''ഹ! ഹ!ഹ! ഹുക്കും!! ടൈഗർ കാ ഹുക്കും..."" കസേരയിൽ നെഞ്ചുവിരിച്ച് ഇരുന്നിട്ട് രജനികാന്ത് ഒരു ചുരുട്ട് ചുണ്ടിലേക്ക് എറിഞ്ഞ് പിടിക്കുമ്പോൾ തീയേറ്ററിൽ ജയിലർ കാണുന്ന പ്രേക്ഷകർ തിരമാലപോലെ ആർത്തലയ്ക്കുകയാണ്.
ഇടയ്ക്കെപ്പോഴോ നഷ്ടപ്പെട്ട അവരുടെ സ്റ്റൈൽ മന്നനെ തിരിച്ചു കിട്ടിയിരിക്കുന്നു. കോലിൽ തീപടരുമ്പോഴേക്കും തീപ്പെട്ടി തെറിച്ച് മറ്രൊരാളുടെ കൈയിൽ വീണു കഴിഞ്ഞിരുന്നു. 'ടൈഗർ കാ ഹുക്കും" എന്നാൽ കടുവയുടെ ഉത്തരവ് എന്നാണർത്ഥം. ജയിലർ മുത്തുവേൽ പാണ്ഡ്യന് കൈയിലിരുപ്പ് കാരണം തടവുപുളളികൾ നൽകിയ പേരാണ് ടൈഗർ! ആഗസ്റ്റ് പത്തു മുതൽ ബോക്സ് ഓഫീസ് ഭരിക്കുന്നത് ഈ 'ടൈഗർ"ആണ്. നാലുനാൾ കൊണ്ട് ജയിലർ വാരിയെടുത്തത് 400 കോടി. തമിഴ്നാട്ടിൽ 80 കോടി. കേരളത്തിൽ നിന്നും ലഭിച്ചത് 24 കോടി. രാജ്യത്തെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി രജനിയുടെ ചിത്രം മാറുകയാണ്.
1975ൽ പുറത്തിറങ്ങിയ അപൂർവരാഗങ്ങൾ എന്ന ആദ്യ ചിത്രത്തിൽ ചുണ്ടിൽ എരിയുന്ന ബീഡിയുമായി ഗേറ്റ് തള്ളിത്തുറന്നു വന്ന ആ ചെറുപ്പക്കാരന്റെ മാസ് എൻട്രി 48വർഷം കഴിഞ്ഞെത്തിയ ഈ ജയിലർ കാണുമ്പോഴും ഓർക്കാതിരിക്കാനാകില്ല.നിനൈത്താലെ ഇനിക്കും എന്ന കെ.ബാലചന്ദർ ചിത്രത്തിൽ സിഗരറ്റ് ചുണ്ടിലേക്കെറിയുന്നതും ,'പടയപ്പ"യിൽ ചുരുട്ടുകത്തിച്ച് തല ഇടത്തോട്ടും വലത്തോട്ടും ആട്ടി നടന്നുവരുന്ന തലൈവരുടെ ആ വരവും മറന്നിട്ടില്ല. ''നാൻ വന്തിട്ടേന്നു ശൊല്ല്.തിരുമ്പി വന്തിട്ടേന്ന്. 25 വർഷത്തുക്ക് മുന്നാടി എപ്പടി പോനാലോ കബാലി അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് ശൊല്ല്."" 2016ൽ റിലീസ് ചെയ്ത കബാലി സിനിമയിലെ മാസ് ഡയലോഗാണിത്. തരംഗമാകാതെ പോയ കഴിഞ്ഞ രണ്ട് സിനിമകൾക്കു ശേഷമുള്ള രജനിയുടെ തിരിച്ചുവരവിൽ ആരാധകർ പറയുന്നത് കബാലിയിലെ ഡയലോഗാണ്.
2019ൽ റിലീസ് ചെയ്ത 'പേട്ട"യാണ് ഏറ്റവും ഒടുവിലായി രജനി ആരാധകരെ ഇളക്കിമറിച്ച മാസ് ചിത്രം. സ്റ്റൈൽ മന്നന്റെ ചിത്രത്തിൽ നിന്നും പ്രേക്ഷകർ ആദ്യം പ്രതീക്ഷിക്കുന്നത് സ്റ്റൈൽ തന്നെയാണ്.കഥയൊക്കെ രജനിയുടെ ആട്ടത്തിനു പിന്നിൽ നിന്നാൽ മതി. ആ ഫോർമുല കൃത്യമായി മനസിലാക്കിയാണ് നെൽസൺ ജയിലറിനെ സൃഷ്ടിച്ചത്. മുന്നു മണിക്കൂറോളം നീളുന്ന സിനിമ ഒരു നിമിഷം പോലും ബോറടിപ്പിക്കുകയുമില്ല. രജനിയുടെ നടപ്പ്, കണ്ണട വയ്പ്പ്... പിന്നെ ആ ചിരി. പടം കൊലമാസ്!
ജോലിയിൽനിന്നു വിരമിച്ച് കുടുംബത്തിനൊപ്പം സ്വസ്ഥജീവിതം നയിക്കുന്ന മുത്തുവേൽ പാണ്ഡ്യൻ. ഭാര്യ, മകൻ, മരുമകൾ, പേരക്കുട്ടി എന്നിവർക്കൊപ്പം ജീവിതം. പേരക്കുട്ടിക്കൊപ്പം ചിന്ന തമാശകൾ. ആദ്യമിനിട്ടുകളിൽ ശാന്തസ്വരൂപനായ രജനികാന്തിനെയാണ് കാണുന്നത്.മകനും പൊലീസ് ഓഫീസറുമായ അർജുൻ ഒരു ക്രിമിനൽ സംഘവുമായി ഉടക്കുകയും അവർ തിരികെ ആക്രമിക്കുകയും ചെയ്യുന്നിടത്താണ് മുത്തുവേൽ പാണ്ഡ്യന്റെ രൂപവും ഭാവവും മാറുന്നത്. ബിഹാറിലെ ബോംബ് നിർമ്മാതാവായ ബാൽസിംഗ് (ജാക്കി ഷ്രോഫ്) പറയുന്ന ഫ്ളാഷ് ബാക്കിലൂടെയാണ് മുത്തുവേൽ പാണ്ഡ്യന്റെ വിശ്വരൂപം തെളിയുന്നത് . തിഹാർ ജയിലിൽ സ്വന്തം നിയമം നടപ്പിലാക്കുന്ന ടൈഗർ.
'നിയമങ്ങൾ ഞാൻ നിശ്ചയിച്ചതാണ്. എന്റെ ഇഷ്ടം പോലെ ഞാൻ അവയെ മാറ്റിക്കൊണ്ടേയിരിക്കും. മടി കൂടാതെ അത് പിന്തുടരുക. നിങ്ങൾ ഒരു കോലാഹലം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ നിങ്ങളെ കഷണങ്ങളാക്കി ഇടിച്ചുകളയും' അതാണ് ഹുക്കും... ടൈഗർ കാ ഹുക്കും."
പഞ്ച് ഡയലോഗ് അധികമൊന്നുമില്ല, പക്ഷേ, ഇതൊന്ന് മതി അടുത്ത വരവ് വരെ ആഘോഷിക്കാൻ. ഫ്ലാഷ് ബാക്കിൽ പഴയ രജനി ചിത്രങ്ങളെ ഓർമ്മവരും. ഡി ഏജിംഗ് ടെക്നോളജി ഉപയോഗിച്ചാണ് രജനിക്ക് സംവിധായകൻ ചെറുപ്പം നൽകിയത്. ആരാധകർക്ക് തൊണ്ടപൊട്ടി ആർത്തുവിളിക്കാൻ അവസരമൊരുക്കുന്ന ക്ലൈമാക്സ്. രജനിക്കൊപ്പം ശിവരാജ് കുമാറും മോഹൻലാലും ചുരുട്ടു കത്തിച്ചുവലിച്ച് എത്തുന്ന സീനുകൾ, വിനായകന്റെ വർമ്മൻ എന്ന വില്ലൻ കഥാപാത്രം. അനിരുദ്ധിന്റെ സംഗീതം. ഹൊ! മരണമാസല്ല, അതുക്കും മേലെ. സൂപ്പർസ്റ്റാർ രജനി എന്നെഴുതി കാണിക്കുന്നത് മുതൽ ക്ലൈമാക്സ് സീൻ വരെ തുടരുന്ന കൈയടികളും വിസിലടികളും മാത്രം മതി, തലൈവരുടെ ജനപ്രീതി അറിയാൻ. മഹേന്ദ്രനും ബാലചന്ദറും സരേഷ് കൃഷ്ണയും മുതൽ ഈ തലമുറയിലെ കാർത്തിക് സുബ്ബരാജ്, നെൽസൻ വരെയുള്ള സംവിധായകർ മാറി മാറിവരുമ്പോഴും രജനികാന്ത് പ്രസരിപ്പോടെ തന്നെ നിൽക്കുന്നു. പ്രതിഫലമാകട്ടെ 100 കോടിക്ക് മുകളിലും. ഇടയ്ക്ക് കൊവിഡ് വന്നു, കരൾ മാറ്റിവയ്ക്കേണ്ടി വന്നു. ദീർഘകാലം ചികിത്സയും കഴിഞ്ഞു. ഈ 72ലും രജനിക്ക് പകരം രജനിമാത്രം. ഇനിയും ഏറെ ആരാധകർ കൊതിക്കുകയും ചെയ്യുന്നു. ജയിലറിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നെൽസൺ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ ചിത്രത്തിന് ശേഷം അഭിനയം നിറുത്തുമെന്ന് കേൾക്കുന്നതൊക്കെ വെറും കിംവദന്തികളായി തള്ളുകയാണ് ആരാധകർ. 'ജയ് ഭീം"സംവിധായകൻ ടി.ജെ ജ്ഞാനവേൽ ചിത്രത്തിൽ രജനി അഭിനയിക്കുന്നുണ്ട്. മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |