തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും സംസ്ഥാന പൊലീസിന്റെ 35-ാമത് മേധാവിയായി ഷെയ്ക് ദർവേഷ് സാഹിബും ഇന്ന് ചുമതലയേൽക്കും.
ചീഫ്സെക്രട്ടറിയും പൊലീസ് മേധാവിയും ഒരേ ദിവസം ചുമതലയേൽക്കുന്നത് അപൂർവമാണ്. ഇന്ന് വൈകിട്ട് നാലിന് സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ നിലവിലെ ചീഫ്സെക്രട്ടറി വി.പി.ജോയിക്കും പൊലീസ് മേധാവി അനിൽ കാന്തിനും യാത്രഅയപ്പ് നൽകും. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തി ഡോ. വി.വേണു
ചുമതലയേൽക്കും. അഡി.ചീഫ്സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരും വകുപ്പു മേധാവികളും ചടങ്ങിൽ പങ്കെടുക്കും.
വൈകിട്ട് 5ന് പൊലീസ് ആസ്ഥാനത്താണ് ഷെയ്ക്ക് ദർവേഷ് സാഹിബ് ചുമതലയേൽക്കുക. നിലവിലെ മേധാവി അനിൽകാന്തിൽ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങും. ചടങ്ങിനു തൊട്ടു മുൻപ് അനിൽ കാന്ത് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും. തുടർന്ന് പൊലീസ് ആസ്ഥാനത്തെത്തുന്ന നിയുക്ത മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയിൽ ആദരം അർപ്പിച്ചശേഷം സേനയുടെ സല്യൂട്ട് സ്വീകരിക്കും. അതിനു ശേഷം അനിൽകാന്തിനെ പുതിയ മേധാവിയും മുതിർന്ന പൊലീസുദ്യോഗസ്ഥരും ചേർന്ന് യാത്രയാക്കും. അനിൽകാന്തിന് ഇന്നു രാവിലെ 7.40ന് പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ സേന വിടവാങ്ങൽ പരേഡ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |