പാരീസ് : നിലവിലെ ചാമ്പ്യനും ലോക ഒന്നാം റാങ്ക് താരവുമായ ഇഗ ഷ്വാംടെക്ക് ഫ്രഞ്ച് ഒാപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് സെമിഫൈനലിലെത്തി.ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം കോക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഇഗ അവസാന നാലിലേക്ക് കടന്നത്. ഒരു മണിക്കൂർ 28 മിനിട്ട് കൊണ്ട് 6-4,6-2 എന്ന സ്കോറിനാണ് ഇഗ കോക്കോയെ കീഴടക്കിയത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ കോക്കോയെ തോൽപ്പിച്ചാണ് ഇഗ കിരീടമണിഞ്ഞിരുന്നത്. കോക്കോയ്ക്കെതിരെ ഇതുവരെ ഒരു കളിയും തോറ്റിട്ടില്ലെന്ന റെക്കാഡ് കാത്തുസൂക്ഷിക്കാനും ഇഗയ്ക്ക് കഴിഞ്ഞു.ഇതുവരെ ഏഴുമത്സരങ്ങളിലാണ് ഇവർ ഏറ്റുമുട്ടിയിട്ടുള്ളത്.
2020ലും ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുള്ള ഇഗ ഇത്തവണ സെമിയിൽ ബ്രസീലിയൻ താരം ബിയാട്രീസ് ഹദ്ദാദ് മായിയെയാണ് നേരിടുന്നത്. 14-ാം സീഡായ ബിയാട്രീസ് ക്വാർട്ടറിൽ ഏഴാം സീഡ് ഒൻസ് ജബേയുറിനെ അട്ടിമറിച്ചാണ് അവസാനനാലിലെത്തിയിരിക്കുന്നത്. സ്കോർ : 3-6, 7-6(5), 6-1. രണ്ട് മണിക്കൂർ 29 മിനിട്ടാണ് മത്സരം നീണ്ടത്.
1968ന് ശേഷം ആദ്യമായി ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ വനിതാസിംഗിൾസ് സെമിയിലെത്തുന്ന ബ്രസീലിയൻ താരമാണ് ബിയാട്രീസ് ഹദ്ദാദ് മായി. ഏഴ് ഗ്രാൻസ്ളാം നേടിയിട്ടുള്ള മരിയ ബുയേനോയാണ് ബിയാട്രീസിനെക്കൂടാതെ ഗ്രാൻസ്ളാം സെമിയിലെത്തിയിട്ടുള്ള ബ്രസീലിയൻ വനിത. ഇവർ 2018ൽ അന്തരിച്ചിരുന്നു.
ഫ്രഞ്ച് ഒാപ്പണിൽ ഇഗയുടെ 12-ാം തുടർവിജയമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |