ന്യൂഡൽഹി: സുപ്രീംകോടതിയിൽ നിലവിലുള്ള ജഡ്‌ജിമാരിൽ ഏറ്റവുമധികം വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് എം.ആർ.ഷാ ഇന്ന് വിരമിക്കും. നാലര വർഷത്തിനിടെ 712 വിധികളിൽ ഷായുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. 2022 ജൂലായ് 11ന് ഒറ്റദിവസം 20 വിധികൾ പുറപ്പെടുവിച്ചും ശ്രദ്ധേയനായിട്ടുണ്ട്. 2018 നവംബർ രണ്ടിനാണ് സുപ്രീംകോടതി ജഡ്‌ജിയായത്.
ദീർഘമായ വിധികൾക്ക് പകരം കാച്ചിക്കുറുക്കി ചുരുങ്ങിയ പേജുകളിൽ ഒതുങ്ങുന്ന വിധിന്യായങ്ങളാണ് ഷായുടെ പ്രത്യേകത. സഹകരണ വായ്‌പാസംഘങ്ങളെ ബാങ്കുകളായി കാണരുതെന്നും അവ ആദായനികുതി പരിധിയിൽ വരില്ലെന്നുമുള്ള സുപ്രധാന ഉത്തരവ് നാല് പേജ് മാത്രമുള്ളതായിരുന്നു. എട്ട് ഭരണഘടനാ ബെഞ്ചുകളിൽ ഷാ അംഗമായിരുന്നു.
മഹാരാഷ്ട്രയിലെ ശിവസേന തർക്കത്തിലും, ഡൽഹിയിലെ ആംആദ്മി സർക്കാർ- ലെഫ്‌റ്റനന്റ് ഗവർണർ തർക്കത്തിലും വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലും അംഗമായിരുന്നു.
നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാൻ അനുമതി തേടി കേരള സർക്കാരുൾപ്പെടെ സമർപ്പിച്ച അപ്പീലുകൾ തള്ളിയത് ഷാ ഉൾപ്പെട്ട ബെഞ്ചായിരുന്നു.
ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നിയമബിരുദമെടുത്ത ജസ്റ്റിസ് ഷാ, ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയായും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശിയാണ്. അതേസമയം, 2021 ഫെബ്രുവരിയിൽ ഗുജറാത്ത് ഹൈക്കോടതിയിലെ ഒരു ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷാ പ്രകീർത്തിച്ചത് വിവാദമായിരുന്നു. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ശേഷം 2018 ആഗസ്റ്റിൽ പ്രധാനമന്ത്രിയെ ഹീറോയെന്ന് വിളിച്ചതും വിവാദത്തിൽപെട്ടിരുന്നു.
ശ്രദ്ധേയമായ വിധികൾ
രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്‌ജിയുടെ അടക്കം ഗുജറാത്തിലെ 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്രം സ്റ്റേ ചെയ്തു
കൊവിഡ് കാലത്ത് ഓക്‌സിജൻ ക്ഷാമം കാരണം ഒട്ടേറെപ്പേർ മരിക്കാനിടയായ വിഷയത്തിൽ ഇടപെട്ട് നിർദ്ദേശങ്ങൾ പുറത്തിറക്കി
കൊവിഡ് കാരണം പ്രഖ്യാപിച്ച മൊറട്ടോറിയം കാലത്തെ കൂട്ടുപലിശയോ പിഴപ്പലിശയോ ഈടാക്കരുതെന്ന് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി
പ്രതിരോധ സേനകളിൽ വനിതകളോട് വിവേചനം പാടില്ലെന്ന വിധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |