SignIn
Kerala Kaumudi Online
Friday, 26 April 2024 11.39 PM IST

മയാമിയിലേക്കൊരു മലക്കം മറിച്ചിൽ

messi

പാരീസ്: മാസങ്ങൾക്ക് മുന്നേ പണക്കിഴിയുമായി കാത്തുകെട്ടിക്കിടന്ന സൗദി അറേബ്യൻ ക്ളബ് അൽ ഹിലാലിനെയും പിണക്കി പറഞ്ഞയച്ചിടത്തേക്ക് തിരിച്ചുകൊണ്ടുപോകാനെത്തിയ ബാഴ്സലോണയെയും അമ്പരപ്പിച്ച് ലോകകപ്പ് ജേതാവായ അർജന്റീനിയൻ താരം ലയണൽ മെസി അമേരിക്കൻ ക്ളബ് ഇന്റർ മയാമിയിൽ ചേക്കേറി. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയുമായുള്ള കരാർ അവസാനിച്ചശേഷം എങ്ങോട്ടുപോകുമെന്ന് ആകാംക്ഷയോടെകാത്തിരുന്ന മെസിയുടെ ആരാധകരെപ്പോലും ഞെട്ടിച്ച അപ്രതീക്ഷിത തീരുമാനമാണ് താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് സാങ്കേതിക തടസങ്ങളുടെ പേരിൽ വൈകുമെന്ന് ഉറപ്പായതോടെയാണ് താൻ അമേരിക്കൻ ക്ളബിലേക്ക് പോകാൻ തീരുമാനിച്ചതെന്ന് മെസി സ്പാനിഷ് മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. പണമായിരുന്നില്ല തന്നെ ആകർഷിച്ച ഘടകമെന്നും അങ്ങനെയായിരുന്നെങ്കിൽ താൻ സൗദി ലീഗിലേക്കേ പോകുമായിരുന്നുള്ളൂവെന്നും മെസി പറഞ്ഞു. എന്നെങ്കിലുമൊരിക്കൽ ബാഴ്സയിലേക്ക് തിരിച്ചുവരണമെന്ന് തനിക്കിപ്പോഴും ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി.

ഇംഗ്ലീഷ് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മയാമി നാലു വർഷത്തേക്ക് പ്രതിവർഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് മെസിക്ക് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അൽ ഹിലാൽ ഏകദേശം 3270 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്.

മെസി പറഞ്ഞത് ...

ഇന്റർ മയാമിയിൽ ചേക്കേറാനുള്ള തീരുമാനത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞ കാര്യങ്ങൾ

എനിക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഞാനത് സ്വപ്‌നം കണ്ടിരുന്നു. അതിൽ ഞാൻ ആവേശത്തിലായിരുന്നു. പക്ഷേ രണ്ടു വർഷം മുമ്പ് ഇതുപോലെ നടന്ന കാര്യം ആലോചിച്ചപ്പോൾ അന്ന് അനുഭവിച്ചത് പോലുള്ള അവസ്ഥയിലൂടെഒരിക്കൽക്കൂടി കടന്നുപോകാൻ ഞാൻ ആഗ്രഹിച്ചില്ല. എന്റെ ഭാവി മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെയും എന്റെ കുടുംബത്തെയും ആലോചിച്ച് എനിക്ക് സ്വന്തം തീരുമാനമെടുക്കണമായിരുന്നു

മറ്റ് യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും എനിക്ക് ഓഫറുകൾ ലഭിച്ചിരുന്നു. പക്ഷേ അവയൊന്നും ഞാൻ പരിഗണിക്കുക പോലും ചെയ്തിരുന്നില്ല. കാരണം യൂറോപ്പിൽ ബാഴ്‌സലോണയിലേക്ക് പോകുക എന്നത് മാത്രമായിരുന്നു എന്റെ ഏക ആഗ്രഹം. പക്ഷേ എന്നെ തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണയ്ക്ക് കളിക്കാരെ വിൽക്കേണ്ടതുണ്ടെന്നും മറ്റുള്ളവരുടെ വേതനം വെട്ടിക്കുറയ്‌ക്കേണ്ടതുണ്ടെന്നും കേട്ടു. അതിനൊന്നും കാരണക്കാരനാകാൻ ഞാൻ താത്പര്യപ്പെടുന്നില്ല. എന്നാൽ ബാഴ്‌സയിലേക്കുള്ള മടക്കം ഇപ്പോൾ നടക്കില്ലെന്ന് ഉറപ്പായപ്പോാണ് മയാമിയിൽ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിച്ചത്.

പണം എനിക്കൊരിക്കലും ഒരു പ്രശ്നമായിരുന്നില്ല. ബാഴ്സലോണയുമായുള്ള കരാറിനെക്കുറിച്ച് ഞങ്ങൾ ചർച്ച പോലും ചെയ്തിരുന്നില്ല. അവർ ഒരു പ്രൊപ്പോസൽ അയച്ചു, പക്ഷേ അത് ഒരിക്കലും രേഖാമൂലം എഴുതി ഒപ്പിട്ട ഔദ്യോഗിക രേഖയായിരുന്നില്ല. പ്രതിഫലത്തിന്റെ കാര്യത്തിൽ ഞങ്ങൾ യാതൊരു കടുംപിടുത്തവും നടത്തിയിട്ടില്ല. പണമായിരുന്നില്ല കാര്യം. പണത്തിനായിരുന്നെങ്കില്‍ ഞാന്‍ സൗദി അറേബ്യയിലേക്കോ അല്ലെങ്കിൽ മറ്റെവിടേക്കെങ്കിലുമോ പോകുമായിരുന്നു. അൽഹിലാലിന്റെ ഓഫർ വളരെ വലിയൊരു തുകയായിരുന്നു. മറ്റൊരിടത്തേക്ക് പോകാനുള്ള എന്റെ അന്തിമ തീരുമാനം പണം ലക്ഷ്യംവെച്ചിട്ടുള്ളതല്ല എന്നതാണ് സത്യം

എനിക്ക് ബാഴ്‌സലോണയുമായി അടുത്ത് നിൽക്കാന്‍ ഇഷ്ടമാണ്. ഇനിയും ഞാൻ ബാഴ്‌സലോണയിൽ ജീവിക്കും. ഒരു ദിവസം ക്ലബ്ബിനെ സഹായിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അത് ഞാൻ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ്. ബാഴ്‌സ ആരാധകരുടെ എല്ലാ പിന്തുണയ്ക്കും നന്ദി. തീർച്ചയായും അവിടേക്ക് വീണ്ടും വരാൻ ഞാൻ ആഗ്രഹിക്കുന്നു

ബുധനാഴ്ചയാണ് മെസി അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബ് ഇന്റർ മയാമിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നത്. അർജന്റീനയിലെ പ്രശസ്ത ജേണലിസ്റ്റ് ഹെർനാൻ കാസിലോയാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. പിന്നാലെ ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ബെക്കാമിന്റെ മയാമി മുൻ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബാൾ ക്ലബ്ബാണ് ഇന്റർ മയാമി. മാസങ്ങൾക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ബെക്കാം, മെസിയുമായി ചർച്ച നടത്തിയിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. നാല് വർഷത്തേക്ക് പ്രതിവർഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് മയാമി, മെസ്സിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട മെസ്സിക്കായി സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാൽ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അൽ ഹിലാൽ ഏകദേശം 3270 കോടി രൂപയാണ് മെസിക്കായി വാഗ്ദാനം ചെയ്തത്.

ബാഴ്സയ്ക്ക് വിനയായത് ഇതിനിടെ മെസ്സിയുടെ പിതാവും ഫുട്ബാൾ ഏജന്റുമായ യോർഗെ ബാഴ്സലോണ പ്രസിഡന്റ് യൊഹാൻ ലാപോർട്ടെയുമായി ചർച്ചനടത്തിയിരുന്നു. മെസി ബാഴ്സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യോർഗെ പ്രതികരിക്കുകയും ചെയ്തിരുന്നു.പക്ഷേ ലാ ലിഗയിലെ ഫിനാൻഷ്യൽ ഫെയർപ്ലേ (എഫ്.എഫ്.പി) ചട്ടങ്ങൾ ബാഴ്സയ്ക്കും മെസിക്കും ഇടയിൽ തടസ്സമായി നില്‍ക്കുകയായിരുന്നു. പ്രധാനമായും ക്ലബ്ബുകൾ വരവിൽ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ. ഇതനുസരിച്ച് കളിക്കാരുടെ ട്രാൻസ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും കൈവിട്ട് തുക ചിലവഴിക്കാനാവില്ല. 2021ൽ എഫ്.എഫ്.പി ചട്ടങ്ങൾ പാലിക്കാനാവില്ല എന്ന ഘട്ടത്തിലാണ് ബാഴ്സയ്ക്ക് മെസ്സിയെ കൈവിടേണ്ടി വന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MESSI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.