ഗുരുവും ഈശ്വരനും നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഉണ്ട്. അങ്ങനെയിരിക്കെ ഒരു ബാഹ്യഗുരുവിന്റെ ആവശ്യം എന്താണെന്ന് പലർക്കും സംശയമുണ്ടാവും.
ഭാരതസംസ്കാരത്തിൽ അതിപ്രധാനമായ സ്ഥാനമാണ് ഗുരുവിനുള്ളത്. പരമമായ അറിവ് പകർന്ന് നമ്മുടെ ഉള്ളിലെ അജ്ഞാനാന്ധകാരം അകറ്റുന്നയാളാണ് ഗുരു. അങ്ങനെയുള്ള ഗുരുവിന്റെ സ്മരണയ്ക്കും പൂജയ്ക്കുമായി സമർപ്പിക്കപ്പെട്ട ദിനമാണ് ഗുരുപൂർണ്ണിമ.
ഭാരതത്തിന്റെ ആദ്ധ്യാത്മിക ജ്ഞാനമെല്ലാം ഗുരുശിഷ്യപരമ്പരയിലൂടെ തലമുറ തലമുറകളായി പകർന്നു വന്നതാണ്. വേദങ്ങളും പുരാണങ്ങളും നമുക്ക് പകർന്നുതരികയും മഹാഭാരതമെന്ന ഇതിഹാസം രചിക്കയും ചെയ്ത വേദവ്യാസമഹർഷിയെ ഗുരുപരമ്പരയുടെ പ്രതിനിധിയായി കണ്ട്, അവിടുത്തെ ജന്മദിനമാണ് നാം ഗുരുപൂർണ്ണിമയായി ആഘോഷിക്കുന്നത്.
ഗുരുവും ഈശ്വരനും നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഉണ്ട്. അങ്ങനെയിരിക്കെ ഒരു ബാഹ്യഗുരുവിന്റെ ആവശ്യം എന്താണെന്ന് പലർക്കും സംശയമുണ്ടാവും. ശരിയാണു്, ഈശ്വരനും ഗുരുവും തീർച്ചയായും നമ്മുടെയുള്ളിലുണ്ടു്. എന്നാൽ ഉള്ളിലുള്ള ഈശ്വരനെ അറിയാനോ ഉള്ളിലുള്ള ഗുരുവിന്റെ മാർഗ്ഗദർശനം ഉൾക്കൊള്ളാനോ ഉള്ള ശേഷി നമ്മളിൽ അധികം പേർക്കുമില്ല. ഉന്നതമായ മുജ്ജന്മസംസ്കാരമുള്ള അപൂർവ്വം ചിലർക്കൊഴികെ ആർക്കും മനുഷ്യരൂപിയായ ഗുരുവിന്റെ സഹായമില്ലാതെ ഉള്ളിലെ ഈശ്വരനെ അറിയുക സാദ്ധ്യമല്ല. അത് സാദ്ധ്യമാക്കിത്തരുന്ന ഗുരു പ്രത്യക്ഷനായ ഈശ്വരൻ തന്നെയാണ്.
എന്നാൽ ഈശ്വരനും മീതെയുള്ള സ്ഥാനമാണ് നാം ഗുരുവിന് നൽകാറുള്ളത്. കാരണം ഗുരു ശിഷ്യനെ സ്നേഹിക്കുന്നത് തീർത്തും നിസ്വാർത്ഥമായാണ്. അനേകം ദുർബ്ബലതകളും വാസനകളും കൊണ്ടു ബദ്ധനായ ശിഷ്യന്, തന്നെ അതീവ ക്ഷമയോടെ, കാരുണ്യത്തോടെ, നയിക്കുന്ന ഗുരുവിന്റെ ശിക്ഷണവും കൃപയുമാണ് ഏകാശ്രയം. വിത്തിൽ വൃക്ഷമുണ്ടെങ്കിലും അത് അനുഭവവേദ്യമാകണമെങ്കിൽ വിത്ത് മണ്ണിന് തലകുനിച്ച് മുളപൊട്ടി വളർന്ന് വൃക്ഷമായിത്തീരേണ്ടതുണ്ട്. അതുപോലെ ശിഷ്യന് തന്നുള്ളിലെ പൂർണ്ണത അറിയണമെങ്കിൽ ഗുരുവിന്റെ ശിക്ഷണത്തിന് തന്നെത്തന്നെ സമർപ്പിക്കേണ്ടതുണ്ട്.
കല്ലിലെ വേണ്ടാത്ത ഭാഗങ്ങൾ ശില്പി കൊത്തിക്കളയുമ്പോഴാണ് അതിലെ ശില്പം തെളിയുന്നത്. അതുപോലെ മനുഷ്യനിൽ മറഞ്ഞുകിടക്കുന്ന ഈശ്വരതത്വത്തെ ഗുരു തെളിച്ചുകൊണ്ടുവരുന്നു. ശില്പത്തെ പൊതിഞ്ഞിരിക്കുന്ന മെഴുക് തീയുടെ സാമീപ്യത്തിൽ, ഉരുകി ശില്പം തെളിയുന്നതുപോലെ, ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് സാധന ചെയ്യുന്ന ശിഷ്യനിലെ അജ്ഞാനം മറഞ്ഞ് ഉണ്മ തെളിയുന്നു.
ഇന്നു നമ്മൾ ഉണർന്നിരിക്കുമ്പോൾ പോലും പൂർണ്ണമായ ഉണർവ്വിലല്ല. പാതി മയക്കത്തിലാണ് അഥവാ അർദ്ധബോധത്തിലാണ്. പൂർണ്ണ ബോധത്തിലേക്ക് ഉയരാൻ ഗുരുവിന്റെ സഹായം ആവശ്യമാണു്.
മലയുടെ മുകളിൽ വെള്ളം വീണാലും അത് അവിടെ തങ്ങാതെ താഴോട്ടൊഴുകും. അതു പോലെയാണ് മനുഷ്യമനസ്സ്. ഒരു നിമിഷം മനസ്സ് ഉയർന്ന തലത്തിലായിരിക്കും. എന്നാൽ അടുത്ത നിമിഷം താഴോട്ട് പതിക്കും. എത്ര തന്നെ ആദ്ധ്യാത്മിക ശാസ്ത്രങ്ങൾ പഠിച്ചാലും, ഉന്നതാവസ്ഥയിൽ സ്ഥായിയായി നിൽക്കാൻ കഴിയാതെ മനസ്സ് കൂടെക്കൂടെ വിഷയവസ്തുക്കളിൽ ആസക്തമാകും. എന്നാൽ നമ്മുടെ മനസ്സിന്റെ ഈ ദുർബലതകൾ ഗുരുവിന് നന്നായി അറിയാം.അതു പരിഹരിക്കാനുള്ള മാർഗ്ഗവും ഗുരുവിനറിയാം. ജലത്തിന്റെ സ്വഭാവം താഴോട്ടൊഴുകുകയെന്നതാണു്. എന്നാൽ അതേ ജലം സൂര്യന്റെ ചൂടിൽ നീരാവിയായി മുകളിലേക്കു് ഉയരുന്നു. അതുപോലെ, ശിഷ്യനിലെ ബോധത്തെ ഉണർത്തിയാൽ അവന്റെ മനസ്സിനെ ഉയരങ്ങളിലേക്കു ഉയർത്താൻ സാധിക്കുമെന്നും ഗുരുവിനറിയാം. ശിഷ്യനിലെ ബോധത്തെ ഉണർത്തുകയാണ് ഗുരുവിന്റെ കർത്തവ്യം. അതിനാണ് ഗുരു നിരന്തരം ശ്രമിക്കുന്നതു്. ഉള്ളിലെ ബോധം ഉണർന്നു കഴിഞ്ഞാൽ, ആന്തരിക ഗുരു ഉണർന്നു. അതോടെ ശിഷ്യൻ പൂർണ്ണത പ്രാപിക്കുന്നു.
ഉള്ളിലെ ബോധം ഉണർന്ന ഒരു വ്യക്തിയുടെ ഏതു വാക്കും സത്സംഗമാണ്. ചെയ്യുന്ന ഏതു കർമ്മവും ധ്യാനമാണു്. അവയെല്ലാം ലോകോപകാരാർത്ഥമായിത്തീരും. അങ്ങനെയുള്ളവരുടെ ശ്വാസം പോലും ലോകത്തിനു ഗുണകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |