നൃത്തമായിരുന്നു എല്ലാം. നർത്തകിയാവണമെന്ന ആഗ്രഹത്തിൽ നൃത്തം പഠിക്കാൻ ചേർന്നെങ്കിലും വിധി മറ്റൊന്നായിരുന്നു. നൃത്തത്തിൽ നിന്ന് വ്യതിചലിച്ച് നാടകത്തിലേക്ക് പോയി. പിന്നീട് നാടകമായിരുന്നു ജീവിതം തന്നെ. അറുപതുകളിൽ നാടകവേദികളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു കെ.പി.എ.സി ലീല. കെ.പി.എ.സിയുടെ ഹിറ്റ് നാടകങ്ങളിലെ നായികമാരിലൊരാൾ. കെ.പി.എ.സിയുടെ നാടകങ്ങൾ പിന്നീട് സിനിമയായപ്പോൾ അതിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ഗണേഷ് രാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത പൂക്കാലം എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായി തിരിച്ചു വരവ്. തന്റെ അഭിനയ ജീവിതവും പുതിയ വിശേഷങ്ങളും കെ.പി.എ.സി ലീല കേരള കൗമുദിയോട് പങ്കുവച്ചു.
സിനിമയിലേത്
ഇത് രണ്ടാം വരവ്
കെ.പി.എ.സിയുടെ നാടകങ്ങൾ സിനിമയാക്കിയപ്പോൾ അതിലെല്ലാം അഭിനയിച്ചിരുന്നു. മുടിയനായ പുത്രനാണ് ആദ്യ സിനിമ. ചെറിയ വേഷമായിരുന്നു. പിന്നീട് പുതിയ ആകാശം പുതിയ ഭൂമി, അദ്ധ്യാപിക, അമ്മയെ കാണാൻ തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. അമ്മയെ കാണാൻ എന്ന ചിത്രത്തിൽ മധുവിന്റെ കാമുകിയായി ആണ് വേഷമിട്ടത്. സത്യനും ആ ചിത്രത്തിൽ ഉണ്ടായിരുന്നു. വിവാഹശേഷം അഭിനയം നിർത്തി .കുട്ടികളും അവരുടെ പഠിത്തവും എല്ലാം തിരക്കായതോടെ അഭിനയം മനസിൽ മാത്രമൊതുങ്ങി. കെ.പി.എ.സി ലളിത അടുത്ത സുഹൃത്തായിരുന്നു. ഏഴുവർഷം ഒരുമിച്ചുണ്ടായിരുന്നു. ലളിതയുടെ അൻപതുവർഷത്തെ സിനിമാ ജീവിതം ആഘോഷിക്കുന്ന ചടങ്ങിൽ പോവുകയും അവിടെ വച്ച് സംവിധായകൻ ജയരാജിനെ കാണാനിടയാവുകയും ചെയ്തു. അങ്ങനെയാണ് ജയരാജിന്റെ രൗദ്രം 2018 സിനിമയിലേക്ക് എത്തുന്നത്. 2019 ൽ റിലീസ് ചെയ്ത ആ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു. അതിനു ശേഷം ജ്വാലാമുഖി, ഡിവോഴ്സ് തുടങ്ങി സിനിമകളിലും വേഷമിട്ടിരുന്നു. ഇപ്പോൾ പൂക്കാലം. ഇതൊരു രണ്ടാം വരവ് തന്നെയാണ്.
പൂക്കാലത്തിലെ
ഇച്ചാമ്മ
പൂക്കാലം സിനിമയിലെ കഥാപാത്രം വളരെ ഇഷ്ടപ്പെട്ട് അവതരിപ്പിച്ചതാണ്. ആ കഥാപാത്രം എന്നെത്തേടി വന്നതായിരുന്നു എന്ന് പറയാം. ശരിക്കും ആസ്വദിച്ച് ചെയ്ത കഥാപാത്രമായിരുന്നു കൊച്ചുത്രേസ്യാമ്മ എന്ന ഇച്ചാമ്മയുടെ വേഷം. ആ കഥാപാത്രം ചെയ്തതിലൂടെ കുറേ ആളുകൾ വിളിച്ച് നന്നായെന്ന് പറഞ്ഞു. പ്രേക്ഷകരുടെ ആ പ്രതികരണം ഒരു അഭിനേത്രിയെ സംബന്ധിച്ച് അവാർഡിനു തുല്യമാണ്. കഥാപാത്രംഏറെ ജനശ്രദ്ധ നേടിയതിൽ വളരെ സന്തോഷമുണ്ട്.
ശ്രദ്ധേയമായ
കഥാപാത്രം
കലാമണ്ഡലത്തിൽ നൃത്തം പഠിക്കുന്നതിനിടെയാണ് നാടകത്തിലേക്ക് പ്രവേശിക്കുന്നത്. പതിനഞ്ച് വർഷം നാടക വേദികളിൽ സജീവമായിരുന്നു. അശ്വമേധം, ശരശയ്യ, മൂലധനം, ജീവിതം അവസാനിക്കുന്നില്ല, കൂട്ടുകുടുംബം, തുലാഭാരം തുടങ്ങി ഒട്ടനവധി നാടകങ്ങളിൽ അഭിനയിച്ചു. വിവാഹശേഷം നാടകത്തിന് വിരാമമിട്ടെങ്കിലും തുലാഭാരത്തിലെ വിജയ എന്ന നായിക കഥാപാത്രം ഇപ്പോഴും മനസിൽ നിൽക്കുന്ന ഒന്നാണ്. തോപ്പിൽ ഭാസിയുടെ ആ നാടകത്തിൽ സമ്പന്നയായ ഒരു കുടുംബത്തിലെ ഏക മകളായും കാമുകിയായും കോളേജ് കുമാരിയായും ഭാര്യയായും അമ്മയായുമെല്ലാം വേഷമിട്ടിട്ടുണ്ട്. ജീവിതത്തിന്റെ നിസഹായതയും പട്ടിണിയും മൂലം തന്റെ മക്കളെ വിഷം കൊടുത്ത് കൊല്ലുന്ന ക്ളൈമാക്സ് രംഗത്തെ കാണികളുടെ പ്രതികരണം ഇപ്പോഴും മനസിലുണ്ട്. മുൻനിരയിലെ സ്ത്രീകളുൾപ്പെടെ കരയുകയും അരുതേ എന്ന് പറഞ്ഞവരുമുണ്ട് ആ രംഗത്തിനിടെ. അതെല്ലാം ഒരു നാടക നടിയെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്.
പുതിയ
വിശേഷങ്ങൾ
ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ലൗലി സിനിമയിൽ അഭിനയിക്കുന്നു. ആഷിഖ് അബു ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിൽ മനോജ് കെ.ജയന്റെ അമ്മ വേഷമാണ് . പുതിയ സിനിമകളിലും ഉടൻ പ്രതീക്ഷിക്കാം. കൂടുതൽ നല്ല സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. മൂവാറ്റുപുഴ പാമ്പാക്കുടയിലാണ് ജനിച്ചു വളർന്നതെങ്കിലും വിവാഹ ശേഷം കോഴിക്കോട് താമസമാക്കുകയായിരുന്നു. പിന്നീട് മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി കൊല്ലത്തേക്ക് താമസം മാറി. ഇപ്പോൾ കൊല്ലത്ത് തന്നെയാണ് താമസം. ഭർത്താവ് പരേതനായ ഡേവിഡ്. മക്കൾ ഷെല്ലി, സാന്റി, ടോണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |