പരസ്യ കരാറുകാരനോട് ചോദിച്ചത് ലക്ഷം രൂപ
ശംഖുംമുഖം:സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിയിൽ കൈക്കൂലിയും !
പരസ്യങ്ങൾ പതിക്കുന്ന കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മാർക്കറ്റിംഗ് മാനേജരെ വിജിലൻസ് അറസ്റ്റ് ചെയ്‌തു. ഡെപ്യൂട്ടി ജനറൽ മാനേജരുടെ ചുമതല കൂടി വഹിക്കുന്ന ഉദയകുമാറിനെയാണ് (55) വിജിലൻസ് സംഘം വഴുതക്കാട് ശ്രീമൂലം ക്ലബ്ലിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ സസ്‌പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ഉത്തരവിട്ടു. ഡിപ്പാർട്ട്‌മെന്റ് നടപടികൾ ഉടൻ സ്വീകരിക്കും.
കരാറുകാരനായ കുമാരപുരം സ്വദേശി ബാലമുരളിയുടെ ബില്ല് മാറാൻ ഉദയകുമാർ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത്രയും തുക കൈവശമില്ലെന്ന് പറഞ്ഞ്, കഴിഞ്ഞ ബുധനാഴ്ച 40,000 രൂപ നൽകി. ബില്ല് മാറണമെങ്കിൽ ബാക്കി തുകയും വേണമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ കരാറുകാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് മുപ്പതിനായിരം രൂപയുടെ നോട്ടുകൾ കവറിലാക്കി കരാറുകാരന് നൽകി. പണം നൽകാൻ ശനിയാഴ്ച രാവിലെ മുതൽ ഇയാളെ കരാറുകാരൻ വിളിച്ചെങ്കിലും വൈകിട്ട് ആകാമെന്ന് പറഞ്ഞു. പണവുമായി ആദ്യം പറഞ്ഞ സ്ഥലത്തെത്തിയെങ്കിലും രണ്ടു തവണ സ്ഥലം മാറ്റി പറഞ്ഞ ശേഷം രാത്രി എട്ടു മണിയേടെ വഴുതക്കാട് ശ്രീമൂലം ക്ലബ്ലിൽ എത്താൻ നിർദ്ദേശിച്ചു. ക്ളബിലെത്തിയ കരാറുകാരൻ പണം കൈമാറുമ്പോൾ കാത്തുനിന്ന വിജിലൻസ് സംഘം ഉദയകുമാറിനെ പിടികൂടുകയായിരുന്നു. പരിശോധനകൾക്ക് ശേഷം ഇയാളെ കസ്റ്റഡിൽ എടുത്തു.
വിജിലൻസ് സതേൺ റേഞ്ച് ഡി വൈ.എസ്.പി.വിനോദിന്റെ നേതൃത്വത്തിൽ സി.ഐ. നിസാം,എസ്.ഐമാരയ സുനിൽ, ഖാദർ, ലിജു, രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ കണ്ണൻ, ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |