
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) ഏഴ് ശതമാനം വളർച്ച നേടാനാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കസ്‌റ്റംസ് തീരുവയിൽ വിപ്ളവകരമായ മാറ്റങ്ങൾ വരും ദിവസങ്ങളിലുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. സെപ്തംബറിൽ ചരക്കു സേവന നികുതിയിൽ(ജി.എസ്.ടി) നൽകിയ ഇളവുകൾ ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുന്നതിന് സഹായിക്കും. ഇന്ത്യയുടെ മികച്ച വളർച്ചയുമായി താരതമ്യം നടത്തി രൂപയുടെ മൂല്യത്തകർച്ച വിലയിരുത്തണം.
കഴിഞ്ഞ കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച വമ്പൻ ആദായ നികുതി ഇളവും ജി.എസ്.ടി നിരക്കിൽ കുറവു വരുത്തിയതും ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് അനുകൂല സാഹചര്യം സൃഷ്‌ടിച്ചു. അടുത്ത ഘട്ടത്തിൽ കസ്‌റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനങ്ങൾ വലിയ തോതിൽ കടം വർദ്ധിപ്പിക്കുന്നതാണ് പ്രധാന വെല്ലുവിളി. ധനകാര്യ അച്ചടക്കത്തിന് ആവശ്യമായ പിന്തുണ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ധന സഹായത്തിന് പരിമിതികളുണ്ട്. എന്നാൽ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകാൻ ധന മന്ത്രാലയം ഉദ്യോഗസ്ഥർ സർവ സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |