വിഴിഞ്ഞം: മറൈൻ അക്വാറിയത്തിൽ എത്തിയാൽ സന്ദർശകർക്ക് കാണാൻ കഴിയുന്നത് കടും മഞ്ഞനിറത്തിൽ ഏതോ വസ്തു വെള്ളത്തിൽ കിടക്കുന്നതാണ്. കാഴ്ചയിൽ ഒരു വാഴപ്പഴം വെള്ളത്തിൽ വീണതാണെന്ന് തോന്നും.സമീപമെത്തിയാൽ ഒരു മത്സ്യം നീന്തുന്നതാണെന്ന കൗതുകവുമാകും.
ബനാന റാസ് എന്നയിനം മത്സ്യമാണ് വിഴിഞ്ഞം മറൈൻ അക്വാറിയത്തിലെ പുതിയ അതിഥി. കൂടാതെ വേറെയുമുണ്ട് ഇവിടെ നീന്തിത്തുടിക്കുന്ന വർണ മത്സ്യങ്ങൾ.ഒരു മീറ്റർ നീളമുള്ള പാൽ സ്രാവ്, നീല നിറത്തോട് കൂടിയ അസൂർടാം സെൽ, മൂൺ റാപ്,നക്ഷത്ര മത്സ്യങ്ങൾ,നീന്തി തളർന്നത് തലകീഴായി വിശ്രമിക്കുന്ന ജെല്ലിഫിഷ്, നീന്തുമ്പോൾ നിവർന്നും തളരുമ്പോൾ തലകീഴായുമാണ് ഇവയുടെ വിശ്രമം. വിഴിഞ്ഞം മറൈൻ അക്വാേറിയത്തിലെ പുതിയ അതിഥികൾ എല്ലാം കാഴ്ചക്കാർക്ക് കൗതുകമാകുന്നു.
സ്വർണവർണ നിറത്തിലുള്ള പത്തോളം ജെല്ലിഫിഷുകളാണ് വിഴിഞ്ഞം അക്വാേറിയത്തിലുള്ളത്. ചെറുമീനുകളെ ഭക്ഷിക്കുന്ന ഇവയ്ക്ക് പ്രകാശ സംശ്ലേഷണം വഴി സ്വയം ഭക്ഷണം പാകംചെയ്യാനും കഴിയും. കേസിയോ പിയ എന്ന ശാസ്ത്രീയ നാമത്തിലറിയുന്ന ഇവ സമുദ്രത്തിന്റെ അടിത്തട്ടിൽ വിശ്രമിക്കുമ്പോൾ തലകീഴായിക്കിടക്കും. കുട പോലുള്ള ശരീരഭാഗവും അതിനടിയിലായി കാലുകളും കാണപ്പെടുന്ന ഇവയുടെ ശരീരത്തിൽ തൊട്ടുകഴിഞ്ഞാൽ ചൊറിയും.ശരീരത്തിൽ നിന്ന് പ്രത്യേകതരം സ്രവം പുറപ്പെടുവിക്കുന്നതിനാൽ ഇത് മറ്റു മത്സ്യങ്ങൾക്ക് ഹാനികരമാണ്. അതിനാൽത്തന്നെ ഇവയെ പ്രത്യേക ടാങ്കുകളിലാണ് സൂക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |