ന്യൂഡൽഹി: അടുത്ത കൊല്ലം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ലക്ഷ്യമിട്ട് ജൂൺ 23ന് ബിഹാർ തലസ്ഥാനമായ പാറ്റ്‌നയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ജൂൺ 12ന് നടത്താനിരുന്ന യോഗം ചില നേതാക്കളുടെ അസൗകര്യം കണക്കിലെടുത്ത് മാറ്റുകയായിരുന്നു.
ജൂൺ 23-ന് യോഗം നടത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളും സമ്മതിച്ചതായി ജെ.ഡി.യു നേതാവ് ലലൻ സിംഗ് അറിയിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തിമോർച്ച നേതാവുമായ ഹേമന്ത് സോറൻ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, എൻ.സി.പി മേധാവി ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.എെ എം.എൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നും ലാലൻ സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |