അറിവിനു വേണ്ടിയുള്ള ആഗ്രഹം മനുഷ്യസഹജമാണ്. ഭൂമിയിൽ ജനിച്ചുവീഴുന്ന നാൾ മുതൽ ചുറ്റുമുള്ളതിനെക്കുറിച്ചെല്ലാം അറിയുവാനുള്ള ശ്രമത്തിലാണ് നമ്മൾ. സൃഷ്ടിയിൽ രണ്ടു വിഭാഗമുണ്ട്. ഞാനും, ഞാൻ അല്ലാത്തതും. അതായത്, ഞാനും ലോകവും. ഇവയിൽ ലോകത്തെക്കുറിച്ച്, ബാഹ്യമായ വസ്തുക്കളെക്കുറിച്ചു മാത്രമേ നമ്മൾ പഠിക്കാൻ ശ്രമിക്കാറുള്ളൂ. നമ്മളെക്കുറിച്ചു പഠിക്കാൻ ശ്രമിക്കാറില്ല. ഇതുകാരണം, ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യബോധം നമുക്ക് ഇല്ലാതെയാകുന്നു. നമുക്കു നമ്മളെത്തന്നെ നഷ്ടമാകുന്നു.
ഒരാൾ ഇടയ്ക്കിടെ സംസ്ഥാനത്തിന്റെ അതിർത്തി കടന്ന് ഒരു മോട്ടോർ സൈക്കിളിൽ ഒരു ചാക്കു നിറയെ മണ്ണു കൊണ്ടുപോകുക പതിവായിരുന്നു. അവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ അയാളെ തടഞ്ഞുനിറുത്തി ചാക്കിനകത്ത് എന്താണെന്നു ചോദിക്കും. 'ഇതു വെറും മണ്ണാണു സാറേ" എന്ന് അയാൾ മറുപടി പറയും. 'മണ്ണു തന്നെയാണോ? അതോ മയക്കുമരുന്നോ കഞ്ചാവോ സ്വർണ്ണമോ മറ്റോ ആണോ?" പൊലീസുകാരന്റെ ചോദ്യത്തിന് ഒരിക്കലും അല്ല സാർ. വേണമെങ്കിൽ സാറു പരിശോധിച്ചുകൊള്ളു എന്ന് അയാൾ ധൈര്യമായി മറുപടി പറയും. സംശയം തീർക്കാൻ പൊലീസുകാരൻ ചാക്കു തുറന്നു വിശദമായി പരിശോധിക്കും. മണ്ണല്ലാതെ മറ്റൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പൊലീസുകാരൻ അയാളെ കടത്തിവിടും.
ഇങ്ങനെ എല്ലാ ആഴ്ചയും അയാൾ അതിലൂടെ മണ്ണുമായി സൈക്കിളിൽ വന്നുകൊണ്ടിരുന്നു. ഓരോ തവണയും പൊലീസുകാരൻ അയാളെ നന്നായി പരിശോധിച്ചശേഷം വിടും. പിന്നീട് അയാൾ അതിലെ വരാതായി. കുറച്ചു നാളുകൾ കഴിഞ്ഞ് ആ പൊലീസുകാരൻ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. മണ്ണു കടത്തിക്കൊണ്ടിരുന്ന ആൾ അപ്പോൾ അവിടെയിരുന്നു ഭക്ഷണം കഴിക്കുന്നതു കണ്ടു. പൊലീസുകാരൻ അയാളുടെ അടുത്തു ചെന്നിരുന്നു ചോദിച്ചു. 'നിങ്ങൾ എന്തോ ഒളിച്ചുവയ്ക്കുന്നുണ്ട്. മണ്ണ് എല്ലായിടവും ഉണ്ടല്ലോ? അതുകൊണ്ടു വെറും മണ്ണല്ല, മറ്റെന്തോ നിങ്ങൾ കള്ളക്കടത്തു നടത്തിയിരുന്നുവെന്ന് എന്റെ മനസ് പറയുന്നു. എന്നാൽ, അതെന്താണെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. സത്യം പറയൂ, നിങ്ങൾ എന്താണ് കടത്തിക്കൊണ്ടിരുന്നത്?" ഞാൻ ആരോടും പറയില്ലെന്ന് അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. 'സാറേ, മണ്ണല്ല ഞാൻ കടത്തിയിരുന്നത്, മോഷ്ടിച്ച മോട്ടോർ സൈക്കിളുകളാണ്."
പൊലീസുകാരൻ എപ്പോഴും മണ്ണിൽ മാത്രം ശ്രദ്ധിച്ചതുകൊണ്ട് മോട്ടോർസൈക്കിളിനെക്കുറിച്ച് അയാൾക്കു യാതൊരു സംശയവും തോന്നിയില്ല. ഇതുപോലെ, നമ്മൾ എപ്പോഴും പുറം ലോകത്തെയും ബാഹ്യമായ വസ്തുക്കളെയും മാത്രം ശ്രദ്ധിക്കുന്നതിനാൽ സ്വയം പഠിക്കാനോ നമ്മളെ അറിയാനോ നമുക്കു സാധിക്കുന്നില്ല. അങ്ങനെ നമ്മൾ നമ്മളെ മറക്കുന്നു. സ്വന്തം കഴിവുകളെയും കഴിവുകേടുകളെയും അറിയാൻ സാധിക്കാതെ പോകുന്നു. സ്വയം മനസിലാക്കാതെ നമ്മുടെ പ്രശ്നങ്ങൾക്കു ശരിയായ പരിഹാരമുണ്ടാകില്ല. കാരണം നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം
നമ്മളെക്കുറിച്ച് നമുക്കുള്ള അജ്ഞതയാണ്.
ആദ്ധ്യാത്മികത എന്നാൽ തന്നെക്കുറിച്ചുള്ള അറിവാണ്. മനസിൽ ഉറങ്ങിക്കിടക്കുന്ന അനന്തസാദ്ധ്യതകളെ ഉണർത്താനുള്ള വിദ്യയാണത്. ഭൗതികമായ അഭിവൃദ്ധിയോടൊപ്പം ജീവിതത്തിലെ ഏതു സാഹചര്യത്തിലും ശാന്തിയും സന്തോഷവും അനുഭവിക്കാൻ മനസിനെ പരിശീലിപ്പിക്കുവാൻ ആദ്ധ്യാത്മിക ജ്ഞാനത്തിലൂടെ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |