കായംകുളം എം.എസ്.എം കോളേജിൽ വ്യാജസർട്ടിഫിക്കറ്റ് നല്‌കി എം.കോം പ്രവേശനം തരപ്പെടുത്തിയ നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനുള്ള കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം അതിരുകടന്നു പോയതാണെന്ന് ആർക്കും പറയാനാവില്ല. കേരള സർവകലാശാലയ്ക്കു കീഴിൽ ഒരു കോളേജിലും ഇയാൾക്ക് ഇനി പഠിക്കാനാകില്ല. ഇതുവരെ എഴുതിയ എല്ലാ സർവകലാശാലാ പരീക്ഷകളും റദ്ദാക്കുകയും ചെയ്യും. വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ നേടിയ എം.കോം പ്രവേശനവും ഇതിലുൾപ്പെടും. സർവകലാശാലയിൽ വ്യാജ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും സൃഷ്ടിക്കുന്നതും അതുവച്ച് ഉദ്യോഗം വരെ നേടുന്നതും പുതിയ കാര്യമൊന്നുമല്ല. പലപ്പോഴും ഇത്തരം കൃത്രിമങ്ങൾ കണ്ടുപിടിക്കപ്പെടാത്തതുകൊണ്ട് മാത്രം പുറംലോകം അറിയുന്നില്ലെന്നേയുള്ളൂ. കലിംഗ യൂണിവേഴ്സിറ്റിയുടേതായ വ്യാജ ബി.കോം സർട്ടിഫിക്കറ്റ് ബി.കോമിനു പഠിച്ചിരുന്ന എം.എസ്.എം കോളേജിൽത്തന്നെ ഹാജരാക്കി ചുളുവിൽ എം.കോം പ്രവേശനം നേടിയതുകൊണ്ടു മാത്രമാണ് നിഖിൽ തോമസ് പിടിയിലായത്. വേറൊരു കോളേജിലായിരുന്നെങ്കിൽ ആരും സംശയിക്കില്ലായിരുന്നു. ഏതായാലും നിഖിൽ തോമസിന്റെ കപടവിദ്യ പൊളിഞ്ഞെന്നു മാത്രമല്ല അഴിയെണ്ണേണ്ടതായും വന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നല്‌കാനായി മുടക്കിയ രണ്ടുലക്ഷം രൂപയും വെള്ളത്തിലായി. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണകലയിൽ വിദഗ്ദ്ധനായ അബിൻ എന്ന യുവാവും നിഖിലിനൊപ്പം അറസ്റ്റിലാണ്.
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് കൈക്കൊണ്ട തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം കഴിഞ്ഞ പത്തുവർഷത്തെ എല്ലാ സർട്ടിഫിക്കറ്റുകളും പ്രത്യേകം സെൽ രൂപീകരിച്ച് പരിശോധിക്കുമെന്ന അറിയിപ്പാണ്. കോളേജ് തലത്തിൽ പ്രിൻസിപ്പലും വകുപ്പുമേധാവിയും നോഡൽ ഓഫീസറും അടങ്ങുന്ന സമിതിയാണ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റല്ലെന്നു ബോദ്ധ്യപ്പെട്ടശേഷം വിവരം സർവകലാശാലയെ അറിയിക്കും. എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധിക്കുക ശ്രമകരമായ ജോലി തന്നെയാണെങ്കിലും സാഹചര്യം അതിനു നിർബന്ധിക്കുന്നുണ്ട്. എന്തും വ്യാജമായി നിർമ്മിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ സുലഭമായ കാലത്താണ് നാം ജീവിക്കുന്നത്. കറൻസി നോട്ടുകളിൽ പോലും വ്യാജന്മാർ സുലഭമാണെന്നിരിക്കെ കേവലം ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് ഒപ്പിച്ചെടുക്കാൻ വലിയ പ്രയാസമൊന്നുമില്ല. അതുകൊണ്ട് പ്രവേശനത്തിനായി കോളേജിൽ ഹാജരാക്കുന്ന ഓരോ സർട്ടിഫിക്കറ്റും കൃത്യമായി പരിശോധിച്ച് വ്യാജനല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
കേരള സർവകലാശാല കൈക്കൊണ്ട തീരുമാനം സംസ്ഥാനത്തെ മറ്റു സർവകലാശാലകൾക്കും മാതൃകയാക്കാവുന്നതാണ്. വ്യാജന്മാർ ഒരിടത്തു മാത്രം ഒതുങ്ങുന്നവരല്ലല്ലോ. ബുദ്ധിയും സാമർത്ഥ്യവുമുള്ള കുട്ടികളോടു കാണിക്കാവുന്ന വലിയൊരു സഹായം കൂടിയാകും അത്. പ്രവേശനഘട്ടത്തിൽ സർവകലാശാലകൾ വിദ്യാർത്ഥികളുടെ യോഗ്യത പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെന്നെ വ്യാജ സർട്ടിഫിക്കറ്റ് വിതരണവും വ്യാജ ബിരുദാനന്തര ബിരുദ പഠനവും വൻ തട്ടിപ്പാക്കി കാലക്ഷേപം കഴിക്കുന്ന അനേകം സ്ഥാപനങ്ങൾ സംസ്ഥാനത്തെമ്പാടുമുണ്ട്. അരലക്ഷമോ ഒരുലക്ഷമോ മുടക്കിയാൽ കിട്ടാത്ത ബിരുദങ്ങളില്ല. ഇത്തരം സ്ഥാപനങ്ങളെ സമൂലം പിഴുതെറിയാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ ഇവിടത്തെ സർവകലാശാലകൾ നല്‌കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾക്കുപോലും വിലയില്ലാതെ വരും. കാരണം അത്രയേറെയാണ് വ്യാജ സർട്ടിഫിക്കറ്റ് പെരുപ്പം. കുട്ടികൾ കൂട്ടത്തോടെ ഉപരിപഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഓടുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? മറ്റിടങ്ങളിലെ സർവകലാശാലകളിൽ പ്രവേശനത്തിനായി തിക്കിത്തിരക്കുന്നത് പഴകി തുരുമ്പെടുത്ത ഇവിടത്തെ പാഠ്യപദ്ധതി കണ്ടുമടുത്തിട്ടാണ്. ഓരോ വർഷവും സംസ്ഥാനത്തെ കോളേജുകളിൽ ഒഴിഞ്ഞുകിടക്കുന്ന ബിരുദ സീറ്റുകളുടെ കണക്കു നോക്കിയാലറിയാം ഉപരിപഠന സൂചികയിൽ സംസ്ഥാനം എവിടെ നില്ക്കുന്നുവെന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |