നെടുമങ്ങാട്: മലയോര കാർഷിക മേഖലയായ നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും പുതിയതലമുറ കാർഷിക മേഖലയിലേക്ക് എത്തുന്നത് കുറഞ്ഞുവരുന്നു.ഇതിന് പ്രധാനകാരണം പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ഗ്രാമതലത്തിൽ നടപ്പിലാക്കുന്നതിനുളള കാലതാമസമാണ്. കാർഷിക മേഖലയിൽ മുൻകാലങ്ങളിൽ അപേക്ഷിച്ചു വളരെയധികം വെല്ലുവിളികളാണ് ഇപ്പോൾ നേരിടുന്നത്.
നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും കൂടുതലായി കൃഷി ചെയ്തുവരുന്ന കുരുമുളക്, കൊട്ടപ്പാക്ക്, റബ്ബർ,കൊക്കൊ, ജാതിക്ക, ജാതിപത്രി, ജാതിപരിപ്പ്, കാപ്പി, കാപ്പി പരിപ്പ്, കശുവണ്ടി, ഗ്രാമ്പൂ, തേങ്ങ എന്നിവയുടെ വരവ് നേരത്തെ അപേക്ഷിച്ച് കുറവാണ്. നേരത്തെ ഏക്കർ കണക്കിന് കൃഷിഭൂമി ഉണ്ടായിരുന്ന സ്ഥലങ്ങൾ ഇപ്പോൾ തുണ്ട് ഭൂമികളായി മാറിക്കഴിഞ്ഞു. ഇവിടങ്ങളിലെല്ലാം കെട്ടിടങ്ങളുമായി.
ഭൗതിക സാഹചര്യങ്ങൾ വർദ്ധിച്ചതോടുകൂടി കാർഷികവൃത്തിയിലേക്ക് തിരിയുന്നത് പുതുതലമുറ അവജ്ഞയോടെയാണ് കാണുന്നത്.കാർഷികവൃത്തിയെ കുറിച്ച് പഠിക്കുന്നതിന് സാഹചര്യങ്ങളും ചുറ്റുപാടും കുറവാണ്. ഉത്പാദന ചെലവിന് അനുസരിച്ചുള്ള വില ലഭിക്കാത്തതും കാർഷിക മേഖലയുടെ പരാജയത്തിന് പ്രധാനകാരണമായി. കാർഷിക ഉത്പന്നങ്ങൾ യഥാസമയം ശേഖരിക്കാൻ തൊഴിലാളികൾ ഇല്ലാത്തതും, ഉളളവർക്കു തന്നെ അമിതമായ കൂലിയും കാർഷിക മേഖലയോടും മുതൽ മുടക്കാൻ കർഷകർ തയ്യാറല്ലാതായി. മുതിർന്ന തലമുറയിൽപെട്ട പലരും ഇന്നും കാർഷികവൃത്തിയോട് അനുഭാവപൂർവം സമീപിക്കുന്നതിനാലാണ് കൃഷി നിലനിൽക്കുന്നത്.
കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് യഥാസമയം നഷ്ടപരിഹാരം നൽകുന്നതിന് സമയബന്ധിത നടപടികൾ ഇല്ലാത്തതും കർഷകർക്ക് കൃഷിയോടുള്ള ആഭിമുഖ്യം കുറയുന്നതിന് കാരണമാകുന്നുണ്ട്. വിപണികളുടെ അഭാവവും ഒരു പ്രധാന കാരണമാണ്. കർഷകർക്ക് ആനുകൂല്യങ്ങൾ യഥാസമയം എത്തിക്കുന്നതിനോ, കൂടുതൽ ഉല്പാദന വർദ്ധനവിന് ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ച് യഥാർത്ഥ കർഷകരിൽ എത്തിക്കുന്നതിന് കൃഷിവകുപ്പിന് സാധിച്ചിട്ടില്ല. മലക്കറി അടക്കമുള്ള കാർഷിക വസ്തുക്കൾ യഥാസമയം ശേഖരിക്കുന്നതിനും അത് കർഷക കൂട്ടായ്മകളിലൂടെ വിതരണം നടത്തി, കർഷകരുടെ ചെലവിന് അനുസരിച്ചുളള വരുമാനം ഉണ്ടാക്കിക്കൊടുക്കുവാനോ, വിറ്റഴിക്കുന്നതിനുള്ള വിപണിയോ ഇന്ന് സജീവമല്ല. കർഷകരെയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകളുമായി ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങിയാൽ കാർഷികവൃത്തി ഒരു പരാജയമായിരിക്കില്ല എന്നാണ് കർഷകരുടെ അഭിപ്രായം.
വന്യജീവികളുടെ ആക്രമണങ്ങൾ
ഗ്രാമപ്രദേശങ്ങളിൽ കാർഷിക മേഖലയിൽ കൂടുതൽ വന്യജീവികളുടെ ആക്രമണങ്ങൾ സാധാരണ കർഷകർക്ക് താങ്ങാൻ കഴിയാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. പന്നി, കുരങ്ങ്, മയിൽ, മുള്ളൻപന്നി തുടങ്ങിയവയുടെ ആക്രമണത്തെ തുടർന്ന് പലരും കൃഷി ചെയ്യാൻ മടിക്കുന്നു. നെടുമങ്ങാട് പരിസരപ്രദേശങ്ങളിലും കുരങ്ങ്,പന്നി ശല്യം വളരെ രൂക്ഷമാണ്. വന്യജീവികളുടെ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാൻ അധികാരികൾക്ക് കഴിയുന്നില്ല.
കൃഷി രാഷ്ട്രീയമാക്കുന്നു
മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ അടക്കമുള്ളവർ കാർഷിക മേഖലയ്ക്ക് വേണ്ട പ്രാധാന്യം വാക്കുകളിൽ മാത്രം ഒതുക്കുന്നത് പുതുതലമുറയ്ക്ക് കടന്നുവരുന്നതിന് തടസമാകുന്നു. രാഷ്ട്രീയ സ്വാധീനം ഇല്ലാതെ കർഷക കൂട്ടായ്മകൾക്ക് രൂപം നൽകണമെന്നാണ് കർഷകർ പറയുന്നത്.
അണുകുടുംബമായി കൃഷിഭൂമി കുറഞ്ഞു
അണുകുടുംബത്തിലേക്ക് മാറിയതോടെ കൃഷിഭൂമിയുടെ വലിപ്പം കുറയുകയും കാർഷികഭൂമി, വാസസ്ഥലങ്ങളായും, വാസസ്ഥലങ്ങൾ ഒരുക്കുന്നതിനുള്ള ഭൂമികളായി കൂടുതൽ സ്ഥലം കണ്ടെത്തേണ്ടതായും മാറി.
അണു കുടുംബത്തിലുള്ളവർ കാർഷികേതര ജോലിക്കായി ശ്രമിക്കുകയും അതിനുവേണ്ടി നൂതന വിദ്യാഭ്യാസത്തോടുകൂടി സർക്കാർ ജോലി പോലുള്ളവ കരസ്ഥമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. സർക്കാർ ജോലിയുടെ കൂടെയും പഠനത്തിന്റെ കൂടെയും കൃഷിക്കു വേണ്ടിയും സമയം കണ്ടെത്താൻ ശ്രമിച്ചാൽ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്. പുതിയ കാലഘട്ടത്തിൽ കാർഷികവൃത്തിയിലേക്ക് വരുന്ന യുവതലമുറ കുറവാണ്.നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ വിലകൂടി വരുന്നതിനാലാണ് പുതുതലമുറ കൃഷി വിട്ടു മറ്റ് ജോലിക്കായി ശ്രമിക്കുന്നതെന്നതത്രെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |