കമ്പം (തമിഴ്നാട്): കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. കമ്പം സ്വദേശി പാൽരാജാണ് (57) മരിച്ചത്. ശനിയാഴ്ച രാവിലെ കമ്പത്തെ തെരുവിലൂടെ വിരണ്ടോടുന്നതിനിടെ ആന പാൽരാജിന്റെ ബൈക്കിൽ തട്ടുകയായിരുന്നു. റോഡിൽ വീണ പാൽരാജിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം കമ്പത്തെ സർക്കാർ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലും പാൽരാജിനെ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഏഴോടെ പാൽരാജ് മരിക്കുകയായിരുന്നു. തലയ്ക്കു പുറമേ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിരുന്നു. എല്ലുകൾ ഒടിഞ്ഞുപോയിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായെന്നും ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തമിഴ്‌നാട് സർക്കാർ പാൽരാജിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു.
ദൗത്യത്തിന് അഞ്ചംഗ സംഘം
അരിക്കൊമ്പനെ കണ്ടെത്തി പിടികൂടാൻ അഞ്ചംഗ പ്രത്യേക സംഘത്തെ തമിഴ്നാട് നിയോഗിച്ചു. ഇന്നലെ രാവിലെ ഷൺമുഖനദി ഡാമിന് സമീപത്തെ ഷൺമുഖനാഥ ക്ഷേത്ര പരിസരത്ത് അരിക്കൊമ്പൻ എത്തിയിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന വൃദ്ധ കൊമ്പനെ നേരിട്ട് കണ്ടു. പിന്നീട് ആന കാടുകയറി. ഉൾക്കാട്ടിലുള്ള അരിക്കൊമ്പനെ നേരിട്ട് കാണാൻ വനം വകുപ്പിനായിട്ടില്ല. ഇതേ തുടർന്നാണ് ആനയെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ സംഘത്തെ മുതുമലയിൽ നിന്ന് എത്തിക്കുന്നത്. സംഘത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട മീൻ കാളാൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരോടൊപ്പം, വെറ്ററിനറി സർജൻ ഡോ. രാജേഷുമുണ്ടാകും. ജനവാസ മേഖലയിലേക്ക് ഇറങ്ങി വന്നാൽ മാത്രം മയക്കുവെടിവച്ചാൽ മതിയെന്നാണ് വനം വകുപ്പ് തീരുമാനം. അതേ സമയം അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ട്വന്റി ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ് ഹൈക്കോടതിയിൽ ഹർജി നൽകി. തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |