എട്ടുമാസം മുമ്പ് അഭിമുഖം നടത്തിയെങ്കിലും ആരെയും നിയമിച്ചില്ല.
യോഗ്യതയില്ലെന്ന്
സുരക്ഷാ ജീവനക്കാരില്ലാത്ത കാര്യം ബ്ലോക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നു. ആവശ്യമായ യോഗ്യതയുള്ളവർ അഭിമുഖത്തിൽ പങ്കെടുത്തില്ലെന്നാണ് ബ്ലോക്ക് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |