SignIn
Kerala Kaumudi Online
Tuesday, 10 December 2019 8.14 AM IST

നടി ശ്രീദേവിയുടെത് അപകടമല്ല കൊലപാതകമാകാനാണ് സാധ്യതയെന്ന് മരിക്കുന്നതിന് മുമ്പ് ഡോ. ഉമാദത്തൻ എന്നോട് പറഞ്ഞിരുന്നു: ഋഷിരാജ് സിംഗ്

rishiraj-singh-umadathan

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു ബോളിവുഡ് നടി ശ്രീദേവിയുടെ മരണം. താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ ബാത്ത് ടബിൽ മുങ്ങിമരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തുന്നത്. എന്നാൽ അത് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നും തരത്തിലുള്ള വിവാദങ്ങൾ അന്നു തന്നെ ഉയർന്നിരുന്നു. ഇപ്പോഴിതാ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഇതുമായി ബന്ധപ്പെട്ട് ചിലവെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. സുഹൃത്തും അടുത്തിടെ അന്തരിച്ച ഫോറൻസിക് വിദഗ്‌ദ്ധനുമായ ഡോ. ഉമാദത്തൻ തന്നോടു പറഞ്ഞ കാര്യങ്ങളാണ് കേരളകൗമുദി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത്. ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം താൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തൻ തന്നോട് പറഞ്ഞിരുന്നുവെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കുന്നു. അതിന് കാരണമായി ഉമാദത്തൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഋഷിരാജ് സിംഗ് പറയുന്നുണ്ട്.

ലേഖനത്തിൽ നിന്ന്-

'പൊലീസിൽ വൈദ്യശാസ്ത്രവിദഗ്ദ്ധന്റെ റോൾ എന്താണെന്ന് കേരള പൊലീസ് മനസിലാക്കിയത് ഡോ.ഉമാദത്തൻ 1987 ൽ വൈദ്യശാസ്ത്രനിയമ വിദഗ്ധനായി നിയമിതനായപ്പോഴാണ്. എസ്.പി, ക്രൈം ഐ.ജി, എ.എസ്.പി നെടുമങ്ങാട് തുടങ്ങിയ തസ്തികകളിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഡോ. ബി. ഉമാദത്തന്റെ ഒപ്പം പ്രവർത്തിക്കാൻ അവസരമുണ്ടായി. എറണാകുളം പൊലീസ് കമ്മിഷണറായിരിക്കുമ്പോഴും തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായി ജോലി ചെയ്യുമ്പോഴും കോളിളക്കം സൃഷ്ടിച്ച പല കേസുകളും തെളിയിക്കാൻ അദ്ദേഹത്തിന്റെ സഹായം ലഭിച്ചിരുന്നു.

ഒരു കേസിനെക്കുറിച്ച് പറയുമ്പോൾ വളരെയേറെ ആകാംക്ഷയോടെ അദ്ദേഹമത് കേൾക്കുമായിരുന്നു. ഓരോ കേസിനെക്കുറിച്ചുള്ള ചർച്ചകളെയും കേസന്വേഷണത്തിൽ പുതിയ രീതി കണ്ടെത്താനുള്ള അവസരമായി അദ്ദേഹം കണ്ടു. സൗമ്യസംഭാഷണത്തിനുടമയായ അദ്ദേഹം, ഒരു കേസിനെക്കുറിച്ച് സംസാരിക്കാനുണ്ട് ഒന്നു വരാമോ എന്ന് ചോദിച്ചാൽ എത്ര ദൂരെയായിരുന്നാലും അപ്പോൾത്തന്നെ ട്രെയിൻ കയറി വരുമായിരുന്നു. അദ്ദേഹത്തിന്റെ വൈദഗ്ധ്യം കൊണ്ട് തെളിയിച്ച ഒന്നുരണ്ട് കേസുകളെകുറിച്ച് ഞാനെഴുതട്ടെ;


ഞാൻ എറണാകുളം കമ്മിഷണറായിരുന്നപ്പോൾ ഒരു ദിവസം രാത്രി എട്ട് മണിക്ക് എറണാകുളത്തുള്ള ഒരു സ്വർണക്കടയിൽ ഉടമയെയും മറ്റും ബോധംകെടുത്തി സ്വർണവും പണവുമെടുത്ത് ചിലർ കടന്നുകളഞ്ഞെന്ന പരാതി ലഭിച്ചു. ഞാൻ ഉടൻ അവിടെയെത്തുകയും പരിശോധന നടത്തുകയും ചെയ്തു. ബോധം കെടുത്തി സ്വർണവും പണവും തട്ടിക്കൊണ്ടുപോവാനുള്ള സാഹചര്യം പ്രഥമദൃഷ്ട്യാ കണ്ടില്ലെങ്കിലും ഇത്തരമൊരു കുറ്റകൃത്യം നടന്നിട്ടില്ലെന്ന് തീർത്തു പറയാനാവില്ല. ഞാൻ ഉടനെ ഡോ.ഉമാദത്തനെ വിളിക്കുകയും അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഫോണിലൂടെ ഡോ. ഉമാദത്തൻ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബോധം കെടുത്തിയതിന്റെ യാതൊരു തെളിവും അവിടെയില്ലെന്ന് മനസിലാക്കാൻ സാധിച്ചു. ക്ലോറോഫോം പോലെ ബോധം പോവാനുള്ള യാതൊരു വസ്തുവും ഉപയോഗിച്ചതിന്റെ തെളിവും അവിടെനിന്നും ലഭിച്ചില്ല. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇൻഷ്വറൻസ് ക്ലെയിം ലഭിക്കാനായി ജ്വല്ലറി ഉടമ മെനഞ്ഞെടുത്ത ഒരു തട്ടിപ്പായിരുന്നു അതെന്ന് മനസിലാക്കി. തുടർന്ന് അവരെ അറസ്റ്റ് ചെയ്തു. ഡോ.ഉമാദത്തന്റെ വൈദഗ്ധ്യത്താൽ നിമിഷനേരം കൊണ്ട് ഒരു കേസ് തെളിയിക്കപ്പെട്ടു.


നെടുമങ്ങാട് എ.എസ്.പിയായി ജോലി ചെയ്തിരുന്ന സന്ദർഭത്തിൽ വിതുരയ്ക്കടുത്തുള്ള കല്ലാർപുഴയിൽ ഒരാൾ മരിച്ചുകിടക്കുന്നതായും അതൊരു കൊലപാതകമാണെന്നും ആക്ഷൻ കമ്മിറ്റി പരാതിപ്പെട്ടു. നീന്താൻപോയ ആളെ ആരോ കൊന്നിട്ടതാണെന്ന് നാട്ടുകാർ ആരോപിച്ചു. ആളുകളുടെ ബഹളത്തിനിടയിലൂടെ സംഭവസ്ഥലത്തെത്തിയ ഞാൻ ഡോ. ഉമാദത്തനെ വിളിക്കുകയും അദ്ദേഹം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പ്രഥമദൃഷ്ട്യാ മുങ്ങിമരണത്തിന്റെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. പുഴയും പരിസരവും പരിശോധിച്ച അദ്ദേഹം, മൃതദേഹം കണ്ട സ്ഥലം പരിശോധിച്ച അദ്ദേഹം ആ ഭാഗത്ത് നദിയിൽ ധാരാളം പായൽച്ചെടികൾ വളർന്നു നില്ക്കുന്നതായി കണ്ടെത്തി. പായൽ നിന്ന സ്ഥലത്ത് ഒരു പാറ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. നീന്താൻ നദിയിലേക്ക് ഊളിയിട്ട സമയത്ത് ഒരു കാൽ പായലിൽ ഉടക്കുകയും തല പാറയിൽ ചെന്നിടിക്കുകയും ചെയ്തു. തല പാറയിലിടിച്ച് ബോധം നഷ്ടപ്പെട്ട് അയാൾ മുങ്ങിമരിച്ചതാണെന്ന് മനസിലാക്കി. കേവലം അരമണിക്കൂറു കൊണ്ടാണ് കൊലപാതകമെന്ന് തെറ്റിദ്ധരിക്കുമായിരുന്ന കേസിന് അദ്ദേഹം തുമ്പുണ്ടാക്കിയത്.


രാത്രി മൂന്നുമണിക്ക് വിളിച്ചുണർത്തി സംസാരിച്ചാൽപ്പോലും അദ്ദേഹത്തിനത് അരോചകമായി തോന്നിയിരുന്നില്ല. ഒരു കാര്യം അദ്ദേഹത്തെ ഏൽപ്പിച്ചാൽ 'നോക്കാം 'എന്ന ഉറപ്പില്ലാത്ത വാക്ക് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. തീർച്ചയായും ചെയ്യും എന്നദ്ദേഹം പ്രവൃത്തിയിലൂടെ കാണിച്ചുതന്നു. അതായിരുന്നു ഡോ. ബി. ഉമാദത്തൻ.


പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാദ്ധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയർത്തിപ്പിടിച്ച് തല വെള്ളത്തിൽ മുക്കിയാൽ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൈം കേരളം, പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം മുതലായ പുസ്തകങ്ങൾ അദ്ദേഹമെഴുതിയതാണ്.


അദ്ദേഹമെഴുതിയ പുസ്തകത്തിൽ ഞങ്ങളുടെ പേരും പരാമർശിച്ചിരുന്നു. ഏതൊരവസരത്തിലും ജോലി ചെയ്യാനുള്ള മനസും സൗമ്യമായ സംസാരവും മനസിൽ മായാതെ നില്ക്കുന്നു. അദ്ദേഹം എന്നന്നേക്കുമായി വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമ്മകൾ എന്നെന്നും മനസിൽ മായാതെ നില്ക്കും'.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RISHIRAJ SINGH, DOCTOR UMADATHAN, ACTRESS SRIDEVI DEATH, FORENSIC EXPERT UMADATHAN, DGP RISHIRAJ SINGH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.