തിരുവനന്തപുരം:ബഹിരാകാശ നിലയത്തിൽ രണ്ടാഴ്ചക്കാലത്തെ അതിജീവനം നാളെ പൂർത്തിയാകുന്നതോടെ ഇന്ത്യൻ ഗഗനചാരി ശുഭാംശു ശുക്ളയുടെ മടക്കയാത്രയ്ക്ക് ഒരുക്കം തുടങ്ങി. സമയവും യാത്രാ പദ്ധതിയും ആക്സിയം കമ്പനിയും നാസയും പുറത്തുവിട്ടിട്ടില്ല.കാലാവസ്ഥയടക്കമുള്ള സാഹചര്യങ്ങൾ കണക്കിലെടുത്തായിരിക്കുമിത്. ജൂൺ 26ന് ഫാൽക്കൺ-9 റോക്കറ്റിൽ ഘടിപ്പിച്ച ഡ്രാഗൺ പേടകത്തിലാണ് ബഹിരാകാശ നിലയത്തിലെത്തിയത്. ഐ.എസ്.എസിൽ ഡോക്ക് ചെയ്തിരിക്കുന്ന ഡ്രാഗൺ പേടകം അൺ ഡോക്ക് ചെയ്ത് അതിലായിരിക്കും മടക്കയാത്ര. അത് കടലിൽ പതിക്കും.
ശുഭാംശു ഞായറാഴ്ച ഐ.എസ്.ആർ.ഒ.ചെയർമാൻ ഡോ.വി.നാരായണനുമായും വി.എസ്.എസ്.സി.ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻനായരുമായും ആശയവിനിമയം നടത്തി .
ഡോ. നാരായണൻ സുഖവിവരങ്ങൾ ആരാഞ്ഞു. പരീക്ഷണവിവരങ്ങളും നിലയത്തിലെ മറ്റ് പ്രവർത്തനങ്ങളും സുക്ഷ്മമായി രേഖപ്പെടുത്തിവെക്കേണ്ടതിന്റെ പ്രാധാന്യം ചെയർമാൻ
ഓർമ്മിപ്പിച്ചു. ശുഭാംശു പരീക്ഷണങ്ങളുടെ പുരോഗതിയും നേരിടുന്ന വെല്ലുവിളികളും പങ്കുവെച്ചു. ബഹിരാകാശ നിലയവാസികൾക്കൊപ്പം ജോലി ചെയ്യുന്നത് മികച്ച അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
ആക്സിയം 4 സംഘത്തിന്റെ ബഹിരാകാശ പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. ഗുരുത്വബലം കുറഞ്ഞയിടത്ത് ആൽഗകളുടെ വളർച്ച, ടാർഡിഗ്രേഡുകളുടെ ബഹിരാകാശ അതിജീവനം തുടങ്ങിയ പരീക്ഷണങ്ങളിൽ ടാർഡിഗ്രേഡ് പരീക്ഷണം പൂർണമായെന്നും ശുഭാംശു അറിയിച്ചു. ഇത് ഗഗൻയാൻ ദൗത്യത്തിന് നിർണായകമാകും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യയുടെ പ്രതിനിധിയാകാൻ അവസരം ലഭിച്ചതിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശുഭാംശു നന്ദിപറഞ്ഞതായി ഐ.എസ്.ആർ.ഒ അറിയിച്ചു.ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടർ എം.മോഹനൻ,ഇനർഷ്യൽ സിസ്റ്റം യൂണിറ്റ് (ഐഐഎസ്യു) ഡയറക്ടർ ഇ.എസ്.പദ്മകുമാർ,എൽപിഎസ്സി മുൻഡയറക്ടർ എൻ.വേദാചലം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
#പുതിയ റെക്കോഡ്,
നാളെ പതിനാലാം നാൾ
കഴിഞ്ഞ വ്യാഴാഴ്ചയോടെ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം പിന്നിട്ട ഇന്ത്യക്കാരൻ എന്ന റെക്കോഡ് ശുഭാംശു ശുക്ള സ്വന്തമാക്കി. 7 ദിവസം, 21 മണിക്കൂർ, 40 മിനിറ്റ് എന്ന രാകേഷ് ശർമയുടെ റെക്കോഡാണ് മറികടന്നത്. ജൂൺ 26ന് ബഹിരാകാശപേടകത്തിലെത്തിയ ശുഭാംശു നാളെ 14ദിവസം തികയ്ക്കും.
ജൂലായ് മൂന്നു വരെയുള്ള കാലയളവിൽ ആക്സിയം 4 ദൗത്യസംഘം ഭൂമിക്കു ചുറ്റും 113 ഭ്രമണങ്ങൾ പൂർത്തിയാക്കി. 46.6ലക്ഷം കിലോമീറ്ററാണ് സഞ്ചരിച്ചത്.ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 12 മടങ്ങാണ് ഈദൂരം.
#ശുഭാംശു ഇന്ന് കേരളത്തിന്
മുകളിൽ; നിലയം കാണാം
ശുഭാംശു ശുക്ലയുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കേരളത്തിന് മുകളിലൂടെ രണ്ടുവട്ടം കടന്നുപോകും.ബുധൻ പുലർച്ചെ 5.51ന് വടക്ക് പടിഞ്ഞാറുവഴി എത്തി തെക്ക് കിഴക്കായി 5.57ന് മറയും. വൈകിട്ട് 7.07ന് പടിഞ്ഞാറ് വഴി വീണ്ടുമെത്തി വടക്ക് കിഴക്കായി മറയും. ശ്രദ്ധിച്ചാൽ, നേരിട്ട് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |