
മ്യൂച്വൽ ഫണ്ടാണോ യുലിപ്പാണോ മികച്ചതെന്ന ചോദ്യം ദീർഘകാലമായുണ്ട് ? കോഴിയോ മുട്ടയോ ഏതാണ് ആദ്യം ഉണ്ടായതെന്ന ചോദ്യം പോലെ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതാണിത്. മ്യൂച്വൽ ഫണ്ടും ടേം ഇൻഷ്വറൻസും ഉണ്ടെങ്കിൽ യൂലിപ്പ് എന്തിനാണെന്ന് മ്യൂച്വൽ ഫണ്ട് അഡ്‌വൈസർമാർ നിക്ഷേപകരോട് ചോദിക്കുന്നു. ഇൻഷ്വറൻസും നിക്ഷേപവും സുരക്ഷിതത്വവും ചേർന്ന കോമ്പോയാണ് യുലിപ്പെന്ന് ഇൻഷ്വറൻസ് ഏജന്റുമാരും തിരിച്ചടിക്കുന്നു. ഇരുകൂട്ടരുടെയും വാദങ്ങളിൽ പൊരുളും പൊരുത്തക്കേടുകളുമുണ്ട്.
എന്താണ് യൂലിപ്പ്?
പോളിസി ഉടമകൾക്ക് നിക്ഷേപ നേട്ടവും ഇൻഷ്വറൻസ് സംരക്ഷണവും യുലിപ്പിലൂടെ ലഭ്യമാണ്. പ്രതിമാസമോ പ്രതിവർഷമോ അടയ്ക്കുന്ന പ്രീമിയം തുകയിൽ ഒരു ഭാഗം ഇൻഷ്വറൻസ് സംരക്ഷണത്തിനായി മാറ്റി ബാക്കി തുക ഓഹരി ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിക്ഷേപിക്കുന്നു. ഓഹരികളിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകൾ, ബോണ്ടുകൾ, വിവിധ കടപ്പത്രങ്ങൾ എന്നിവയിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകൾ, ഓഹരി, സ്ഥിര നിക്ഷേപങ്ങളിൽ പണം മുടക്കുന്ന ബാലൻസ്ഡ് ഫണ്ടുകൾ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.
എങ്ങനെ തെരഞ്ഞെടുക്കാം?
നിക്ഷേപ ലക്ഷ്യം, കാലയളവ് തുടങ്ങിയവ വിലയിരുത്തി വിവിധ യുലിപ് പോളിസികളിലൊന്ന് തെരഞ്ഞെടുക്കാം. ഒരിക്കൽ തെരഞ്ഞെടുത്താലും പിന്നാലെ മാറ്റം വരുത്താവുന്ന പോളിസികളുമുണ്ട്. നിക്ഷേപിക്കുന്ന മേഖലകളിൽ നിന്നുള്ള വരുമാനത്തിന്റെ ലാഭം പോളിസി ഉടമകൾക്ക് കൈമാറും.
മ്യൂച്വൽ ഫണ്ടുകൾ
ഉപഭോക്താക്കളുടെ പണം വിവിധ മാർഗങ്ങളിൽ നിക്ഷേപിക്കുന്നവരാണ് മ്യൂച്വൽ ഫണ്ട് കമ്പനികൾ. ഇക്വിറ്റി. ഡെറ്റ്, ബാലൻസ്ഡ് ഫണ്ടുകൾ എന്നിങ്ങനെ മ്യൂച്വൽ ഫണ്ട് രംഗത്തുമുണ്ട്. നിക്ഷേപകർക്ക് അവരവരുടെ റിസ്‌ക് അനുസരിച്ച് പദ്ധതി തെരഞ്ഞെടുക്കാം.
രണ്ടും ഒന്നല്ല
യുലിപും മ്യുചൽ ഫണ്ടും ഒന്നല്ല. അവയുടെ ലക്ഷ്യവും നൽകുന്ന ലാഭവും ഈടാക്കുന്ന ചാർജുകളും വ്യത്യസ്തമാണ്. യുലിപ്പിലേക്ക് പ്രീമിയമായി അടയ്ക്കുന്ന തുകയിൽ നിന്ന് ഇൻഷ്വറൻസ് സംരക്ഷണത്തിനുള്ള മോർട്ടാലിറ്റി, പ്രീമിയം അലോക്കേഷൻ, അഡ്മിനിസ്‌ട്രേഷൻ, ഫണ്ട് മാനേജ്‌മെന്റ് ചാർജുകളും ഈടാക്കിയശേഷം ബാക്കിയുള്ള തുകയാണ് നിക്ഷേപിക്കുന്നത്. മോർട്ടാലിറ്റി ചാർജ് കൂടുതലാണെന്നതും പോളിസി ഉടമയുടെ പ്രായത്തിനനുസരിച്ച് അധിക തുക നൽകേണ്ടതുമാണ് പ്രധാന പ്രശ്നം. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന തുകയിൽ നിന്ന് എക്‌സിറ്റ് ലോഡ്, ട്രാൻസാക്ഷൻ ചാർജ്, എക്‌സ്‌പെൻസ് റേഷ്യോ തുടങ്ങിയവ ഈടാക്കും. യുലിപ്പിൽ നിക്ഷേപിച്ചാൽ അഞ്ചുവർഷത്തിന് ശേഷമേ പണം പിൻവലിക്കാൻ കഴിയൂ. മ്യൂച്വൽ ഫണ്ടിൽ ടാക്‌സ് സേവർ ഫണ്ടിലൊഴികെ ഏപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം.
തീരുമാനം ബുദ്ധിപൂർവം വേണം
സാമ്പത്തികമായി അച്ചടക്കമുള്ളതും ഓഹരി, കടപ്പത്രം, സ്വർണം, ബാങ്ക്, ചിട്ടി, തുടങ്ങിയ വൈവിദ്ധ്യ മാർഗങ്ങളിൽ നിക്ഷേപവും ഉള്ളവർക്ക് മതിയായ ഇൻഷ്വറൻസ് സംരക്ഷണമുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ടാണ് നല്ലത്. മറ്റുള്ളവർക്ക് യുലിപ് നിക്ഷേപവും നല്ലതാണ്.
( പെഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ. ഇമെയിൽ jayakumarkk8@gmail.com)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |