കണ്ണൂർ: മിത്ത് വിവാദം കൊളുത്തിവിട്ട സ്പീക്കർ എ.എൻ. ഷംസീർ, സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ അനുവദിച്ചത് 64 ലക്ഷം രൂപ.
ഇതിന് ഭരണാനുമതിയായെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷംസീർ തന്നെയാണ് അറിയിച്ചത്. 'ശ്യാമാംബരം മുഖ സാഗരം, തുളസീദളം അതിസുന്ദരം' എന്ന ഗണപതി സ്തുതിഗീതത്തോടൊപ്പം ക്ഷേത്രത്തിന്റെ വീഡിയോ ദൃശ്യവും ചേർത്തിട്ടുണ്ട്.
തലശ്ശേരി കോടിയേരിയിലെ കാരാൽ തെരുവിലാണ് പുരാതനമായ ഈ ക്ഷേത്രം. പഴമയുടെ പ്രൗഢി നിലനിറുത്തി കുളം മനോഹരമായി നവീകരിക്കുമെന്ന് ഷംസീർ പറയുന്നു. അടുത്ത മാസത്തോടെ പ്രവൃത്തികൾ ആരംഭിക്കും.
അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി റോഷി അഗസ്റ്റിന്റെയും ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗണപതിയെ അവഹേളിച്ചു എന്നാരോപിച്ച് സംഘപരിവാർ സംഘടനകളും എൻ.എസ്.എസും ഷംസീറിനെതിരെ തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം. എറണാകുളം കുന്നത്തുനാട്ടിലെ പരിപാടിക്കിടെയായിരുന്നു മിത്ത് പ്രയോഗം. ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത് ഗണപതിക്കെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നതെന്നും ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രതിഷ്ഠിക്കുന്നു എന്നുമായിരുന്നു ഷംസീറിന്റെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |