ദേശീയ ഗുസ്തിതാരങ്ങളുടെ ലൈംഗികപീഡന പരാതിയിൽ അധികൃതർ പുലർത്തുന്ന നിസംഗ സമീപനത്തിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര മത്സരങ്ങളിലുൾപ്പെടെ ലഭിച്ച കീർത്തിമുദ്രകൾ ഗംഗാനദിയിലൊഴുക്കാൻ ശ്രമിച്ച താരങ്ങളെ അവസാനനിമിഷം അതിൽനിന്നു പിന്തിരിപ്പിച്ചത് കർഷകനേതാക്കളാണ്. ഹരിദ്വാറിൽ ഗംഗാതീരത്ത് മണിക്കൂറുകൾനീണ്ട വൈകാരിക രംഗങ്ങൾക്ക് രാജ്യം ഒന്നടങ്കം സാക്ഷിയായത് ചങ്കിടിപ്പോടെയാണ്. കർഷക നേതാവ് നരേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ളവരുടെ സ്നേഹപൂർണമായ നിർബന്ധത്തിന് ഒടുവിൽ താരങ്ങൾ വഴങ്ങുകയായിരുന്നു. പ്രശ്നപരിഹാരത്തിന് അവർ അഞ്ചുദിവസത്തെ സമയമാണ് ചോദിച്ചിരിക്കുന്നത്. അതിനകം പരിഹാരമുണ്ടായില്ലെങ്കിൽ മെഡലുകളുമായി വീണ്ടും ഹരിദ്വാറിലേക്ക് എത്തുമെന്ന നിലപാടിലാണ് താരങ്ങൾ. പ്രശ്നം സർക്കാരിന്റെ മുന്നിലെത്തിച്ച് ഉചിതമായ നടപടിയെടുപ്പിക്കാമെന്ന കർഷകനേതാക്കളുടെ ഉറപ്പിലാണ് താരങ്ങൾ കടുംകൈ നീക്കം ഉപേക്ഷിച്ചത്. കായികലോകത്തിനു മൊത്തത്തിൽ ദുഷ്‌കീർത്തി വരുത്തുമായിരുന്ന ദൗർഭാഗ്യകരമായ പ്രതിഷേധ നടപടിയിൽനിന്ന് താരങ്ങളെ പിന്തിരിപ്പിച്ചതിന് രാജ്യം കർഷക നേതാക്കളോട് കടപ്പെട്ടിരിക്കുന്നു.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും യു.പിയിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായ ബ്രിജ്‌ഭൂഷൺ പ്രായപൂർത്തിയാകാത്ത ഗുസ്തിതാരത്തെ അടക്കം പീഡിപ്പിച്ചെന്നും എം.പിക്കെതിരെ നടപടിയെടുക്കണമെന്നും ദേശീയ ഗുസ്തിതാരങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. പോക്സോ കേസിൽ പോലും അതനുസരിച്ചല്ല പൊലീസ് നീങ്ങുന്നത്. ഉന്നത ഭരണനേതൃത്വങ്ങൾ നല്‌കുന്ന സംരക്ഷണത്തിൽ ബ്രിജ്‌ഭൂഷൺ നിയമത്തെ മാത്രമല്ല കായികലോകത്തെത്തന്നെ വെല്ലുവിളിക്കുകയാണ്. തങ്ങൾ പീഡനത്തിനിരയായതായി ഗുസ്തിതാരങ്ങൾ നേരിട്ടു പരാതി നല്‌കിയിട്ടുപോലും അതിന്മേൽ ഉചിതമായ നടപടിയെടുക്കേണ്ട പൊലീസ് കണ്ണടച്ചുനില്‌ക്കുകയാണ്.
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഭരണകക്ഷി എം.പിക്ക് എല്ലാവിധ സംരക്ഷണവും നല്‌കുന്ന ഭരണകൂടം രാജ്യത്തിന് നിരവധി അഭിമാനമുഹൂർത്തങ്ങൾ സമ്മാനിച്ച ഗുസ്തിതാരങ്ങളുടെ ആവശ്യം നിഷ്‌കരുണം തള്ളിക്കളയുന്നതിലെ യുക്തി മനസിലാക്കാൻ വിഷമമാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ ജന്തർമന്ദിറിൽ സമരത്തിനെത്തിയ താരങ്ങളെ പൊലീസ് നിഷ്ഠൂരമായാണ് നേരിട്ടത്. സാദ്ധ്യമായ എല്ലാ മുറകളും പ്രയോഗിക്കുന്നതിൽ വിരുതുകാട്ടിയ നിയമപാലകരോ അതിന് അവരെ നിയോഗിച്ച അധികൃതരോ ഗുസ്തിതാരങ്ങളുന്നയിച്ച ആവശ്യം എന്തുകൊണ്ടാണ് ചെവിക്കൊള്ളാത്തതെന്ന് തികച്ചും അവിശ്വസനീയമായി തോന്നാം. കാരണം പോക്സോ കേസുമായി ബന്ധപ്പെട്ട പരാതിയിന്മേലുള്ള നടപടികൾ ഇങ്ങനെയൊന്നുമല്ല. ഈ സംഭവത്തിലെ ഇരകളാണിപ്പോൾ പൊലീസ് നടപടികൾക്കു വിധേയരാകേണ്ടിവരുന്നത്. നിയമത്തെ മാത്രമല്ല ധാർമ്മികതയെയും വെല്ലുവിളിച്ചാണ് കേസിലെ പ്രതിയായ ബ്രിജ് ഭൂഷണിന്റെ നില്പ്. പോക്സോ നിയമം തന്നെ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്ന അതിവിചിത്രമായ ആവശ്യവും ഇയാൾ ഉന്നയിക്കുന്നുണ്ട്.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്‌ഭൂഷണിനെതിരായ പോക്സോ കേസിൽ നടപടിയും അദ്ദേഹത്തിന്റെ രാജിയും ആവശ്യപ്പെട്ടു നടക്കുന്ന സമരത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഗത്യന്തരമില്ലാതെയാണ് ഗുസ്തിതാരങ്ങൾ തങ്ങളുടെ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കി രാജ്യശ്രദ്ധ ആകർഷിക്കാൻ തുനിഞ്ഞത്. അന്താരാഷ്ട്ര കായികഭൂപടത്തിൽ ഇന്ത്യക്കാരുടേതായി ഭാഗ്യമുദ്രകൾ അധികമൊന്നും കാണില്ല. ഉള്ളവയിൽത്തന്നെ ഏറെയും ഗുസ്തിതാരങ്ങൾ നേടിത്തന്നതുമാണ്. താരങ്ങളുടെ രക്ഷകനും സദാ സഹായിയും ആയിരിക്കേണ്ടയാൾ ചൂഷകനായി മാറിയാൽ സംഭവിക്കുന്ന ദുര്യോഗമാണ് ഗുസ്തി ഫെഡറേഷനിൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ യശസ്സിനുതന്നെ കളങ്കമേല‌്‌പിക്കുന്ന തരത്തിൽ അത് ആകാശംമുട്ടെ വളർന്നിട്ടും എല്ലാറ്റിനും സാക്ഷിയായി കേന്ദ്രം മൗനം ദീക്ഷിക്കുന്നതാണ് അത്ഭുതം! പോക്സോ നിയമം പാർലമെന്റ്
ഏകസ്വരത്തിൽ പാസാക്കിയത് പെൺകുട്ടികളുടെ മാനം കവരാൻ മുതിരുന്നവർ കഠിനമായി ശിക്ഷിക്കപ്പെടണമെന്ന ദൃഢനിശ്ചയത്തിലാണ്. ഈ നിയമം തന്നെയാണ് ഗുസ്തിതാരങ്ങളുടെ കേസിൽഅവമതിക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |