കൊച്ചി: സോഷ്യൽ മീഡിയകളിലൂടെ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് കൊച്ചി പൊലീസ്. രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ കോടതി വഴി പരാതി നൽകണമെന്നാണ് പൊലീസ് ഇപ്പോൾ അറിയിക്കുന്നത്. രാഹുൽ ഈശ്വർ പ്രതിയല്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷയിൽ അറസ്റ്റ് തടയാതിരുന്ന കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഹർജി ഈ മാസം 27ന് പരിഗണിക്കുമെന്ന് അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് നിലപാട് തേടിയ ശേഷം അറസ്റ്റ് തടയാനുള്ള നടപടികളിലേക്ക് കടക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
കേസിൽ പൊലീസ് ഇതുവരെ എഫ്‌ഐആർ ഇട്ടിട്ടില്ല. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും അധിക്ഷേപിച്ചെന്നാണ് ഹണിയുടെ പരാതി. ഹണി റോസിനെക്കൂടാതെ തൃശൂർ സ്വദേശി സലീമും രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരുന്നു. രാഹുൽ ഈശ്വർ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നതായി ശനിയാഴ്ചയാണ് ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.
ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഹണി റോസിനെ രാഹുൽ അപമാനിക്കുന്നുവെന്നാണ് സലീമിന്റെ പരാതിയിലുള്ളത്. സംഭവവുമായി നേരിട്ട് ബന്ധമില്ലാത്തയാളെന്ന നിലയിൽ സലീമിന്റെ പരാതി പൊലീസ് ഗൗരവത്തിൽ എടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |