ന്യൂഡൽഹി: ലൈംഗിക പീഡന പരാതി നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ വീട്ടിലെത്തി പന്ത്രണ്ടോളം പേരുടെ മൊഴിയെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വീട്ടിലാണ് ഡൽഹി പൊലീസെത്തിയത്.
ബ്രിജ് ഭൂഷൺ സിംഗിന്റെ അനുയായികളെയും പൊലീസ് ചോദ്യം ചെയ്തു. അന്വേഷണ സംഘം ഇവരുടെ പേര് വിവരങ്ങളും തിരിച്ചറിയൽ കാർഡുകളുമൊക്കെ ശേഖരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വീട്ടിൽ വച്ച് എംപിയെ ചോദ്യം ചെയ്‌തോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കേസിൽ ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏപ്രിൽ ഇരുപത്തിയെട്ടിന് ബ്രിജ് ഭൂഷൺ സിംഗിനെതിരെ രണ്ട് എഫ് ഐ ആറുകളാണ് ഡൽഹി പൊലീസ് രേഖപ്പെടുത്തിയത്. മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവാണ് പരാതികളിലൊരെണ്ണം നൽകിയത്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ബ്രിജ് ഭീഷൺ സിംഗ് നിഷേധിച്ചിരുന്നു.കേസ് തെളിയിക്കാനായാൽ തൂങ്ങിമരിക്കുമെന്നും എം പി നേരത്തെ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |