കൊല്ലം: സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ കിളികൊല്ലൂർ സി.ഐ അടക്കം നാല് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ദക്ഷിണ മേഖല ഐ.ജി പിൻവലിച്ചു.
കിളികൊല്ലൂർ എസ്.എച്ച്.ഒ ആയിരുന്ന കെ.വിനോദ്, എസ്.ഐ എ.പി.അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സീനിയർ സി.പി.ഒ മണികണ്ഠൻപിള്ള എന്നിവരെയാണ് തിരിച്ചെടുത്തത്. സസ്പെൻഷൻ കാലയളവ് ഏഴ് മാസത്തോളം പിന്നിട്ട സാഹചര്യത്തിലാണ് നടപടി പിൻവലിച്ചതെന്നാണ് വിശദീകരണം. ഇവർക്ക് ജില്ലയ്ക്ക് പുറത്ത് നിയമനം നൽകാനാണ് സാദ്ധ്യത.
സൈനികനായ കരിക്കോട് പേരൂർ ഇന്ദീവരത്തിൽ വിഷ്ണു, സഹോദരൻ വിഘ്നേഷ് എന്നിവരെയാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രനെ സ്റ്റേഷനിൽ വച്ച് കസേരയിൽ നിന്ന് വലിച്ച് നിലത്തിട്ട് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചെന്ന പേരിൽ കള്ളക്കേസിൽ കുടുക്കിയത്.
എം.ഡി.എം.എ കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന സഹോദരന്മാർ അക്രമാസക്തരായെന്നായിരുന്നു പൊലീസ് പ്രചരിപ്പിച്ചത്. റിമാൻഡിലായ സഹോദരന്മാർ പിന്നീട് പുറത്തിറങ്ങി കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവം പുറത്തായത്.
എം.ഡി.എം.എയുമായി പിടിയിലായ യുവാവിനെ ജാമ്യത്തിലെടുക്കാൻ എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. വിഘ്നേഷ് മടങ്ങാൻ ഒരുങ്ങിയതോടെ തർക്കം രൂപപ്പെട്ടു. ഇതിനിടെ സ്ഥലത്തെത്തിയ സൈനികനായ വിഷ്ണുവിനെ പ്രകാശ് ചന്ദ്രൻ തടഞ്ഞു. പരാതിപ്പെടാൻ സ്റ്റേഷനിലുള്ളിലെത്തിയ വിഷ്ണുവിനെയും വിഘ്നേഷിനെയും പ്രകാശ് ചന്ദ്രൻ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. തടയുന്നതിനിടയിൽ പ്രകാശ് ചന്ദ്രൻ നിലത്ത് വീണതിന് പിന്നാലെ മറ്റ് പൊലീസുകാർ സംഘം ചേർന്ന് സഹോദരങ്ങളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ആഗസ്റ്റ് 25നായിരുന്നു സംഭവം. ഇതുസംബന്ധിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബർ 20നാണ് നാല് ഉദ്യോഗസ്ഥരെയും ദക്ഷിണ മേഖല ഐ.ജി പി.പ്രകാശ് സസ്പെൻഡ് ചെയ്തത്.
അന്വേഷണം
ഇഴയുന്നു
സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പിയുടെ അന്വേഷണവും ഡി.സി.ആർ.ബി ഡിവൈ.എസ്.പി നടത്തുന്ന വകുപ്പ് തല അന്വേഷണവും ഇഴയുകയാണ്. ദൃക്‌സാക്ഷി മൊഴി പോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സഹോദരങ്ങൾ സ്റ്റേഷനുള്ളിൽ വച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയായെങ്കിലും ആരാണ് മർദ്ദിച്ചതെന്ന് കണ്ടെത്താനായില്ലെന്നായിരുന്നു കമ്മിഷണറുടെ റിപ്പോർട്ട്. അതേസമയം സഹോദരങ്ങൾക്കെതിരെ കിളികൊല്ലൂർ പൊലീസ് ചുമത്തിയ കള്ളക്കേസിൽ ചാർജ് ഷീറ്റ് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |