ചെങ്ങന്നൂർ: മുപ്പത് വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി മലപ്പുറം എടക്കര കരുനെച്ചി മാപ്പിളത്തൊടി വീട്ടിൽ അബ്ദുൾ റഹ്മാൻ (അബ്ദു 52) വെണ്മണി പൊലീസിന്റെ പിടിയിലായി. 1993ൽ വിദേശജോലിക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങിയ മലപ്പുറം പെരുന്തൽമണ്ണ സ്വദേശി വിജയകുമാറിനെ അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു വന്ന് കൊല്ലകടവിലുള്ള ലോഡ്ജിൽ പൂട്ടിയിട്ടിരുന്നു. വിജയകുമാർ ഇവിടെ തൂങ്ങിമരിച്ചു..
ഈ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷംഅബ്ദുൾ റഹ്മാൻ ഒളിവിൽ പോവുകയായിരുന്നു. മലപ്പുറം രാമനാട്ടുകരയിലുള്ള വീടും സ്ഥലവും വിറ്റ് നിലമ്പൂർ എടക്കര ഭാഗത്തേക്ക് ഇയാൾ താമസംമാറ്റി. പിന്നീട് കോടതിയിൽ ഹാജരാകാതെ വിദേശത്ത് പോയി ഒളിവിൽ കഴിയുകയായിരുന്നു. നിരവധി തവണ പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 1997 ലാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വിദേശത്തു നിന്ന് എത്തിയ ശേഷം തിരുവന്തപുരം, തിരുവല്ലം, വണ്ടിത്തടം ഭാഗത്ത് അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ ഒളിച്ച് താമസിക്കുകയായിരുന്നു. വെണ്മണി പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ.എ നസീർ, സീനിയർ സിപിഒ മാരായ ഹരി കുമാർ, അഭിലാഷ്, അനൂപ് ജി ഗംഗ എന്നിവർ വെള്ളിയാഴ്ച രാത്രി തിരുവല്ലം വണ്ടിത്തടം ഭാഗത്തു നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |