SignIn
Kerala Kaumudi Online
Friday, 11 July 2025 8.06 AM IST

ശ്രീരാമൻ ദർശനം നടത്തിയ ക്ഷേത്രം,​ ഏറ്റവും പുരാതനമായ ശക്തീപീഠങ്ങളിൽ ഒന്ന്,​ തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

Increase Font Size Decrease Font Size Print Page
d

തളിപ്പറമ്പ് രാജ രാജ്വേശര ക്ഷേത്രത്തിൽ ശ്രീപരമേശ്വരന്റെ കൂറ്റൻ വെങ്കല ശില്പം അനാച്ഛാദനം ചെയ്തതിന് പിന്നാലെ ക്ഷേത്ര ദർശനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുകയാണ്. ഭരണകർത്താക്കളുടെ ഇഷ്ടസ്ഥാനമായി കരുതപ്പെടുന്ന ക്ഷേത്രത്തിൽ രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശില്പമാണ് പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ചത്. രുദ്രാക്ഷ മാല അണിഞ്ഞ് കഴുത്തിൽ നാഗവും ശിരസിൽ ഗംഗയും വഹിച്ച് ത്രിശൂലം ചേർത്തുവച്ച് ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്.

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര, ക്ഷേത്രം. ശിവന്റെ പല പേരുകളിൽ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്നപരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് 'ദേവപ്രശ്നം' വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്

ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതീദേവിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട്.

ഐതിഹ്യം

ഋഷിമാർ ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ചു നിർമിച്ച മൂന്ന് ശിവലിംഗങ്ങൾ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാർവതിദേവി ഭഗവാൻ ശിവന്റെ സഹായത്താൽ ആ വിഗ്രഹങ്ങൾ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധതമഹർഷി പരമശിവനെ പൂജകൾ കൊണ്ട് സംപ്രീതനാക്കി. പൂജയിൽ പ്രസാദവാനായ ഭഗവാൻ ശിവൻ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതിൽ ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, ഇവിടെ തളിപ്പറമ്പിൽ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വർഷങ്ങൾ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹർഷി സായൂജ്യ മടയകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.

മാന്ധാതാവിന്റെ മകനായ മുചുകുന്ദൻ പിന്നീട് പരമശിവനെ പ്രാർത്ഥിച്ച് ശിവനിൽ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പിൽ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തിൽ ഭൂമിക്ക് അടിയിലേക്ക് താണുപോയി. പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷിക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകൾ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവത്രെ

ശതസേനൻ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്ര ഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്രതൃക്കോവിൽ നിർമിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതന രാജാവിന്റെ പുത്രനായ ശതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു.

d

ലങ്കയിൽ നിന്ന് രാവണ നിഗ്രഹത്തിനുശേഷം സീതാദേവിയുമായി വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമൻ ഇവിടെ വന്ന് രാജരാജേശ്വരനു പൂജകൾ അർപ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ട് ഇന്നും ഭക്തജനങ്ങൾക്ക് നമസ്‌കാര മണ്ഡപത്തിൽ പ്രവേശനമില്ല.

പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകൾ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകൾ ഗർഭവതികളായിരിക്കുമ്പോൾ മൂന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങൾ. ശിവൻ കുഞ്ഞിന് പ്രതാപവും, തൃച്ചംബരത്തെ ശ്രീകൃഷ്ണൻ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീർഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു.

ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വര സങ്കല്പത്തിൽ പരമശിവനാണ്. എങ്കിലും ശൈവവൈഷ്ണവസങ്കല്പങ്ങൾ കൂടിച്ചേർന്ന ആരാധനാമൂർത്തിയാണ് എന്ന് മറ്റൊരു അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണന്റെ എഴുന്നള്ളത്ത് രാജരാജേശ്വരക്ഷേത്രത്തിൽ വരുന്ന അവസരത്തിൽ ഇവിടെത്തെ മൂർത്തിയെ ശങ്കരനാരായണനായി സങ്കല്പിച്ച് ആരാധിച്ചുവരുന്നു. അതുപോലെതന്നെ ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ഈ ക്ഷേത്രത്തിൽ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്. തിങ്കളാഴ്ചയ്ക്കുപകരം ബുധനാഴ്ചയാണ് ഇവിടെ പ്രധാനദിവസം. മാത്രവുമല്ല, പ്രദോഷവ്രതം ഇവിടെ ആചരിയ്ക്കപ്പെടുന്നില്ല. അതുപോലെതന്നെ ശിവരാത്രിദിവസവും ധാര പതിവില്ല. പ്രധാന മൂർത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, മഹാകാളൻ, നന്ദികേശൻ, പാർവതി, യക്ഷി, വൃഷഭൻ, പുറത്ത് ഭൂതനാഥൻ, ചിറവക്കിൽ ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

കൊടിമരം ഇല്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാൻ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബമേവാൻ ശിവരാത്രിയും, ശങ്കരനാരായണ സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു. ശിവരാത്രിക്ക് മാത്രമാണ് സ്ത്രീകൾക്ക് ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള അനുവാദം മുഴുവൻ സമയവുമുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ രാത്രി അത്താഴപൂജയ്ക്കുശേഷം എട്ടു മണിക്ക് ശേഷമേ പാടുള്ളൂ.

TAGS: TEMPLE, AMIT SHA, THALIPPARAMBU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.