തിരുവനന്തപുരം: വാഹനം ഇടിച്ച് റോഡ് ക്യാമറ നശിക്കുന്ന സാഹചര്യം വന്നാൽ, വാഹന ഉടമയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കഴിയുന്ന കേസുകളിൽ അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. നിയമ നടപടികളിലേക്ക് പോകുന്ന കേസുകളിൽ ക്യാമറ ശരിയാക്കാനുള്ള തുക മോട്ടർ വാഹന വകുപ്പ് നൽകും. ചെലവായ തുക കേസ് പൂർത്തിയാകുമ്പോൾ മോട്ടർ വാഹന വകുപ്പിന് നഷ്ടപരിഹാരമായി ലഭിക്കും. പുതുതായി സ്ഥാപിച്ച 10 ക്യാമറകൾ വാഹനം ഇടിച്ചു നശിച്ചു.
677 ക്യാമറകൾ പ്രവർത്തിക്കുന്നത് സോളർ പവർ കൊണ്ടാണ്. ക്യാമറകൾ പകർത്തുന്ന ചിത്രങ്ങൾ ഒട്ടോമേറ്റഡ് ആയാണ് (എഡ്ജ് പ്രോസസിംഗ്) പ്രോസസ് ചെയ്യുന്നത്. സീറ്റ് ബൈൽറ്റ്, ഹെൽമെറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, രണ്ടിൽ കൂടുതൽ പേർ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നത്, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ എന്നീ ഗതാഗത ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രോസസ് ചെയ്യുന്നതും സ്റ്റോർ ചെയ്യുന്നതിനുവേണ്ടി സെൻട്രൽ കൺട്രോൾ റൂമിലെ സെർവറിലേക്ക് അയയ്ക്കുന്നതും പൂർണമായും ഒട്ടോമേറ്റഡ് ആയാണ്.
മെഷീൻ ലേണിംഗിന്റെ ശാഖയായ ഡീപ് ലേണിംഗ് സങ്കേതിക വിദ്യയാണ് ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കണ്ടെത്താൻ ഉപയോഗിക്കുന്നത്. സർക്കാർ കമ്മിറ്റി പരിശോധിച്ചശേഷം 20 ത്രൈമാസ ഗഡുക്കളായി 5 വർഷം കൊണ്ടാണ് കെൽട്രോണിന് ക്യാമറ പദ്ധതിയുടെ തുക കൈമാറുന്നത്. കരാർ കമ്പനിയായ എസ്.ആർ.ഐ.ടിയുടെ ടെൻഡർ തുകയായ 151.22 കോടി രൂപ 20 തുല്യ ഗഡുക്കളായി കെൽട്രോൺ നൽകും. പദ്ധതിയുടെ മൊത്തം ചെലവ് 232 കോടി രൂപയാണ്.
കേന്ദ്ര വാഹന നിയമം അനുസരിച്ച് ക്യാമറകൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനായി അഡിഷനൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സേഫ് കേരള മോണിറ്ററിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ട് 3ന് കൈമാറിയിരുന്നു.
കോടതിയിൽ പോകാൻ പ്രതിപക്ഷത്തിന് പേടി: ആന്റണി രാജു
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറ പദ്ധതിയെ എതിർക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് മന്ത്രി ആന്റണി രാജു. റോഡ് ക്യാമറയിൽ അഴിമതിയുണ്ടെങ്കിൽ പ്രതിപക്ഷം കോടതിയിൽ പോകണം. അതിനവർ തയ്യാറാകാത്തത് കോടതിയിൽ പോയാൻ തിരിച്ചടി കിട്ടുമെന്ന് പേടിച്ചാണ്.
100 ക്യമാറ 40 കോടി രൂപയ്ക്ക് 10 വർഷം മുമ്പ് വച്ചവരാണ് ഇപ്പോൾ കുറ്റം പറയുന്നത്. കെൽട്രോൺ സർക്കാരിന്റെ അക്രിഡറ്റ് ഏജൻസിയാണ്. സർക്കാർ നടത്തിയ അന്വേഷണത്തിൽ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല.
എത്രരൂപയാണ് ക്യാമറയ്ക്ക് എന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് കെൽട്രോൺ മറുപടി തരാത്തത് സംബന്ധിച്ച ചോദ്യത്തിലും മന്ത്രി കെൽട്രോണിനെ ന്യായീകരിച്ചു. എല്ലാ കാര്യങ്ങളും വെളിപ്പെടുത്തേണ്ടതില്ല. അപ്പലേറ്റ് അതോറിട്ടിയെ സമീപിക്കാനുള്ള അവകാശം ചോദ്യം നൽകിയവർക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്കും പിഴ
ആവശ്യമായ ഘട്ടങ്ങളിൽമാത്രമെ തന്റെ കാർ വേഗതയിൽ പോവുകയുള്ളുവെന്ന് മന്ത്രി. തന്റെ പേരിലുള്ള മറ്റൊരു വാഹനം അമിത വേഗതയിൽ പോയപ്പോൾ എം.വി.ഡി പിഴ ചുത്തിയിട്ടുണ്ട്.
ക്യാമറയിൽ കുടുങ്ങുന്നത് കോൺഗ്രസുകാർ മാത്രമല്ല : കെ.സുധാകരൻ
തിരുവനന്തപുരം: വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നടപ്പാക്കുന്ന എ.ഐ ക്യാമറ ചതിക്കുഴിയിൽ കുടുങ്ങാൻ പോകുന്നത് കോൺഗ്രസുകാർ മാത്രമല്ലെന്ന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അണികൾ ഓർക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം പി.
അഴിമതി ക്യാമറയ്ക്കെതിരെ കോൺഗ്രസ് ഇന്ന് നടത്തുന്ന സുപ്രധാനസമരത്തിൽ ഇടതുപക്ഷക്കാരും ബി.ജെ.പിക്കാരും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും അണിചേരണമെന്നും സുധാകരൻ അഭ്യർത്ഥിച്ചു.
അഴിമതിയും ജനദ്രോഹവും മുഖമുദ്രയാക്കിയ എഐ ക്യാമറ പദ്ധതിയെ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും തോല്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിന് അഞ്ചുവർഷവും ശുഷ്കമായ ഖജനാവിലേക്ക് ആജീവനാന്തകാലവുമാണ് അഴിമതി ക്യാമറയിലൂടെ പണം എത്തുന്നത്. ജനരോഷം കാണാതിരിക്കാനാണ് മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ പേരിൽ അമേരിക്കയിൽ നടക്കുന്ന വമ്പിച്ച പണപ്പിരിവിനെതിരെ അവിടെയും ജനരോഷം ആളിക്കത്തുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി വിസ്മരിക്കേണ്ടെന്നും
സുധാകരൻ പറഞ്ഞു.
ക്യാമറയുടെ പേരിൽ പോക്കറ്റടി
പള്ള വീർപ്പിക്കാൻ: ചെന്നിത്തല
തിരുവനന്തപുരം: അഴിമതി ക്യാമറയുടെ മറവിൽ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീർപ്പിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ റോഡുകൾ യോഗ്യമാക്കാതെയാണ് അഴിമതി പദ്ധതി നടപ്പിലാക്കുന്നത്. കാലവർഷവും സ്കൂൾ തുറക്കലുമെത്തിയിട്ടും റോഡിന്റെ അറ്റകുറ്റപ്പണിക്കായി ജൂൺ 29ന് മുഖ്യമന്ത്രി യോഗം വിളിച്ച് പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പറഞ്ഞത് ആരെപ്പറ്റിക്കാനാണ്. വകുപ്പുകൾ തമ്മിൽ യോജിപ്പില്ലാത്തതിനാൽ റോഡുകൾ തോന്നും പടി കുഴിച്ചു നാശമാക്കിയിരിക്കയാണ്. ക്യാമറ കൊള്ളയ്ക്കെതിരെ വൈകാതെ യു.ഡി. എഫ് കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ക്യാമറകൾക്കു മുന്നിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: എ.ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങുന്ന ഇന്ന് കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. വൈകിട്ട് 4ന് കോൺഗ്രസ് പ്രവർത്തകർ 726 അഴിമതി ക്യാമറകൾക്കു മുന്നിലും ധർണ നടത്തും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസ്സൻ, കെ.മുരളീധരൻ തുടങ്ങിയവർ വിവിധ ജില്ലകളിൽ നടക്കുന്ന ധർണയിൽ പങ്കെടുക്കും.
മിഴിതുറന്നാൽ നിയമ
ലംഘനം കുറയും
തിരുവനന്തപുരം: എ.ഐ ക്യാമറകൾ പിഴ ഈടാക്കി ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗത നിയമം ലംഘിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനു താഴെ എത്തുമെന്ന് മോട്ടോ വാഹന വകുപ്പ്.
മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതിന്റെ തലേദിവസമായ ഏപ്രിൽ 18ന് ക്യാമറകൾ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം 4,23,000 ആയിരുന്നു. ഉദ്ഘാടനത്തിന്റെ അടുത്ത ദിവസമായ ഏപ്രിൽ 20ന് അത് 2,85,000 ആയി കുറഞ്ഞു. കഴിഞ്ഞ മാസത്തെ ശരാശരി 2,55,500 ആണ്. കഴിഞ്ഞ ദിവസം അത് വീണ്ടും 2,31,250 ലെത്തി. പിഴ ഈടാക്കും മുമ്പു തന്നെ ഈ കുറവ് ഉണ്ടായെങ്കിൽ പിഴ വരുമെന്നുറപ്പായാൽ എല്ലാവരും നിയമം പാലിക്കാൻ നിർബന്ധിതരാകുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |