കൊച്ചി: ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും സർവകാല റെക്കാഡ് ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യു.എസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധന താത്കാലികമായി നിർത്തിയേക്കുമെന്ന പ്രതീക്ഷകൾ ആഗോള തലത്തിൽ ഉയർന്നുവന്നതും ആഭ്യന്തര വിപണിയിൽ കുതിപ്പിന് പ്രചോദനമായി. ഇൻഫോസിസ്, ടി.സി.എസ് തുടങ്ങിയ ഐ.ടി ഓഹരികളിൽ ശക്തമായ വാങ്ങലുകൾ നടന്നതോടെ സെൻസെക്സും നിഫ്റ്റിയും പുതിയ ഇൻട്രാ -ഡേ ഉയരവും കുറിച്ചു.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ എക്കാലത്തെയും ഉയരമായ 66,159 വരെ കുതിച്ച സെൻസെക്‌സ് വ്യാപാരാന്ത്യം 502.01 പോയിന്റ് (0.77%) നേട്ടവുമായി 66,060.90ലെത്തി റെക്കാഡോടെ ക്ലോസ് ചെയ്തു. നിഫ്റ്റിയും ഒരു ഘട്ടത്തിൽ സർവകാല ഉയരമായ 19,595.45ൽ എത്തി ഒടുവിൽ 150.75 പോയിന്റ് (0.78%) മുന്നേറി 19,564.50ലെത്തി റെക്കാഡിൽ ക്ലോസ് ചെയ്തു.
ആഗോള ട്രെൻഡിൽ കുതിപ്പ്
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടുന്ന പ്രവണതയ്ക്ക് ജൂലൈ മാസത്തിനു ശേഷം താത്കാലിക വിരാമമിട്ടേക്കുമെന്ന വിലയിരുത്തലാണ് വിപണിക്ക് കരുത്തായത്. ഇത് എഷ്യൻ, യൂറോപ്യൻ വിപണികളിൽ ഭൂരിഭാഗവും നേട്ടത്തിലേക്ക് കുതിക്കാൻ കാരണമായി. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ദൃശ്യമായി. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഇന്ത്യൻ ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടുന്നതും വിപണിക്ക് കരുത്താകുകയാണ്. ആദ്യപാദ പ്രവർത്തനഫലങ്ങളും ആശ്വാസമേകുന്നതാണ്. ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം തുടർച്ചയായ മൂന്നാം മാസവും നെഗറ്റീവിൽ തുടർന്നതും നിക്ഷേപകർക്ക് ആശ്വാസമായിട്ടുണ്ട്.
നേട്ടത്തിലെത്തിയവർ
സെൻസെക്‌സിൽ ടി.സി.എസ്., ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, വിപ്രോ എന്നിവ 3-5 ശതമാനം നേട്ടമുണ്ടാക്കി. ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.യു.എൽ, നെസ്‌ലെ എന്നിവയും നേട്ടത്തിലാണ്. നിഫ്റ്റിയിൽ എംഫസിസ്, സീ എന്റര്‌ടെയ്ൻമെന്റ്, എൽ ആൻഡ് ടി ടെക്‌നോളജി, ടി.സി.എസ്., പതഞ്ജലി ഫുഡ്‌സ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയവ. കേരള ഓഹരികളായ കല്യാൺ ജുവലേഴ്‌സ് 5.54 ശതമാനവും സ്‌കൂബീഡേ 5.96 ശതമാനവും നേട്ടമുണ്ടാക്കി. ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ ഓഹരിവില ഇന്ന് 4.51 ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയും നേട്ടത്തിലെത്തി.
നഷ്ടത്തിലായവർ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, ടൈറ്റൻ, മാരുതി, സൺഫാർമ, അൾട്രാടെക് സിമന്റ് എന്നിവ നഷ്ടത്തിലായിരുന്നു. നിഫ്റ്റിയിൽ മാക്‌സ് ഹെൽത്ത്‌കെയർ, പി.ബി. ഫിൻടെക്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, എച്ച്.ഡി.എഫ്.സി ലൈഫ്, ഇന്റർഗ്ലോബ് ഏവിയേഷൻ എന്നിവയും നഷ്ടം നേരിട്ടു.
സെൻസെക്‌സിൽ 2,206 ഓഹരികൾ നേട്ടത്തിലും 1,212 എണ്ണം നഷ്ടത്തിലുമാണ്. 149 ഓഹരികളിൽ വില മാറ്റമില്ല. 189 കമ്പനികൾ 52-ആഴ്ചത്തെ ഉയരത്തിലും 41 എണ്ണം താഴ്ചയിലുമായിരുന്നു. 13 കമ്പനികളുടെ ഓഹരികൾ അപ്പർ സർക്യൂട്ടിലും 5 കമ്പനികളുടേത് ലോവർ സർക്യൂട്ടിലുമെത്തി. വ്യാഴാഴ്ച 5.88 ലക്ഷം കോടി രൂപ കൊഴിഞ്ഞ ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്നലെ 2.79 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചു. ഇപ്പോൾ മൂല്യം 298.56 ലക്ഷം കോടി രൂപയാണ്.
രൂപ നഷ്ടത്തിൽ
നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രൂപയുടെ മൂല്യം ഇന്നലെ കുറഞ്ഞു. ഡോളറിനെതിരെ 0.11 ശതമാനം നഷ്ടവുമായി 82.16 ആണ് ഇന്നലെ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |