തിരുവനന്തപുരം: എം.ജി, മലയാളം സർവകലാശാലകളിൽ വൈസ്ചാൻസലർമാരുടെ ചുമതല കൈമാറാൻ സർക്കാർ ഗവർണർക്ക് പുതിയ പാനൽ നൽകി. വിരമിച്ച വി.സി പ്രൊഫ. സാബു തോമസിന്റെ പേരുൾപ്പെടുത്തി നേരത്തേ നൽകിയ പാനൽ ഗവർണർ തള്ളിയതിനെത്തുടർന്നാണിത്.
എം.ജിയിലേക്ക് സാബു തോമസ്, പ്രൊഫസർമാരായ അരവിന്ദ് കുമാർ, കെ.ജയചന്ദ്രൻ എന്നിവരുടെ പാനലാണ് സർക്കാർ നൽകിയത്. വിരമിച്ച വി.സിയും താരതമ്യേന ജൂനിയറായ പ്രൊഫസർമാരുമടങ്ങിയ പാനലാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ അംഗീകരിച്ചില്ല. ഇതേത്തുടർന്ന് സാബുതോമസിന്റെ പേരൊഴിവാക്കി ഫിസിക്സ് പ്രൊഫസർ ഡോ. പി. സുദര്‍ശനകുമാറിനെ ഉൾപ്പെടുത്തിയാണ് ഇന്നലെ പുതിയ പാനൽ നൽകിയത്. ഒന്നാം പേര് മുൻ പി.വി.സി കൂടിയായ അരവിന്ദകുമാറിന്റേതാണ്.
മലയാളം വാഴ്സിറ്റിയിൽ സർവകലാശാലയിലെ സ്കൂൾ ഒഫ് ലെറ്റേഴ്സിലെ പ്രൊഫസർ ഡോ.പി.എസ്. രാധാകൃഷ്ണന്റെ പേരാണ് സർക്കാർ നൽകിയത്. എന്നാൽ രാധാകൃഷ്ണൻ താരതമ്യേന ജൂനിയർ പ്രൊഫസറാണെന്നാണ് ഗവർണർ വിലയിരുത്തി. ഇതേത്തുടർന്ന്
പ്രൊഫസർമാരായ ഡോ. കൃഷ്ണൻ നമ്പൂതിരി, ഡോ.സുഷമ എന്നിവരെക്കൂടി പാനലിൽ ഉൾപ്പെടുത്തി. ഗവർണർ 4ന് തലസ്ഥാനത്ത് മടങ്ങിയെത്തും. പുതിയ പാനലിൽ അന്ന് തീരുമാനമെടുത്തേക്കും. 4ന് വൈകിട്ട് ഡൽഹിയിലേക്ക് പോയാൽ പിന്നീട് 11നേ തിരിച്ചെത്തൂ.
ഡോ. സാബു തോമസിന്റെ സേവനം തുടര്‍ന്നും എം.ജി സര്‍വകലാശാലയ്ക്ക് വേണമെന്ന ആഗ്രഹമായിരുന്നു സര്‍ക്കാരിനെന്നും ഏറ്റവും വേഗത്തില്‍ വൈസ് ചാന്‍സലറെ കണ്ടെത്താനാവുമെന്നും മന്ത്രി ആർ.ബിന്ദു വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |