തിരുവനന്തപുരം: മൂന്ന് ഗുണ്ടകളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽത്തടങ്കലിലാക്കി.സിറ്റി പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവ് പ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.ആറ്റുകാൽ സ്വദേശി പാടശേരി ബൈജു(40), പേട്ട കവറടി സ്വദേശി പല്ലൻ സജീവ് എന്ന സജി(32), പേട്ട ചായക്കുടി ലെയ്ൻ സ്വദേശി വേലായുധൻ എന്ന സന്തോഷ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ കാലുകൾ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് പാടശേരി ബൈജു. ആറ്റുകാൽ പാടശേരി സ്വദേശി ഓട്ടോഡ്രൈവർ ശരത്തിനെയാണ് ബൈജുവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ആക്രമിച്ചത്. പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ക്രൂരമായി മർദിച്ച് അവശനാക്കി ചതുപ്പിൽ തള്ളി മാരകായുധങ്ങൾ കൊണ്ട് വെട്ടുകയായിരുന്നു.
കാറിന്റെ ഹോൺ മുഴക്കിയതിന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി മർദിച്ച കേസിൽ റിമാൻഡ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് സജീവ്. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വഞ്ചിയൂർ ഉപ്പിടാംമൂട് പാലത്തിനു സമീപം ഏപ്രിൽ 20ന് കാറിൽ വരികയായിരുന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷ കുറുകെ കൊണ്ടിട്ട് തടഞ്ഞ് നിറുത്തി മർദ്ദിച്ചതാണ് ഒടുവിലത്തെ സംഭവം. ഇയാളെ കുളത്തൂപ്പുഴ കാടിനുള്ളിലെ ഒളിസങ്കേതത്തിൽ നിന്നാണ് വഞ്ചിയൂർ പൊലീസ് എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്.
ആറ്റുകാൽ സ്വദേശി സതീഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ്.ഇയാൾക്കെതിരെ അടിപിടി, വധശ്രമം ഉൾപ്പെടെ 10ഓളം കേസുകളുണ്ട്.പിടികൂടിയ ഇവർ വീണ്ടും കുറ്റകൃത്യങ്ങളിൽ നേരിട്ടും അല്ലാതെയും പങ്കെടുക്കുന്നതായി പൊലീസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ,ഫോർട്ട് പൊലീസിന്റെ നേതൃത്വത്തിലുള്ള കരുതൽ അറസ്റ്റ്. വരും ദിവസങ്ങളിൽ സ്പെഷ്യൽ ഡ്രൈവിൽ കൂടുതൽ ഗുണ്ടകളെ വലയിലാക്കുമെന്നും സിറ്റി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |