ചെന്നൈ: വി.ഐ.ടി.-എ.പി. സർവകലാശാല ദിനാഘോഷം സംഘടിപ്പിച്ചു. ബോഷ് ഗ്ലോബൽ സോഫ്റ്റ്‌വേർ ടെക്നോളജീസ് ഗ്ലോബൽ എച്ച്.ആർ. മേധാവി രാജ്കുമാർ ബോനം മുഖ്യാതിഥിയായി. വി.ഐ.ടി-എ.പിയുടെ വിദ്യാഭ്യാസ ആശയത്തെ അദ്ദേഹം അഭിനന്ദിച്ചു, ബോഷ് ഗ്ലോബൽ സോഫ്റ്റ്‌വേർ ടെക്നോളജീസിന് വി.ഐ.ടി.-എ.പി.യുമായുള്ള ദീർഘകാലബന്ധം ഇനിയും തുടരാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വി.ഐ.ടി. സ്ഥാപക ചാൻസലർ ഡോ. ജി. വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. വിഐടിയിലെ നാല് കാമ്പസുകളിലായി 80,000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസമാണ് വി.ഐ.ടി നൽകുന്നതെന്നും വിദ്യാർഥികളുടെ വിജയം ഇതിന് തെളിവാണെന്നും ജി.വിശ്വനാഥൻ പറഞ്ഞു.
വി.ഐ.ടി.-എ.പി. സർവകലാശാല വൈസ് ചാൻസലർ ഡോ. എസ്.വി. കോട്ട റെഡ്ഡി വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് മഹാത്മാഗാന്ധി അക്കാദമിക് ബ്ലോക്കിൽ മേക്കേഴ്സ് സ്പേസ് ആൻഡ് എഞ്ചിനീയറിംഗ് ക്ലിനിക്കുകൾ തുറന്നു.
വിവിധ പുരസ്കാരങ്ങൾ സ്വന്തമാക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്റ്റാഫിനെയും ചടങ്ങിൽ അനുമോദിച്ചു. 171 അക്കാദമിക് അവാർഡുകൾ, 12 എൻഡോവ്‌മെന്റ് അവാർഡുകൾ, 142 ഫാക്കൽറ്റി അവാർഡുകൾ, 24 സ്റ്റാഫ് അവാർഡുകൾ, 110 റിസർച്ച് സ്കോളർമാർ എന്നീ പുരസ്കാരങ്ങളാണ് ലഭിച്ചത്. കൂടാതെ 5 വർഷം സർവീസ് പൂർത്തിയാക്കിയ 32 അധ്യാപകരെയും 17 ജീവനക്കാരെയും ആദരിച്ചു.
അക്കാദമിക്, എൻഡോവ്മെന്റ്, ഫാക്കൽറ്റി തുടങ്ങിയ വിഭാഗങ്ങളിൽ മികവുപ്രകടിപ്പിച്ചവർക്ക് പുരസ്കാരം നൽകി. രജിസ്ട്രാർ ഡോ. ജഗദീഷ് ചന്ദ്ര മുദിഗന്തി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനുപമ നമ്പുരു തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |