ഗുരുവായൂർ : തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിന്റെ വഴിപാടായി ഗുരുവായൂരപ്പന് ഇന്ന് സ്വർണക്കിരീടം സമർപ്പിക്കും. ഉച്ചപൂജയ്ക്ക് മുമ്പായാണ് ദുർഗ സ്റ്റാലിൻ ക്ഷേത്രത്തിലെത്തി കിരീടം സമർപ്പിക്കുക. ഉച്ചപൂജയ്ക്ക് കിരീടം ഗുരുവായൂരപ്പന് ചാർത്തും. ഇതോടൊപ്പം ക്ഷേത്രത്തിൽ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന ചന്ദനമുട്ടികൾ (തേയ) അരയ്ക്കാൻ കഴിയുന്ന മെഷീനും ദുർഗ സ്റ്റാലിൻ വഴിപാടായി സമർപ്പിക്കും.
ഇന്ന് രാവിലെ ഏഴിന് ചെന്നൈയിൽ നിന്നുള്ള വിമാനത്തിലാണ് ദുർഗ നെടുമ്പാശ്ശേരിയിലേയ്ക്ക് പുറപ്പെടുക. ഗുരുവായൂരിലെത്തി ക്ഷേത്രത്തിൽ കിരീടം സമർപ്പിച്ച ശേഷം ഉച്ചപൂജ തൊഴുത് ഇവർ എറണാകുളത്തേയ്ക്ക് മടങ്ങും. കോയമ്പത്തൂർ സ്വദേശിയായ ശിവജ്ഞാനമാണ് കിരീടം നിർമ്മിച്ചത്.
നേരത്തെ കിരീടം തയാറാക്കാനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും ഇവർ വാങ്ങിയിരുന്നു. ദുർഗ സ്റ്റാലിൻ മുൻപ് പല തവണ ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്. കിലോ കണക്കിന് തേഞ്ഞ ചന്ദന മുട്ടികളാണ് ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്നത്. ഇതിന് കോടികൾ വിലവരും. ദേവസ്വത്തിന് ഇത് വിൽക്കാനോ ലേലം ചെയ്യാനോ അധികാരമില്ല. വനംവകുപ്പിന് മാത്രമാണ് ചന്ദനമുട്ടി വിൽക്കാൻ അധികാരമുള്ളത്. ഇവ മറ്റ് ക്ഷേത്രങ്ങൾക്ക് പോലും നൽകാൻ ദേവസ്വത്തിന് അധികാരമില്ല. കിലോയ്ക്ക് 17,000 രൂപയ്ക്ക് വനംവകുപ്പിൽ നിന്നും ദേവസ്വം വാങ്ങുന്ന ചന്ദനം തേഞ്ഞ് ചെറിയ കഷണമായാൽ വനം വകുപ്പിന് തന്നെ തിരിച്ചു നൽകുമ്പോൾ കിലോയ്ക്ക് 1,000 രൂപയാണ് ലഭിക്കുക. പുതിയ മെഷിൻ വരുന്നതോടെ ഈ ചന്ദന കഷണമരച്ച് ക്ഷേത്രത്തിൽ ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |