കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന പരാതി വിശദമായ വാദത്തിനു ശേഷം മൂന്നംഗ ഫുൾ ബെഞ്ചിനു വിട്ട ലോകായുക്തയുടെ നടപടി ഹൈക്കോടതി ശരിവച്ചു. ലോകായുക്തയുടെ നടപടിയെ ചോദ്യം ചെയ്ത് പരാതിക്കാരൻ ആർ.എസ്. ശശികുമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി.
ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്കു പണം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിലെ മന്ത്രിമാർക്കുമെതിരെയാണ് ശശികുമാർ ലോകായുക്തയിൽ പരാതി നൽകിയത്. മന്ത്രിസഭാ തീരുമാനത്തിനെതിരായ പരാതി ലോകായുക്തക്ക് പരിഗണിക്കാനാവുമോയെന്ന തർക്കം ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. ഫുൾബെഞ്ച് വിഷയം പരിഗണിച്ച്, ലോകായുക്തക്ക് പരിഗണിക്കാൻ കഴിയുമെന്ന് വ്യക്തമാക്കി. തുടർന്ന് ഡിവിഷൻ ബെഞ്ച് വാദം കേട്ട് 2022 മാർച്ച് 18 ന് വിധി പറയാൻ മാറ്റി. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വിധിയുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ഹർജിക്കാരന് ഈ വിഷയം ലോകായുക്തയിൽ ഉന്നയിക്കാമെന്നു വ്യക്തമാക്കി ഹർജി ഹൈക്കോടതി തീർപ്പാക്കി. 2023 മാർച്ച് 31 നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൾ റഷീദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചത് കാബിനറ്റ് തീരുമാന പ്രകാരമാണെന്നും ലോകായുക്തക്ക് ഇതിൽ ഇടപെടാനാവുമോയെന്ന കാര്യത്തിൽ ഡിവിഷൻ ബെഞ്ചിൽ അഭിപ്രായ ഭിന്നതയുള്ളതിനാൽ മൂന്നംഗ ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയാണെന്നുമായിരുന്നു വിധി.
ഇതിനെതിരെയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഒരിക്കൽ ഈ തർക്കം പരിശോധിച്ചു തീർപ്പാക്കിയ ശേഷം വീണ്ടും ഇതേ കാരണം പറഞ്ഞ് ഹർജി ഫുൾബെഞ്ചിനു വിട്ടത് നിയമപരമല്ലെന്നായിരുന്നു വാദം. ഇന്നലെ ഹർജിയിൽ വാദം കേട്ട ഡിവിഷൻ ബെഞ്ച്, ഇത്തരമൊരു തർക്കമുണ്ടെങ്കിൽ ഫുൾബെഞ്ചിനു വിടുന്നതിൽ എന്താണ് അപാകതയെന്നു ചോദിച്ചു. ഇതിനു നിയമപരമായി കഴിയുമെന്നും വ്യക്തമാക്കി. തുടർന്നാണ് ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |