കൊച്ചി : നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾക്ക് നിയമന നിരോധന ഉത്തരവ് ബാധകമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പായശേഷമുള്ള ഒഴിവുകൾക്കേ നിരോധനം ബാധകമാകൂവെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. വൊക്കേഷണൽ ഹയർ സെക്കൻഡറി വകുപ്പിൽ ലബോറട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം നിറുത്തലാക്കിയ നടപടിയിൽ ഇടപെടാത്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പി.എസ്.സി തയ്യാറാക്കിയ പട്ടികയിൽ 14 ഉം 15 ഉം റാങ്ക് നേടിയവർ ജോലിയിൽ പ്രവേശിച്ചില്ല. ഈ ഒഴിവിലേക്ക് അടുത്ത റാങ്കുകാരെ നിയമിക്കാത്തതിനെതിരെയായിരുന്നു കെ.എ.ടിയിലെ ഹർജി. 16ാം റാങ്കുകാരന് അർഹതയുണ്ടായിട്ടും നിയമനം നൽകാത്ത വി.എച്ച്.എസ്.സികളിൽ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് നടപ്പാക്കുന്നത് വരെ നിയമനനിരോധനം പ്രഖ്യാപിച്ച് ഉത്തരവിട്ടിരുന്നു. നിയമന നടപടി ആരംഭിച്ച ഒഴിവുകൾക്ക് നിയമം ബാധകമല്ലെന്ന വാദം ഡിവിഷൻബെഞ്ച് ശരിവച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് അഡ്വൈസ് മെമ്മോ നൽകിയത് 2018 മാർച്ച് 19നും ഏപ്രിൽ പത്തിനുമിടയിലാണ്. മേയ് ഒമ്പതിനാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. റാങ്ക് പട്ടികയിലുള്ളവർ ജോലിയിൽ പ്രവേശിക്കാത്തതിനാൽ പുതിയ ഒഴിവുകളായി കണക്കാക്കാനാവില്ല. യോഗ്യതയുള്ള 16ാം റാങ്കുകാരനെ നിയമിക്കണമെന്നും 2018 മേയ് ഒമ്പതിന് മുമ്പുള്ള ഒഴിവുകളിൽ നിയമന നടപടികൾ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |