തിരുവനന്തപുരം: കേരള സര്‍വകലാശാല സമരത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ഉള്‍പ്പെടെയുള്ള 27 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐയുടെ സമരത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു, പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സിറ്റി പൊലിസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ പൊലീസിന് മേല്‍വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. പ്രതികളിള്‍ ഒരാളായ വനിത പ്രവര്‍ത്തകയെ നോട്ടീസ് നല്‍കി വിട്ടയക്കും.
കേരള സര്‍വകലാശാല ക്യാമ്പസിനുള്ളിലാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം അരങ്ങേറിയത്. പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനം വളഞ്ഞു. പൊലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടന്നത്.
സര്‍വകലാശാലയുടെ കെട്ടിടത്തിന്റെ ജനലുകള്‍ വഴി ചിലര്‍ ഉള്ളില്‍ കടന്ന് വാതിലുകള്‍ തുറന്നു. മറ്റുള്ളവരെ ഇതുവഴിയാണ് അകത്തേക്ക് കടത്തിവിട്ടത്. ക്യാമ്പസിനുള്ളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്കാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |