കൈക്കൂലിവാങ്ങി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നവർക്കെല്ലാം മുന്നറിയിപ്പാകുന്നതാണ് മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബാംഗങ്ങൾക്കും നാലുവർഷം കഠിനതടവും രണ്ടരക്കോടിരൂപ പിഴയുമിട്ട എറണാകുളം സി.ബി.ഐ കോടതി യുടെ ശിക്ഷാവിധി. മുൻ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ, ഭാര്യ മൂന്ന് പെൺമക്കൾ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ രണ്ടുവർഷത്തെ കഠിനതടവാണ് ഓരോരുത്തർക്കും ലഭിക്കുക. പിഴയടച്ചില്ലെങ്കിൽ ഓരോവർഷം തടവുകൂടി അനുഭവിക്കേണ്ടിവരും. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുടുംബാംഗങ്ങളെക്കൂടി ശിക്ഷിക്കുന്നത് അത്യപൂർവമാണ്. കുറ്റം ചെയ്തവർ മാത്രമല്ല ഗുണഫലം അനുഭവിക്കുന്നവരും ശിക്ഷാർഹരാണെന്ന സി.ബി.ഐ കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണന്റെ നിരീക്ഷണം അഭിനന്ദനാർഹമാണ്. അപ്പീൽ പോകാൻ സമയമനുവദിച്ച കോടതി അതിനായി അടുത്തമാസം 29 വരെ ശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞിട്ടുമുണ്ട്. ഏതർത്ഥത്തിൽ നോക്കിയാലും മാതൃകാപരമായ വിധിന്യായമാണിത്. കൈക്കൂലി വാങ്ങിക്കൂട്ടി കുടുംബത്തോടൊപ്പം ആഡംബരജീവിതം നയിക്കുന്നവർക്കെല്ലാം ഒരു പാഠമാകും ഈ വിധിയെന്ന് നിസ്സംശയം പറയാനാകും.
2000-2005 കാലയളവിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട സ്വദേശി പി.ആർ.വിജയൻ ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്ത് 78.9 ലക്ഷത്തിന്റെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൈക്കൂലിപ്പണത്തിൽ ഭൂരിഭാഗവും ഭാര്യയുടെയും പെൺമക്കളുടെയും പേരിലാക്കിയെന്ന് സി.ബി.ഐ കണ്ടെത്തി. അന്വേഷണത്തിനിടെ നൂറുപവന്റെ സ്വർണ്ണാഭരണങ്ങളും വീണ്ടെടുത്തിരുന്നു. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളുടെ ഇന്നത്തെ മൂല്യം കണക്കാക്കിയാണ് രണ്ടരക്കോടി രൂപയുടെ പിഴ നിശ്ചയിച്ചത്. ഈ ഇടപാടുകളിൽ വിജയന്റെ മരുമകനെയും അനന്തിരവനെയുമൊക്കെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും തെളിവുകളുടെ അപര്യാപ്തതമൂലം അവരെ വെറുതെ വിടുകയായിരുന്നു.
ഇതോടൊപ്പം ഇന്നലെ പുറത്തുവന്ന മറ്റൊരു അഴിമതിയിടപാടാകട്ടെ കൈക്കൂലി നാട്ടിൽ കാട്ടുതീ പോലെ പടരുകയാണെന്ന് അടിവരയിടുന്നതാണ്. ഇലക്ട്രിക്കൽ ഡയറക്ടറേറ്റിൽ പ്രൊമോഷനോടെ ഡെപ്യൂട്ടി ചീഫ് എൻജിനീയറായി ചുമതലയേൽക്കാനിരിക്കെയാണ് കോട്ടയത്ത് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ.സോമൻ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസിന്റെ പിടിയിലായത്. കോട്ടയത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ സ്കീം അംഗീകരിക്കാൻ കരാറുകാരനോട് കൈക്കൂലി ചോദിച്ചുവാങ്ങുകയായിരുന്നു. രണ്ടുതവണയായി പതിനായിരം രൂപ നേരത്തെ ഗൂഗിൾ പേ മുഖേന നൽകിയിരുന്നു. വീണ്ടും ഫോണിൽ വിളിച്ച് കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് കരാറുകാരൻ വിജിലൻസിനു പരാതി നൽകിയത്. വ്യവസായങ്ങൾ തുടങ്ങാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി നിർബന്ധമായതിനാൽ ഡിപ്പാർട്ടുമെന്റിലെ അഴിമതിവീരൻമാർക്കെല്ലാം ചാകരയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത മിഥുനം എന്ന സിനിമയിൽ ദാക്ഷായണി ബിസ്ക്കറ്റ് കമ്പനി തുടങ്ങാൻ ലൈസൻസിനു അനുമതി തേടുന്ന മോഹൻലാലിന്റ കഥാപാത്രത്തോട്, മുട്ടാപ്പോക്ക് പറയുന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ, ഇന്നസെന്റിന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നത് പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല.
പലരിൽ നിന്നുമായി മൂന്നുലക്ഷത്തോളം രൂപ ഗൂഗിൾ പേയിലൂടെ സോമൻ നേരത്തെ കൈക്കൂലി വാങ്ങിയതായി വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വലവീശുമ്പോഴാണ് പുതിയ കുരുക്കിൽപ്പെട്ടത്. അഴിമതി അവസാനിപ്പിക്കുമെന്ന് വീമ്പിളക്കുന്ന ഭരണാധികാരികൾക്കു പുല്ലുവിലയാണ് ഇക്കൂട്ടർ കൽപ്പിക്കുന്നത്. ഗൂഗിൾ പേ മുഖേന കൈക്കൂലിപ്പണം വാങ്ങാൻ ചങ്കൂറ്റം കാണിക്കുന്നതിൽ തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന അഹന്തയല്ലാതെ മറ്റെന്താണ്? സംഘടനാ പ്രമാണിമാരിൽചിലരുടെ പിന്തുണയുടെ ബലവും ഇവർക്കുണ്ട്. കോടിപതിയായ വില്ലേജ് അസിസ്റ്റന്റിന്റെ അഴിമതിക്കഥ കേട്ട ഞെട്ടലിൽനിന്ന് മുക്തരാകും മുമ്പെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ കഥ പുറത്തുവരുന്നത്. തനിയാവർത്തനം പോലെ കൈക്കൂലി കേസുകൾ പെരുകുകയാണ്. ആരുണ്ടിവിടെ ചോദിക്കാൻ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |