സിനിമ ജീവിതം സൂപ്പർസ്റ്റാർ രജനീകാന്ത് മതിയാക്കിയേക്കുമെന്ന വാർത്തകൾ പ്രചരിക്കുകയാണ്.
എന്നാൽ പ്രേക്ഷകർ തലൈവരെ വിടില്ല
''നാൻ എപ്പോ വരുവേൻ, എപ്പടി വരുവേന്നു യാർക്കും തെരിയാത്. ആനാ വരവേണ്ടിയ നേരത്തില് കറക്ടാ വരുവേൻ"" മുത്തു സിനിമയിലെ രജനിയുടെ വിഖ്യാതമായ ഡയലോഗിന്റെ ആദ്യഭാഗം സ്റ്റൈൽമന്നന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം 'റൊമ്പ കറക്ട് " ഏത് തീരുമാനം എപ്പോൾ എടുക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.
ഏറ്റവും ഒടുവിൽ അഭിനയം നിറുത്താൻ രജനികാന്ത് തീരുമാനിച്ചുവെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.
സംവിധായകൻ ലോകേഷ് കനകരാജിന്റെ ചിത്രത്തിന് ശേഷം അഭിനയം നിറുത്തുമെന്ന് പറഞ്ഞത് രജനികാന്തല്ല, സംവിധായകൻ മിഷ്കിനാണ്. 'ജയ് ഭീം"സംവിധായകൻ ടി.ജെ ജ്ഞാനവേൽ ചിത്രത്തിലും രജനി അഭിനയിക്കുന്നുണ്ട്. മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും സൂപ്പർസ്റ്റാർ എത്തും.
ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. ഏറ്രവും ഒടുവിൽ അഭിനയിച്ച നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ" ആഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തും. മറ്റ് മൂന്നു ചിത്രങ്ങളും പൂർത്തിയാകാൻ രണ്ടു വർഷത്തോളമെടുക്കും. അഭിനയത്തോട് വിട പറയാൻ രജനി തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്നും പിന്മാറാൻ ഈ കാലയളവ് തന്നെ ധാരാളം. അഭിനയം നിറുത്തിയാൽ സന്യാസ ജീവിതത്തിലേക്കു പോകുമെന്നും സൂചനകൾ വന്നിട്ടുണ്ട്.
ഇതിനു മുമ്പും അഭിനയരംഗം വിടാൻ രജനി തീരുമാനിച്ചിരുന്നു. 2002ൽ പുറത്തിറങ്ങിയ 'ബാബ"സിനിമയോടെ അഭിനയ ജീവിതത്തോടൊപ്പം ലൗകീക ജീവിതവും ഉപേക്ഷിച്ച് സന്യാസിയാകാൻ രജനി തീരുമാനിച്ചുവെന്നായിരുന്നു അന്നും പുറത്തുവന്ന വാർത്തകൾ. അത് ശരിവയ്ക്കുന്ന രീതിയിലാണ് ബാബയുടെ കഥയും. സന്യാസി ജീവിതം ഇപ്പോഴും ആഗ്രഹിക്കുന്ന ആളാണ് രജനികാന്ത്. ഇടയ്ക്ക് ഹിമാലയത്തിലേക്കു പോകാറുമുണ്ട്. ബാബ എന്ന ദിവ്യന്റെ സ്വാധീനം ഒരു യുവാവിലുണ്ടാകുന്നതാണ് രജനികാന്ത് തന്നെ തിരക്കഥ എഴുതിയ ബാബയിൽ പറയുന്നത്. ഈ അടുത്ത കാലത്ത് ബാബയുടെ പുതിയ പതിപ്പ് തമിഴ്നാട്ടിൽ റിലീസ് ചെയ്തിരുന്നു.
ബാബ റിലീസ് ചെയ്ത് മൂന്നു വർഷത്തിനു ശേഷം 2005ൽ ചന്ദ്രമുഖിയിലൂടെ തിരിച്ചെത്തി. ആ വർഷത്തെ സംസ്ഥാന പുരസ്കാരവും നേടി. 2007ൽ ശിവാജി, 2008ൽ കുസേലൻ, 2010ൽ യന്തിരൻ.....
തിരുമ്പി വന്തിട്ടേന്ന് ശൊല്ല്
''നാൻ വന്തിട്ടേന്നു ശൊല്ല്. തിരുമ്പി വന്തിട്ടേന്ന്. 25 വർഷത്തിന് മുന്നാടി എപ്പടി പോണാരോ കബാലി അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് ശൊല്ല്.""
കബാലി സിനിമയിലെ ഈ പഞ്ച് ഡയലോഗ് തമിഴ്നാട് ആകെ മുഴങ്ങിയത് രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തോടെയായിരുന്നു. 2021 രജനികാന്തിന്റെ രാഷ്ട്രീയ തേരോട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരാധകർ കണക്കുകൂട്ടിയിരുന്നു. പക്ഷേ, എല്ലാ ആവേശവും ഊതിക്കെടുത്തി തലൈവർ 2020 ഡിസംബറിൽ തല കുമ്പിട്ട് രാഷ്ട്രീയ ചുവട് പിന്നോട്ടു വച്ചു.
രാഷ്ട്രീയപ്രവേശനത്തെ സംബന്ധിച്ചിടത്തോളം രജനികാന്ത് യെസിനെക്കാൾ കൂടുതൽ പറഞ്ഞിട്ടുള്ള വാക്ക് നോ ആണ്.
സിനിമയിലെ നായകന് ജയിലിൽ 25 വർഷം കിടന്നിട്ട് തിരിച്ചെത്തി ഡയലോഗടിച്ച് കാണികളുടെ കൈയ്യടി നേടാം. സിനിമ അല്ല രാഷ്ട്രീയം. അവിടെ കാൽ നൂറ്റാണ്ട് ഒരു വലിയ കാലയളവാണ്. പ്രായവും ആരോഗ്യവും ഘടകങ്ങൾ തന്നെയാണ്. 1996ൽ രാഷ്ട്രീയ പ്രവേശത്തിന് ലഭിച്ച അനുകൂല വികാരം 2021ൽ സൃഷ്ടിക്കാൻ പ്രയാസമാകുമെന്ന് രണ്ടാംവട്ടവും തിരിച്ചറിഞ്ഞ ശേഷമാണ് രജനികാന്ത് പിൻവാങ്ങിയത്. അപ്പോഴത്തെ അനാരോഗ്യ അവസ്ഥയിൽ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാൽ അത് സ്വന്തം പ്രാണൻ വച്ചുളള കളിയായി മാറും. ഫലം പ്രതികൂലമായാൽ... അതുകൂടി മുന്നിൽ കണ്ടാണ് സൂപ്പർസ്റ്റാർ മാപ്പപേക്ഷിച്ച് പിൻവാങ്ങിയത്.
2017ലാണ് രാഷ്ട്രീയപാർട്ടി രൂപീകരണ തീരുമാനം അറിയിച്ച് രജനികാന്ത് മറ്റ് രാഷ്ട്രീയപാർട്ടികൾക്ക് പേടി സ്വപ്നമായി മാറുന്നത്. പിന്നെ നീണ്ട നിശബ്ദത. കൊവിഡ് പേടിച്ചാണ് ആദ്യം പിൻമാറുമെന്നറിയിക്കുന്നത്. ആരാധകരുടെ തലൈവാ വാ... മുറവിളിയിൽ പാർട്ടി പ്രഖ്യാപനത്തിന് മുഹൂർത്തം കുറിക്കുന്നു. പാർട്ടിക്ക് പേര്, ചിഹ്നം ഒക്കെ റെഡി. ഒടുവിൽ എല്ലാം വച്ചവസാനിപ്പിച്ചു.രാഷ്ട്രീയ പ്രവേശനത്തിൽ നിന്നു പിൻമാറിയതിനു പിന്നാലെ കുടുംബത്തിനൊപ്പവും സിനിമയ്ക്കൊപ്പവുമായിരുന്നു രജനി. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രജനിയെ തേടി ഫാൽകെ പുരസ്കാരം എത്തിയത്. മകൾ സൗന്ദര്യ അവതരിപ്പിച്ച പുതിയ ശബ്ദാധിഷ്ഠിത ഓൺലൈൻ പ്ലാറ്റ്ഫോം 'ഹൂട്ട് "പുറത്തിറക്കുന്നതിൽ അതീവ ആഹ്ലാദവാനായിരുന്നു അദ്ദേഹം. പക്ഷേ, പെട്ടെന്ന് ആശങ്ക ജനിപ്പിക്കുന്ന വിവരം വന്നു.
2021 ഒക്ടോബർ 28നു രാത്രി ഏഴരയോടെ രജനിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പതിവ് ആരോഗ്യ പരിശോധനയ്ക്കായാണു രജനിയെ ആശുപത്രിയിലെത്തിച്ചതെന്നു കുടുംബത്തിനോട് അടുത്ത വൃത്തങ്ങൾ ആവർത്തിച്ചെങ്കിലും അതിനെ പൂർണമായി വിശ്വസിക്കാൻ ആരാധകർ തയാറായിരുന്നില്ല. വൈകിയ സമയത്തുള്ള ആരോഗ്യ പരിശോധന തന്നെ സംശയം ജനിപ്പിച്ചു. ഇതോടെ അഭ്യൂഹങ്ങളും പരക്കാൻ തുടങ്ങി. പ്രാഥമിക പരിശോധനകൾക്കു ശേഷം രജനിയെ എം.ആർ.ഐ സ്കാനിങ്ങിനു വിധേയനാക്കി. തലയുടെ സ്കാനിംഗ് റിപ്പോർട്ട് പുറത്തു വന്നതോടെ പക്ഷാഘാതത്തിനു തൊട്ടരികിലൂടെ താരം കടന്നു പോയതായി കണ്ടെത്തി.
വളരെ പെട്ടെന്ന് തന്നെ രജനി ആരോഗ്യം വീണ്ടെടുത്തു. ജയിലർ സിനിമയുടെ ഷൂട്ടിംഗിനായി കൊച്ചിയിൽ എത്തിയ രജനി കൂളായി എസ്കലേറ്ററിലൂടെ വന്ന് ചടുല ചുവടുകളിലൂടെ കൈവീശി നടന്നു പോകുന്നത് കണ്ട് ആരാധകർ അത്ഭുതപ്പെട്ടു.
എൻ വഴി തനീ വഴി...
ആരാധകർക്കെല്ലാം തലൈവർ ആണ് രജനികാന്ത്. വ്യക്തി ജീവിതത്തിൽ വന്ന വഴി മറക്കാത്ത മനുഷ്യനും. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങിയ വേദിയിൽ അദ്ദേഹം ഈ അവാർഡ് സമർപ്പിച്ചത് കെ. ബാലചന്ദർ എന്ന സംവിധായകനും രാജ് ബഹദൂർ എന്ന സുഹൃത്തിനുമായിരുന്നു.
രജനീകാന്ത് പണ്ട് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലത്ത് രാജ് ബഹദൂർ അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തും അതേ ബസിലെ ഡ്രൈവറുമായിരുന്നു. ബഹദൂർ ആണ് രജനീകാന്തിന് സിനിമാഭാവിയുണ്ടെന്ന് ആദ്യമായി പറഞ്ഞ് പ്രോത്സാഹനം നൽകിയത്. ഇപ്പോഴും രജനീകാന്ത് ബംഗളൂരുവിലെത്തിയാൽ ഇവർ തമ്മിൽ കൂടിക്കാണാറുണ്ട്. ആളറിയാതിരിക്കാൻ വേഷംമാറി രജനീകാന്തും ഈ പഴയ ചങ്ങാതിയും ടൗൺ ചുറ്റി നടക്കാറുണ്ട്.
കർണാടക സ്വദേശിയായ രജനികാന്ത് 1975ൽ കെ.ബാലചന്ദറിന്റെ 'അപൂർവരാഗങ്ങൾ" എന്ന ചിത്രത്തിലൂടെയാണ് സിനിമലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ ചുണ്ടിൽ എരിയുന്ന ബീഡിയുമായി ഗേറ്റ് തള്ളിത്തുറന്നു വന്ന ആ ചെറുപ്പക്കാരന്റെ മാസ് എൻട്രി ഇന്ത്യൻ സിനിമ അടക്കിവാഴാനുള്ളതായിരുന്നെന്ന് ഒരുപക്ഷെ ആരും പ്രതീക്ഷിച്ചു കാണില്ല. അപൂർവരാഗങ്ങളിൽ' രജനി അഭിനയിച്ചത് വെറും 15 മിനിട്ടാണെങ്കിലും ആ സ്റ്റൈലും ഡയലോഗുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിലാണ് പതിഞ്ഞത്.
'പടയപ്പ"യിൽ ചുരുട്ടുകത്തിച്ച് തല ഇടത്തോട്ടും വലത്തോട്ടും ആട്ടി നടന്നുവരുന്ന തലൈവരുടെ ആ വരവിന് അന്യനാട്ടിൽപോലും ലക്ഷക്കണക്കിന് ആരാധകരുണ്ട്. ''മിൻസാരക്കണ്ണാ, എല്ലാർക്കും ഉന്നൈ ഏൻ പിടിച്ചിരിക്കെന്ന് തെരിയുമാ? വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നൈ വിട്ടു പോകലൈ""- എന്ന് പടയപ്പയിൽ നീലാംബരി (രമ്യാകൃഷ്ണൻ) പറയുന്നതാണ് സത്യം. ഏറ്റവും ഒടുവിൽ ജയിലറിൽ അഭിനയിക്കുമ്പോഴും ആ സ്റ്റൈലും പ്രസരിപ്പുമൊന്നും തലൈവരെ വിട്ടുപോയിട്ടില്ല.
(ലേഖകന്റെ ഫോൺ: 9946108429)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |