ആലപ്പുഴ : ട്രോളിംഗ് നിരോധനം ഒരുമാസം പിന്നിട്ടപ്പോൾ, സംസ്ഥാനത്തേക്ക് രാസവസ്തുക്കൾ കലർത്തിയ മത്സ്യത്തിന്റെ ഒഴുക്കിന് കുറവില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇത്തരം വിഷമീനുകളുണ്ടാക്കുന്ന വിപത്ത് വളരെ വലുതാണ്.
ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ മീനിൽ കലർത്തുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ജീവഹാനിക്ക് വരെ കാരണമാകാം. രാസവസ്‌തുക്കൾ കലർത്തിയ മത്സ്യം പാകം ചെയ്ത് ഉപയോഗിച്ച ശേഷം ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും അടുത്ത ദിവസം ചൂടാക്കി പുനരുപയോഗിക്കുകയും ചെയ്ത വീട്ടമ്മ മരിച്ചത് അടുത്തിടെയാണ്. പാണാവള്ളി സ്വദേശിനി സിന്ധുവാണ് ടോക്സിക് ഷോക്ക് സിൻഡ്രം ബാക്ടീരിയൽ ഇൻഫക്ഷൻ ബാധിച്ച് മരിച്ചത്.
പാഴാകുന്ന പരിശോധനകൾ
രാസവസ്തുകലർത്തിയ മത്സ്യം അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വലിയ അളവിലെത്തുന്നുണ്ട്. ഇതിൽ ചെറിയൊരു ഭാഗം മാത്രമാണ് ഭക്ഷ്യസുരക്ഷാവകുപ്പിന് പിടികൂടാൻ കഴിയുന്നത്. പിടികൂടിയാൽ തന്നെയും
മീനിലെ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിലുണ്ടാകുന്ന കാലതാമസവും സാങ്കേതികതയും മുതലാക്കി രക്ഷപ്പെടുകയാണ് പതിവ്. പിടിച്ചെടുക്കുന്ന സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലയച്ച് പരിശോധിച്ചുവേണം രാസവസ്തു സാന്നിദ്ധ്യം ഉറപ്പിക്കാൻ. രാസവസ്തുവിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നിയമനടപടികളിൽ നിന്ന് മീൻകച്ചവടക്കാർ രക്ഷപ്പെടും.
ഫോർമാലിൻ മാരകം
മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. ഇത് പുരട്ടിയാൽ മത്സ്യങ്ങൾ
ദിവസങ്ങളോളം കേടുകൂടാതിരിക്കും. ഫോർമാലിൻ ശരീരത്തിലെത്തിയാൽ കാൻസർ, ആമാശയ രോഗങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യത കൂടും. സ്ത്രീകളിൽ ഗർഭകാലത്തിന്റെ ആദ്യഘട്ടത്തിൽ ഫോർമാലിൻ ഉള്ളിൽച്ചെല്ലുന്നത് കുട്ടികളിൽ ജനന വൈകല്യങ്ങൾ ഉണ്ടാക്കിയേക്കാം.
പഴകിയ ഭക്ഷണസാധനങ്ങളിലെ ബാക്ടീരിയ പുറത്തുവിടുന്ന വിഷദ്രാവകങ്ങൾ ആന്തരികാവയവങ്ങളുടെ പ്രവർത്തനംവരെ നിശ്ചലമാക്കിയേക്കാം. ടോക്സിക് ഷോക്ക് സിൻഡ്രം ബാക്ടീരിയ മനുഷ്യശരീരത്തിലെ ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ച് മരണംവരെ സംഭവിക്കാം. 24മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിലോ മറ്റ് ശീതീകരണ സംവിധാനത്തിലോ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ കഴിവതും ഉപയോഗിക്കരുത്.
- ഡോ.ബി.പദ്മകുമാർ, പ്രൊഫസർ, മെഡിസിൻ വിഭാഗം, മെഡിക്കൽ കോളേജ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |