അന്റാർട്ടിക്ക: ലോകമാകെ ഇപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കുന്നുണ്ട്. നാം വേനലിൽ കഠിനമായ ഉഷ്‌ണ തരംഗത്തിൽ പെട്ടിരിക്കുന്നതും ഇതേ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലമാണ്. എന്നാൽ ഇതുവരെയുള്ളതൊന്നുമല്ല ഇതിലും വലിയ പ്രശ്‌നങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ് ചില പഠനങ്ങൾ നൽകുന്നുണ്ട്.
കാലാവസ്ഥാ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ അന്റാർട്ടിക്കയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം അന്റാർട്ടിക്കയ്‌ക്ക് ചുറ്റുമുള്ള ദക്ഷിണ മഹാസമുദ്രത്തിൽ അടിയിലെ മണ്ണ് ഇടിയുന്നതായി കണ്ടെത്തി. ഇത് വമ്പൻ സുനാമികൾക്ക് വഴിവച്ചേക്കുമെന്നാണ് സൂചന. അന്റാർട്ടിക്കയിൽ കടൽതീരത്തിന് ചുവട്ടിൽ ഗവേഷകർ തുളച്ച് നടത്തിയ പരിശോധനയിൽ ഏതാണ്ട് മൂന്ന് മുതൽ 15 മില്യൺ വർഷം മുൻപുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിൽ ഇത്തരത്തിൽ അയഞ്ഞ ഭൂപാളികൾ രൂപപ്പെടുകയും അത് ദക്ഷിണ അമേരിക്ക, ന്യൂസിലാന്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഭീമാകാരൻ സുനാമികൾക്ക് ഇടയാക്കിയെന്നുമാണ് വിവരം.
നേച്ചർ കമ്മ്യുണിക്കേഷൻസ് എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിൽ മേയ് 18ന് പ്രസിദ്ധീകരിച്ച പഠനത്തിൽ കാലാവസ്ഥാ വ്യതിയാന ഫലമായി സമുദ്രത്തിന് ചൂട് കൂടിയതായി പറയുന്നു. ഇതുമൂലം മൂന്ന് മുതൽ 15 മില്യൺ വർഷം മുൻപുണ്ടായതരം സുനാമികൾ ഇനിയും ഉണ്ടാകാം. ഇത്തരം സുനാമികൾ വലിയ വിപത്താണെന്നും വലിയ ജീവനാശത്തിന് കാരണമാകുമെന്നും ബ്രിട്ടണിലെ പ്ളൈമൗത്ത് സർവകലാശാലയിലെ ഗവേഷക ജെന്നി ജൈൽസ് പറയുന്നു.
സമുദ്രം ചൂടുപിടിച്ചപ്പോൾ ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് അന്റാർട്ടിക്കയിൽ ശക്തമായ സുനാമിയുണ്ടായി.ഇപ്പോൾ ചൂടുപിടിക്കുന്നതോടെ ഹിമാനികൾ ഉരുകി വീഴുകയാണ്. ഈ പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും ആഗോളതാപനം തന്നെയാണ് ഇതിനെല്ലാം വഴിവച്ചതെന്നാണ് സൂചന. ഹിമപാളികൾ ചുരുങ്ങുമ്പോൾ ഭൗമപാളികൾ മുകളിലേക്ക് ഉയർന്നുവന്നുതുടങ്ങി. ഇത് മണ്ണിടിച്ചിലിന് കാരണമാകുന്ന ഭൂകമ്പത്തിലേക്കും അതുവഴി വൻ സുനാമിയിലേക്കും നയിക്കുമെന്നാണ് ലൈവ് സയൻസ് എന്ന പ്രസിദ്ദീകരണത്തിൽ പറയുന്നത്.
സുനാമിയുടെ തോത് എത്രയാകുമെന്ന് ഗവേഷകർക്ക് കണക്കുകൂട്ടാൻ സാധിക്കില്ലെങ്കിലും ഏത്‌തരം സുനാമിയും വിനാശകാരിയാകുമെന്നതിനാൽ ഈ പഠനം അതീവ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |