□രൂപമാറ്റം വരുത്തിയതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും ഹൈക്കോടതി
കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി മൾട്ടി കളർ എൽ.ഇ.ഡി, ലേസർ, നിയോൺ ലൈറ്റുകൾ, ഫ്ളാഷുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഓരോ നിയമ ലംഘനത്തിനും 5,000 രൂപ പിഴ ചുമത്തണമെന്നു ഹൈക്കോടതി. മോട്ടോർ വാഹന നിയമ പ്രകാരമുള്ള ശിക്ഷാ നടപടികൾക്കു പുറമേയാണ് പിഴ. നിയമവിരുദ്ധമായി രൂപ മാറ്റം വരുത്തിയ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ ഉത്തരവിൽ പറയുന്നു.
റോഡ് സുരക്ഷാനിയമങ്ങൾ കർശനമായി പാലിക്കണമെന്ന ഉത്തരവു നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ആൾ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എ. അനൂപ്, സെക്രട്ടറി സുബിൻ പോൾ എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ്
ഉത്തരവ്. റോഡ് സുരക്ഷാ നിയമം, മോട്ടോർ വാഹന നിയമം, 2017 ലെ മോട്ടോർ വാഹന (ഡ്രൈവിംഗ്) റെഗുലേഷൻസ് എന്നിവ കർശനമായി നടപ്പാക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുഖേന നടപടിയെടുക്കാനാണ് സർക്കാരിനോടും സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണറോടും ഹൈക്കോടതി 2019 ജൂലായ് 29 ന് ഉത്തരവിട്ടത്. ചരക്കു വാഹനങ്ങളുടെ അമിതഭാരം, അമിത വേഗം, ലഹരിയുപയോഗിച്ചുള്ള ഡ്രൈവിംഗ്, ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം തുടങ്ങിയവ തടയണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇവയൊന്നും പാലിക്കുന്നില്ലെന്നാണ് കോടതിയലക്ഷ്യ ഹർജിയിലെ ആരോപണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ചരക്കു വാഹനങ്ങൾ, അമിതഭാരം കയറ്റിയ വാഹനങ്ങൾ, അമിതഭാരം കയറ്റിയെന്ന കുറ്റം ആവർത്തിക്കുന്ന ചരക്കു വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കാനോ സസ്പെൻഡു ചെയ്യാനോ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |