തിരുവനന്തപുരം: തദ്ദേശ വകുപ്പിനു കീഴിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ 1107 പ്രോജക്ട് അസിസ്റ്റന്റുമാർക്ക് കരാർ ജോലിയിൽ ഇല്ലാതിരുന്ന 45 ദിവസത്തെ ശമ്പളം അനധികൃതമായി നൽകാൻ നീക്കം. 22,290 രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഇവരുടെ കരാർ കാലാവധി മാർച്ച് 30ന് അവസാനിച്ചിരുന്നു. എന്നാൽ, ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ഇവരുടെ കരാർ ദീർഘിപ്പിച്ചു എന്നുകാട്ടി കഴിഞ്ഞ 15നാണ് ഉത്തരവിറക്കിയത്.
അതിനുമുമ്പ് ഇവർ ജോലിയിൽ ഉണ്ടായിരുന്നില്ലെങ്കിലും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഇവരിൽ പലരും ഓഫീസുകളിൽ എത്തി ഹാജർ ബുക്കിൽ ഒപ്പിട്ടിരുന്നു. കരാർ പുതുക്കാത്തതിനാൽ ജോലിയിൽ നിന്ന് സാങ്കേതികമായി പിരിച്ചുവിടപ്പെട്ട ഇവർക്ക് ഹാജർ ബുക്കിൽ ഒപ്പിടാൻ കഴിയില്ല. ഇത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും പല ഓഫീസ് മേധാവികളും കൂട്ടുനിന്നു.
അതിനിടെയാണ് കഴിഞ്ഞ 15ന് മുൻകാല പ്രാബല്യത്തോടെ കരാർ പുതുക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. എപ്രിൽ ഒന്നുമുതൽ കാലാവധി ദീർഘിപ്പിച്ച് ഉത്തരവിറക്കിയതിനാൽ ഇക്കാലയളവ് സർവീസ് ബ്രേക്കായി കണക്കാക്കാം. എന്നാൽ ശമ്പളം നൽകാനാകില്ല. അത് ലംഘിച്ചാണ് നീക്കം.
കേന്ദ്രധനകാര്യ കമ്മിഷൻ തുക വിനിയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തികളുടെ ചിത്രം സഹിതം സോഫ്റ്റ്‌വെയറിൽ ജിയോ ടാഗിംഗ് നടത്തുന്നതിനും ഗ്രാമപഞ്ചായത്തുകളിൽ ഇ ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമാണ് പ്രോജക്ട് അസിസ്റ്റന്റുമാരെ നിയോഗിക്കുന്നത്.
പ്രോജക്ട് അസിസ്റ്റന്റുമാർ
ഗ്രാമപഞ്ചായത്ത്..................941
ബ്ലോക്ക് പഞ്ചായത്ത്...........152
ജില്ലാ പഞ്ചായത്ത്..................14
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |