ന്യൂഡൽഹി : ജുഡിഷ്യറിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയും നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സുപ്രീംകോടതി. ഭരണഘടനയാണ് എല്ലാത്തിനും മുകളിലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി.വി. സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ജുഡിഷ്യൽ റിവ്യൂ എന്നത് ഭരണഘടന ജുഡിഷ്യറിക്ക് നൽകിയിട്ടുള്ള ചുമതലയാണ്. ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് നിന്നാണ് പ്രവർത്തിക്കുന്നതെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിഷികാന്ത് ദുബെയ്‌ക്കെതിരെ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആഞ്ഞടിച്ചിരുന്നു. ജഡ്‌ജിമാർ സൂപ്പർ പാർലമെന്റ് ചമയുകയാണെന്ന് ആരോപിച്ചിരുന്നു.
നിഷികാന്ത് ദുബെയ്‌ക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് സുപ്രീംകോടതി വിസമ്മതിച്ചു. രാജ്യത്തെ കലാപങ്ങൾക്ക് കാരണം സഞ്ജീവ് ഖന്നയാണ്, സുപ്രീംകോടതി അരാജകത്വം സൃഷ്‌ടിക്കുന്നു തുടങ്ങിയ പരാമർശങ്ങളാണ് ബി.ജെ.പി എം.പിയുടെ ഭാഗത്തു നിന്നുണ്ടായത്. ദുബെയുടെ പരാമർശങ്ങൾ നിരുത്തരവാദപരമാണെന്ന് കോടതി നിരീക്ഷിച്ചു. കോടതികൾ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന അറിവില്ലാത്തതാണ് കാരണമാണ് ഇത്തരം പ്രസ്‌താവനകൾ ഉണ്ടാകുന്നതെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |