നിരവധി നിക്ഷേപകരുടെ കുടുംബങ്ങളെ കണ്ണീര് കുടിപ്പിക്കുകയും നിലയില്ലാക്കയത്തിലേക്ക് തള്ളിയിടുകയും ചെയ്ത കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിനുശേഷം ഇത്തരം തിരിമറികൾ തടയുന്നതിന് സർക്കാർ പല നടപടികളും സ്വീകരിച്ചു. അതിനുശേഷവും കരുവന്നൂരിലേതിനു സമാനമായതോ അതിലും വലിയ തോതിലുള്ളതോ ആയ തട്ടിപ്പുകൾക്ക് കുറവൊന്നുമില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വയനാട്ടിലെ പുല്പള്ളി സഹകരണബാങ്കിൽ നടന്ന തട്ടിപ്പിന്റേയും കൊടുംചതിയുടേയും ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. കള്ളരേഖകൾ ചമച്ചും കൃത്രിമങ്ങൾ കാണിച്ചും നിരവധിപേരെ കബളിപ്പിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ പ്രസിഡന്റ് കെ.കെ. അബ്രഹാമും സെക്രട്ടറി കെ.ടി. രമാദേവിയും പൊലീസ് പിടിയിലാണ്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭരണസമിതി അംഗങ്ങളിൽ പലരും പ്രതികളാണ്.
വായ്‌പയ്ക്കായി സംഘാംഗങ്ങൾ സമർപ്പിക്കുന്ന പ്രമാണങ്ങൾ ദുരുപയോഗം ചെയ്ത് കോടിക്കണക്കിനു രൂപയാണ് ഭരണസമിതിക്കാർ അടിച്ചുമാറ്റിയതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭരണക്കാരുടെ നെറികെട്ട പ്രവൃത്തിക്ക് ഇരയാകേണ്ടിവന്ന രാജേന്ദ്രൻനായർ എന്ന കർഷകന്റെ ആത്മഹത്യയെത്തുടർന്നാണ് ബാങ്കിൽ നടന്നുവന്ന പണം തിരിമറി പുറത്തായത്. വസ്തു പണയംവച്ച് എഴുപതിനായിരം രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രൻനായരുടെ പേരിൽ മുപ്പതുലക്ഷത്തിൽപ്പരം രൂപയുടെ വായ്പയും പലിശയും തിരിച്ചടയ്ക്കണമെന്ന് കാണിച്ചാണ് ബാങ്കിന്റെ നോട്ടീസ് വന്നത്. രാജേന്ദ്രൻനായർ സമർപ്പിച്ച പ്രമാണം ദുരുപയോഗം ചെയ്ത് വായ്പത്തുക മുപ്പതുലക്ഷമായി എഴുതിച്ചേർക്കുകയായിരുന്നു. ഈ തുക ഭരണസമിതിക്കാർ വീതിച്ചെടുത്തു. ഇതേരീതിയിൽ നിരവധിയാളുകളുടെ പേരിൽ വ്യാജരേഖകൾ ചമച്ച് വൻതോതിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. അന്വേഷണം പൂർത്തിയായാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാവൂ. ബാങ്കിന് മുപ്പത് കോടിയിൽപ്പരം രൂപയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ അഞ്ചുകൊല്ലം മുൻപേതന്നെ പുറത്തുവന്നിരുന്നു. യഥാസമയം ഇടപെട്ട് തട്ടിപ്പ് തടയാൻ സഹകരണവകുപ്പ് കാര്യമായി ശ്രമിച്ചതുമില്ല. നിക്ഷേപകരുടേയും വായ്പാ അപേക്ഷകരുടേയും പേരിലുള്ള വ്യാജരേഖകളുടെ ബലത്തിലാണ് പണം മുഴുവൻ പോയിട്ടുള്ളത്. ബാങ്കിൽത്തന്നെ ഇതിനായി ആളുകളുണ്ടായിരുന്നു. വായ്പ ആവശ്യമുള്ളവരിൽനിന്ന് അപേക്ഷവാങ്ങി അതിൽ വലിയതുക രേഖപ്പെടുത്തി ഭരണസമിതിയെക്കൊണ്ട് പാസാക്കിയെടുക്കുന്ന രീതിയാണ് പിന്തുടർന്നത്. വായ്പ ആവശ്യക്കാർക്ക് അവർ ചോദിക്കുന്ന തുക നല്‌കിയശേഷം ബാക്കി തുക വീതിച്ചെടുക്കാറാണ് പതിവ്. പരിശോധനകളും ഓഡിറ്റിംഗുമൊക്കെ യഥാസമയം നടക്കാത്തത് തട്ടിപ്പുകാർക്ക് അനുഗ്രഹവുമായി. സംസ്ഥാനത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെക്കൂടി അപകീർത്തിപ്പെടുത്തുന്നതാണ് കരുവന്നൂർ - പുല്പള്ളി ബാങ്കുകളിലുണ്ടായ തട്ടിപ്പുകൾ.
തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പണം മാത്രമല്ല പലരുടേയും ജീവനുകളും നഷ്ടമാകാറുണ്ട്. പുല്പള്ളിയിൽ തന്റെ പേരിലെടുത്ത വ്യാജവായ്പയുടെ ബാദ്ധ്യത താങ്ങാനാവാതെയാണ് കർഷകനായ രാജേന്ദ്രൻനായർ ആത്മഹത്യ ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരിച്ചെടുക്കാൻ കഴിയാതെ ചിലർ രോഗവുമായി മല്ലിട്ട് ജീവൻ വെടിയേണ്ടിവന്നു. സാധാരണക്കാർക്ക് അത്താണിയാകേണ്ട സഹകരണബാങ്കുകൾ അവരുടെ അന്തകരായി മാറുന്ന ഞെട്ടിക്കുന്ന കാഴ്ച എത്രമാത്രം അരോചകമാണ്. കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടത്തിയ ഭരണസമിതിയിൽ നിന്ന് 125 കോടി തിരിച്ച് ഈടാക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. ഇതുപോലുള്ള തട്ടിപ്പുകൾ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കുമെന്ന യാഥാർത്ഥ്യം തട്ടിപ്പുകാരും അവർക്ക് ഒത്താശ നല്‌കുന്ന രാഷ്ട്രീയക്കാരും ഓർക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |