കട്ടപ്പന: പള്ളിയിൽ കുർബാനയ്‌ക്കിടെ ഹൃദയാഘാതമുണ്ടായ ആൻമരിയ ജോയി എന്ന 17 കാരിയെ രക്ഷിക്കാൻ ഇന്നലെ നാട് ഒരുമിച്ച് നിന്ന് വഴിയൊരുക്കി. ട്രാഫിക് സിനിമയിലെ ജീവൻ രക്ഷാ ദൗത്യം. ആൻ മേരിയെ കയറ്റിയ ആംബുലൻസ് ഇടുക്കി കട്ടപ്പന നിന്ന് 2 : 40 മണിക്കൂറിൽ 132 കിലോ മീറ്രർ പിന്നിട്ട് കൊച്ചി അമൃത ആശുപത്രിയിൽ എത്തി.
ആൻമരിയയുടെ വലിയമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ചയായിരുന്നു. ഇന്നലെ രാവിലെ 6.30ന് ഇരട്ടയാർ പള്ളിയിൽ കുർബാനയ്‌ക്കിടെ മുട്ടുകുത്തി പ്രാർത്ഥിച്ച് എഴുന്നേറ്റ ആൻ മരിയ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് അടിയന്തരമായി അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
പണിക്കൻകുടിയിൽ സ്‌കൂൾ പ്രവേശനോത്സവത്തിനിടെയാണ് മന്ത്രി റോഷി അഗസ്റ്റിൻ വിവരം അറിഞ്ഞത്. അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കട്ടപ്പന മുതൽ എറണാകുളം ആശുപത്രി വരെ ട്രാഫിക് സുഗമമാക്കി ആംബുലൻസിന് വഴിയൊരുക്കാൻ നിർദേശം നൽകി. മന്ത്രിയുടെ അഭ്യർത്ഥന ഫേസ്ബുക്കിലും വന്നു. അത് കണ്ട നിരവധി പേരും സന്നദ്ധസേനയായി കൈകോർത്തു.
ഇരുപതോളം സംഘടനകൾ, സോഷ്യൽ മീഡിയ കൂട്ടായ്‌മകൾ, ആംബുലൻസ് ഡ്രൈവേഴ്‌സ് സംഘടന, രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങിയവ ഒരുമിച്ചു. ട്രാഫിക് നിയന്ത്രിച്ച് പൊലീസും നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ഒപ്പം നിന്നു.
കട്ടപ്പന സർവീസ് ബാങ്കിന്റെ കെഎൽ 06 എച്ച് 9844 ആംബുലൻസിൽ ഡ്രൈവർമാരായ മണിക്കുട്ടൻ, തോമസ്, നേഴ്‌സ്‌മാരായ ടിൻസ്, ബിബിൻ എന്നിവരടങ്ങിയ സംഘം. 11.30ന് ആംബുലൻസ് പുറപ്പെട്ടു. മൂന്ന് മണിക്കൂർ 56 മിനിറ്റ് വേണ്ട ദൂരം 2.40 മണിക്കൂറിൽ പിന്നിട്ടു. ആംബുലൻസിനു പിന്നാലെ മന്ത്രിയും രണ്ട് വാഹനങ്ങളിലായി ബന്ധുക്കളും എത്തി.
''ഇടുക്കിയിൽ നിന്ന് ഇത്രയും കുറഞ്ഞ സമയത്തിനകം കൊച്ചിയിലെത്തുക എളുപ്പമല്ല. സ്‌കൂൾ തുറന്ന ദിവസമായതിനാൽ റോഡിൽ വലിയ തിരക്കും.എല്ലാം അതിജീവിച്ചു. സഹകരിച്ച എല്ലാവരോടും നന്ദിയുണ്ട്."
-മന്ത്രി റോഷി അഗസ്റ്റിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |