SignIn
Kerala Kaumudi Online
Saturday, 20 April 2024 12.37 AM IST

കൈക്കൂലിക്കാർ സർവീസിലുണ്ടാകരുത്

photo

സംസ്ഥാന സർക്കാർ സർവീസിൽ അർബുദം പോലെ പടർന്നിരിക്കുന്ന അഴിമതിയുടെ വ്യാപ്തി ബോദ്ധ്യപ്പെടുത്താൻ പാലക്കാട്ടെ ഒരു വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് വേണ്ടിവന്നു എന്നത് വിചിത്രമായി തോന്നാം. ഒരുകോടിയിലധികം രൂപ കറൻസിയായിത്തന്നെ തന്റെ വാടകമുറിയിൽ സൂക്ഷിച്ച് നിർവൃതികൊണ്ടിരുന്ന വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌‌കുമാർ സർക്കാരിന്റെ അഴിമതിവിരുദ്ധ യത്നങ്ങളുടെ പൊള്ളത്തരമാണ് തുറന്നുകാണിച്ചത്. സർക്കാർ സർവീസിൽ അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തവരും ധാരാളമുണ്ടെന്ന് ഭരണത്തലവനായ മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ എന്തുകൊണ്ട് സിവിൽ സർവീസിനെ ഗ്രസിച്ച ദുർഭൂതത്തെ തളയ്ക്കാനാവുന്നില്ലെന്ന ചോദ്യവും ഉയരും.

വല്ലപ്പോഴുമൊരിക്കൽ വിജിലൻസ് റെയ്‌ഡ് നടത്തി ഏതാനും കൈക്കൂലിക്കാരെ പിടിച്ചതുകൊണ്ട് കാര്യങ്ങൾ നേരെയാവുമെന്നു പറയാനാവില്ല. കൈക്കൂലി ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമാക്കിയവർ വല്ലപ്പോഴും വിജിലൻസിന്റെ പിടിയിലാകുന്നതുതന്നെ മുൻകൂർ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വലവിരിക്കുമ്പോഴാണ്. ഇങ്ങനെ പിടിക്കപ്പെടുന്നവർ നിയമത്തിന്റെ പഴുതുകൾ പ്രയോജനപ്പെടുത്തി രക്ഷപ്പെടുന്നതും അപൂർവമല്ല. ജനങ്ങളുമായി ഏറ്റവുമടുത്ത് ഇടപെടുന്ന വകുപ്പുകളിലാണ് അഴിമതി ഏറ്റവുമധികം നടക്കാറുള്ളത്. റവന്യൂ, തദ്ദേശഭരണം, മോട്ടോർ വാഹനം തുടങ്ങിയവ ഇക്കൂട്ടത്തിൽ കുപ്രസിദ്ധി നേടിക്കഴിഞ്ഞവയാണ്. പൊതുജനങ്ങളെ വട്ടംചുറ്റിക്കുന്ന ഒട്ടേറെ നടപടിക്രമങ്ങളാണ് അഴിമതിക്കു വളമാകുന്നത്. അതിനാൽ റവന്യൂവിലും തദ്ദേശസ്ഥാപനങ്ങളിലും അഴിമതിക്കാരെ നിയന്ത്രിക്കണമെങ്കിൽ കാലഹരണപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും മാറ്റേണ്ടിവരും. അത്തരമൊരു ധീരമായ നടപടിക്ക് സർക്കാർ മുതിരുമോ എന്നാണ് അറിയേണ്ടത്. നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്കുവേണ്ടി നിർമ്മിക്കപ്പെട്ടവയാണ്. കാലത്തിനു നിരക്കാത്ത എത്രയോ നിയമങ്ങൾ ഇതിനകം റദ്ദാക്കപ്പെട്ടിരിക്കുന്നു. അതുപോലെ പരിഷ്കരിക്കേണ്ട ഒട്ടനവധി ചട്ടങ്ങളും നിയമത്തിന്റെ ഭാഗമായി തുടരുന്നുണ്ട്.

തൊട്ടതിനെല്ലാം കൈക്കൂലി സേവനത്തിന്റെ ഭാഗമായിക്കഴിഞ്ഞ റവന്യൂ ഓഫീസുകളുടെ ശുദ്ധീകരണം അത്ര എളുപ്പമല്ല. ഇപ്പോൾ പിന്തുടരുന്ന രീതികളിൽ മാറ്റം വരാതെ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സേവനം അവിടങ്ങളിൽനിന്നു ലഭിക്കാനും പ്രയാസമാണ്. ഓരോ സേവനത്തിനും എത്ര ദിവസങ്ങൾ വേണ്ടിവരുമെന്ന് രേഖപ്പെടുത്തിയ ബോർഡ് വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നത് ശരിയാണ്. സേവനത്തിന് കൈക്കൂലി നല്‌‌കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്ന ബോർഡും ഒപ്പം തന്നെയുണ്ടാകും. വിചിത്രമായ കാര്യം ഒരു സേവനവും ബോർഡിൽ രേഖപ്പെടുത്തിയ കാലാവധിയിൽ ലഭിക്കാറില്ലെന്നതാണ്. ഇതിന് അപവാദങ്ങളില്ലെന്നില്ല. ജനങ്ങളോട് അങ്ങേയറ്റം സൗഹൃദം പുലർത്തുന്ന, വേഗത്തിൽ കാര്യങ്ങൾ നടത്തിക്കൊടുക്കുന്ന ശുഷ്‌കാന്തിയുള്ള ജീവനക്കാരുള്ള ഓഫീസുകളുണ്ട്. അവ എണ്ണത്തിൽ കുറവാണെന്നു മാത്രം.

കേരളം സമ്പൂർണ ഇ - ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു അതുമായി ബന്ധപ്പെട്ട ചടങ്ങ്. സർക്കാർ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. ഇ - ഗവേണൻസിലൂടെ സർക്കാർ ഓഫീസുകളിലെ ഫയൽനീക്കം വേഗത്തിലാക്കാൻ കഴിയും. സെക്രട്ടേറിയറ്റിലും മറ്റു പ്രധാന ഓഫീസുകളിലും നടപ്പാക്കിയ ഈ സംവിധാനം താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ബന്ധപ്പെട്ട ഓഫീസ് സന്ദർശിക്കാതെ തന്നെ അപേക്ഷകർക്ക് വിവരമറിയാൻ കഴിയുമെന്നതാണ് സംവിധാനത്തിന്റെ മെച്ചം. എന്നാൽ ഇ - ഓഫീസ് സംവിധാനം നടപ്പായ ഇ‌ടങ്ങളിലും ഫയൽനീക്കം വേഗത്തിലല്ല എന്നതിന്റെ തെളിവാണ് ഇടയ്ക്കിടെ വേണ്ടിവരുന്ന ഫയൽ അദാലത്തുകൾ. തടസങ്ങളില്ലാതെയും കൃത്യതയോടും കൂടി പ്രവർത്തിച്ചാൽ മാത്രമേ ഇതിൽനിന്നു ഉദ്ദേശിച്ചഫലം ലഭിക്കൂ. ഇവിടെയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ ആശ്രയിച്ചാകും സേവന ലഭ്യത.

ഒരു ഓഫീസിലെ ജീവനക്കാരിലൊരാൾ വഴിവിട്ട നടപടികൾക്കു മുതിർന്നാൽ അയാളെ തിരുത്താൻ കൂടെയുള്ളവർക്കു സാധിക്കണമെന്നാണ് മുഖ്യമന്ത്രി മുനിസിപ്പൽ സ്റ്റാഫ് യൂണിയന്റെ സമ്മേളനത്തിൽ പറഞ്ഞത്. പാലക്കാട്ടെ വില്ലേജ് ഓഫീസ് അസിസ്റ്റന്റിന്റെ കൈക്കൂലി ഭ്രാന്ത് സഹപ്രവർത്തകരിലാരും അറിഞ്ഞില്ലെന്നു പറയുന്നതും ശരിയാകണമെന്നില്ലെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഇത്തരം കാര്യങ്ങൾ എല്ലാവരും അറിഞ്ഞുതന്നെയാണ് നടക്കുന്നത്. സബ് രജിസ്ട്രാർ ഓഫീസുകളിൽ പ്രവൃത്തിസമയം കഴിഞ്ഞു ജീവനക്കാർക്കിടയിൽ നടക്കാറുള്ള വീതംവയ്‌പ് ആർക്കാണറിയാത്തത്.

കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടാലും പണവും സ്വാധീനവും സംഘടനാശേഷിയും ഉപയോഗിച്ച് പോറൽ പോലുമേല്‌ക്കാതെ സർവീസിൽ തുടരാനുള്ള സാഹചര്യമുള്ളതാണ് കൈക്കൂലി വന്മരം പോലെ വളരുന്നതിന്റെ കാരണങ്ങളിലൊന്ന്. കുറ്റം ചെയ്തെന്നു തെളിയുകയും കോടതി ശിക്ഷിക്കുകയും ചെയ്ത ജീവനക്കാരനെപ്പോലും സർവീസിൽനിന്നു നീക്കം ചെയ്യണമെങ്കിൽ കടമ്പകൾ അനവധിയുണ്ട്. വേണ്ടത്ര തെളിവുസഹിതം പിടികൂടുന്ന കേസുകളിലെങ്കിലും ഹ്രസ്വവിചാരണ നടത്തി പിരിച്ചുവിടാൻ പാകത്തിൽ നിയമ ഭേദഗതി കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണം. സമീപകാലത്ത് വിജിലൻസ് സംസ്ഥാന വ്യാപകമായി ഒട്ടേറെ സർക്കാർ ഓഫീസുകളിൽ നടത്തിയ റെയ്‌ഡുകളിൽ കണ്ടെത്തിയ ക്രമക്കേടുകൾ ഇത്തരമൊരു നിയമഭേദഗതിയുടെ ആവശ്യം വ്യക്തമാക്കുന്നു.

കൈക്കൂലിക്ക് പിടിയിലാകുന്ന ഉദ്യോഗസ്ഥനെ മൂന്നുമാസംകൊണ്ട് വകുപ്പുതല അന്വേഷണം പൂർത്തിയാക്കി പിരിച്ചുവിടാൻ നിയമം ഭേദഗതി ചെയ്യണമെന്ന ശുപാർശ വിജിലൻസ് വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാരിന് അവമതിയുണ്ടാക്കുന്ന ഇതുപോലുള്ള ഉദ്യോഗസ്ഥരെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് പൊതുതാത്‌പര്യത്തിന് വിരുദ്ധമാണെന്നു പറയേണ്ടതില്ല. സർവീസ് സംഘടനകൾക്ക് ഒട്ടും രുചിക്കുന്ന കാര്യമല്ലെങ്കിലും കൈക്കൂലിയും അഴിമതിയും നിയന്ത്രിക്കാനാകാത്തവിധം വളർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കർക്കശമായ നടപടികൾ എടുത്തേ പറ്റൂ. ഇതിനൊപ്പം തന്നെ സർക്കാർ വകുപ്പുകളുടെ സേവനം വിപുലമായ തോതിൽ ഓൺലൈൻ വഴിയാക്കാനുള്ള സംവിധാനം ശക്തമാക്കുകയും വേണം. സേവനം നല്‌കുന്നതിൽ മനഃപൂർവം വരുത്തുന്ന കാലതാമസമാണ് കൈക്കൂലിക്കുള്ള അവസരം ഒരുക്കുന്നത്. നിയമസഭ പാസാക്കി ഇപ്പോഴും സർക്കാർ പരണത്തുവച്ചിട്ടുള്ള സേവനാവകാശ നിയമം പൊടിതട്ടിയെടുത്ത് നടപ്പാക്കാനുള്ള ആർജ്ജവവും കാണിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRIBE IN GOVT SERVICES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.