തിരുവനന്തപുരം: കേരള പൊലീസിൽ അടുത്തിടെയുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും തെറ്റ് ചെയ്യുന്ന പൊലീസുകാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസുകാർ തെറ്റ് ചെയ്‌താൽ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവിക്കാൻ പാടില്ലാത്തതൊന്നും പൊലീസ് സേനയിൽ സംഭവിക്കരുത്. ആരെങ്കിലും തെറ്റ് ചെയ്‌താൽ അവരെ സംരക്ഷിക്കില്ല. എന്നാൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പീരുമേട് കസ്‌റ്റഡി മരണം അടക്കമുള്ള കാര്യങ്ങളിൽ പ്രതിപക്ഷം പൊലീസിനെതിരെയും സർക്കാരിനെതിരെയും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. 177 മത്സ്യത്തൊഴിലാളികൾ കോസ്‌റ്റൽ പൊലീസ് വാർഡന്മാരായി ചുമതലയേൽക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിൽ നടക്കുന്ന ചില കാര്യങ്ങൾ ഒറ്റപ്പെട്ടതാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സേനയിലെ ചില കാര്യങ്ങൾ വേദനിപ്പിക്കുന്നതാണ്. സ്വന്തം താത്പര്യങ്ങൾ അതേപടി പ്രകടിപ്പിക്കേണ്ട സ്ഥലമല്ല പൊലീസ്. തെറ്റ് ചെയ്‌താൽ കർശന നടപടി സ്വീകരിക്കും. തെറ്റ് ചെയ്‌താൽ കർശന നടപടിയെന്നാണ് സർക്കാർ നയം. ഇക്കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |