SignIn
Kerala Kaumudi Online
Saturday, 21 February 2026 12.04 PM IST

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; വീടുകൾ തകർന്നു, മരം വീണ് പരിക്ക്, കടലിൽ വീണ് ഒരാളെ കാണാനില്ല, ട്രെയിൻ സർവീസ് റദ്ദാക്കി

Increase Font Size Decrease Font Size Print Page
rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മഴ കനത്തതോടെ പല ജില്ലകളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണും മറ്റും ഗതാഗത തടസമുണ്ടായി.

rain

കോഴിക്കോട്

വടകര വയൽവളപ്പിൽ സഫിയ എന്നയാളുടെ വീട് മഴയിൽ തകർന്നു.

പത്തനംതിട്ട

മഴ ശക്തമായതോടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. കുരുമ്പൻമൂഴി ആദിവാസി കോളനിയിൽ 350 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ഗവി യാത്രയ്ക്ക് വനംവകുപ്പ് വിലക്കേർപ്പെടുത്തി. പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞിലിമൺ മുക്കം കോസ് വേകൾ മുങ്ങി. നിരണത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഷാജി എന്നയാളുടെ പശു ചത്തു.

rain

കോട്ടയം

വെച്ചൂർ ഇടയാഴത്ത് വീട് ഇടിഞ്ഞുവീണു. ഇടയാഴം സ്വദേശി സതീശന്റെ വീടാണ് ഇടിഞ്ഞുവീണത്.വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി. തലയാഴം പഞ്ചായത്ത് ഒൻപതാം വാർഡിൽ വരമ്പിനകം പാടശേഖരത്ത് മരംവീണു.

തൃശൂർ

പെരിങ്ങാവിൽ കൂറ്റൻ മരം കടപുഴകി റോഡിലേയ്ക്ക് വീണതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഷൊർണൂർ റോഡിലേയ്ക്ക് കടക്കുന്ന പാതയിൽ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

ഇടുക്കി

ലോ റേഞ്ചിലും ഹൈ റേഞ്ചിനും കനത്ത മഴയുണ്ട്. ഉടുമ്പൻചോല താലൂക്കിൽ ഒരു വീട് ഭാഗികമായി തകർന്നു. ഡാമുകളിൽ ജലനിരപ്പ് ഉയർന്നു.

എറണാകുളം

എറണാകുളത്ത് ക്വാറി അടക്കമുള്ള ഖനന പ്രവർത്തികൾ നിരോധിച്ചു. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. പാലാരിവട്ടത്ത് റോഡിലേയ്ക്ക് മരം വീണ് രണ്ടുപേ‌ർക്ക് പരിക്ക്. പാലാരിവട്ടം വൺവേ റോഡിലാണ് മരം വീണത്. കൊച്ചി സ്വദേശികൾക്കാണ് പരിക്കേറ്റത്. മഴ കനത്തതിനെത്തുടർന്ന് റോഡിലുണ്ടായ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരിയ്ക്ക് പരിക്ക്. എറണാകുളം-വൈക്കം പാതയിലാണ് സംഭവം.

rain

ആലപ്പുഴ

വീടുകളിൽ വെള്ളം കയറി. 36 വീടുകൾ തകർന്നു. തോട്ടപ്പള്ളിയിൽ പൊഴിമുറിക്കുന്നതിനിടെ കടലിൽ വീണ് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. ബീഹാർ സ്വദേശി രാജ്‌കുമാറിനെയാണ് കാണാതായത്. വള്ളിക്കുന്നത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് അപകടം. പടയണിവെട്ടം കൊല്ലന്റയത്ത് ജംഗ്‌ഷനിവാണ് സംഭവം. ഈ സമയം ബൈക്കിൽ ഇതുവഴി കടന്നുപോവുകയായിരുന്ന ആഞ്ഞിലിവിളയിൽ ശശിധരനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം

പുനലൂർ കുന്നിക്കോട് വീടിന് മുകളിലേയ്ക്ക് മരം വീണു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അബ്‌ദുൾ സലാം എന്നയാളുടെ വീടിന് മുകളിലേയ്ക്കാണ് രണ്ട് മരങ്ങൾ വീണത്. വീട് ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. കുണ്ടറയിലും സണ്ണി എന്നയാളുടെ വീടിന് മുകളിലേയ്ക്ക് മരം വീണു. ചെങ്കോട്ടപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ട്രാക്കിൽ മരം വീണ് വൈദ്യുതി ലൈനിന് കേടുപാടുകൾ സംഭവിച്ചതിനാൽ കൊല്ലം-പുനലൂർ മെമു സർവീസുകൾ റദ്ദാക്കി. അഴീക്കലിൽ കക്ക വാരുന്നതിനിടെ ചെറുവള്ളം മുങ്ങി.

rain

തിരുവനന്തപുരം

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.

അതേസമയം,സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിയ്ക്ക് ചേരുന്ന യോഗത്തിൽ എല്ലാ ജില്ലകളിലെയും കളക്‌ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കണം. മഴ കനത്തതോടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാദ്ധ്യതയുള്ളതായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

TAGS: HEAVY RAIN, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.