കൊട്ടാരക്കര: കൊട്ടാരക്കരയിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം നടത്തിയയാൾ പിടിയിൽ. തിരുവനന്തപുരം മംഗലപുരം ചെമ്പകമംഗലത്ത് ഊരുകോണത്ത് പുത്തൻവീട്ടിൽ ബ്ളേഡ് അയ്യപ്പൻ എന്ന് വിളിക്കുന്ന അയ്യപ്പനെയാണ് (33) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി കുലശേഖരപുരത്തെ വാടക വീട്ടിൽ നിന്നാണ് അയ്യപ്പനെ പിടികൂടിയത്. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര അമ്മൻകോവിൽ ക്ഷേത്രത്തിലും വല്ലം ജുംഅമസ്ജിദിലും (തൈക്കാവ്) വഞ്ചികൾ കുത്തിത്തുറന്ന് പണാപഹരണം നടത്തിയ കേസിലാണ് പിടിയിലായത്. ക്ഷേത്ര മോഷണത്തിന് ശേഷം കൈക്കലാക്കിയ ത്രിശൂലം പള്ളിയിൽ മോഷണം നടത്താൻ ഉപയോഗിക്കുകയും പള്ളിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
പള്ളിയിൽ ത്രിശൂലം കണ്ടെത്തിയത് ആദ്യം വിവാദമായെങ്കിലും പിന്നീടാണ് മോഷണവിവരം വ്യക്തമായത്. പ്രതിയുടെ സി.സി ടി.വി ദൃശ്യങ്ങളും ലഭിച്ചിരുന്നു. സി.ഐ വി.എസ്.പ്രശാന്ത്, എസ്.ഐമാരായ ഗോപകുമാർ, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
സ്വന്തം ശരീരത്തിൽ മുറിവുണ്ടാക്കി രക്ഷപെടൽ
സ്ഥിരം മോഷ്ടാവാണ് അയ്യപ്പൻ. പൊലീസ് പിടികൂടുകയോ മോഷണത്തിനിടയിൽ പിടിയിലാവുകയോ ചെയ്താൽ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവുകളുണ്ടാക്കും. രക്തം പുറത്തേക്ക് ചീറ്റുമ്പോൾ ആളുകൾ പിന്മാറും. ഈ സമയത്ത് ഓടി രക്ഷപ്പെടുകയാണ് പതിവ്. മുറിവേറ്റ അയ്യപ്പനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. ബ്ളേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കുന്നതിനാലാണ് ബ്ളേഡ് അയ്യപ്പൻ എന്ന പേരുവീണത്. ഇത്തവണയും ബ്ളേഡ് പ്രയോഗത്തിന് തുനിഞ്ഞെങ്കിലും പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |